നിക്ഷേപകര്‍ക്ക് നഷ്ടങ്ങളുടെ വര്‍ഷാന്ത്യം; തിരുത്തല്‍ പാതയില്‍ ഇന്ത്യന്‍ വിപണി; മസ്‌കിന്റെ എച്ച് വണ്‍ ബി നയം മാറ്റം ഐടിക്ക് ഭീഷണി

സമീപ ഭാവിയെപ്പറ്റി വിപണികളിലെല്ലാം ആശങ്ക

Update:2024-12-31 07:40 IST

സമീപകാല നേട്ടങ്ങൾ നഷ്ടപ്പെടുത്തിയാണ് വർഷാന്ത്യത്തിലേക്കു വിപണികൾ എത്തുന്നത്. സെപ്റ്റംബർ 27 ലെ സർവകാല റെക്കോർഡിൽ നിന്നു സെൻസെക്സ് ഒൻപതും നിഫ്റ്റി പത്തും ശതമാനം നഷ്ടത്തിലാണ്. അമേരിക്കയിൽ ട്രംപിൻ്റെ ജയത്തിനു ശേഷം ഉണ്ടായ നേട്ടങ്ങളെല്ലാം വിപണി നഷ്ടമാക്കി. സമീപ ഭാവിയെപ്പറ്റി വിപണികളിലെല്ലാം ആശങ്കയാണ്. ഇന്ത്യൻ വിപണി ഇന്നും താഴോട്ടുള്ള പ്രയാണം തുടരും എന്നാണു വിലയിരുത്തൽ.

ഇന്ത്യൻ ഐടി സേവന കമ്പനികളെ നിരാശപ്പെടുത്തിക്കൊണ്ട് ഇലോൺ മസ്ക് എച്ച് വൺ ബി വീസ വ്യവസ്ഥകൾ തിരുത്തണം എന്ന് ആവശ്യപ്പെട്ടു. തീവ്രദേശീയവാദികൾക്കു മുൻപിൽ മസ്ക് കീഴടങ്ങി. ഇതു ട്രംപ് ഭരണകൂടത്തിൻ്റെ സമീപനത്തെപ്പറ്റി ഇന്ത്യയിൽ ആശങ്ക വളർത്തും.

അദാനി വിൽമറിൽ നിന്ന് അദാനി ഗ്രൂപ്പ് പിന്മാറുന്നു. സംയുക്ത കമ്പനിയിലെ 44 ശതമാനം ഓഹരി വിൽമറിനും മറ്റുള്ളവർക്കുമായി വിൽക്കുമ്പോൾ അദാനി എൻ്റർപ്രൈസസിന് 200 കോടി ഡോളർ കിട്ടും. ഇതു ഗ്രൂപ്പിൻ്റെ കുറ കടങ്ങൾ വീട്ടാൻ ഉപയോഗിക്കും. ഗ്രൂപ്പ് രാജ്യാന്തര വ്യാപാരം തുടങ്ങിവച്ച ധാന്യ വ്യാപാരമാണ് സഖ്യം വിടുന്നതിലൂടെ അവസാനിപ്പിക്കുന്നത്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,686 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,650 വരെ താഴ്ന്നു. വിപണി ഇന്നു ഗണ്യമായ നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

തിങ്കളാഴ്ചയും യുഎസ് വിപണി താഴ്ന്നു തുടങ്ങി കൂടുതൽ താഴ്ന്ന് അവസാനിച്ചു. ട്രംപിൻ്റെ വിജയത്തെ തുടർന്നു വിപണി ഉണ്ടാക്കിയ നേട്ടമത്രയും നഷ്ടമായി. യുഎസ് ഓഹരികൾക്ക് ഏപ്രിലിനു ശേഷമുള്ള ഏറ്റവും മോശപ്പെട്ട മാസമായി ഡിസംബർ. എൻവിഡിയ ഒഴികെ മാഗ്നിഫിസൻ്റ് സെവൻ ഓഹരികൾ എല്ലാം (ടെസ്‌ല, ആമസോൺ, മൈക്രാേസോഫ്റ്റ്, ആപ്പിൾ, മെറ്റാ, ആൽഫബെറ്റ്) താഴ്ന്നു.

ഡൗ ജോൺസ് സൂചിക തിങ്കളാഴ്ച 418.48 പോയിൻ്റ് (0.97%) ഇടിഞ്ഞ് 42,573.73 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 63.90 പോയിൻ്റ് (1.07%) താഴ്ന്ന് 5906.94 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 235.25 പോയിൻ്റ് (1.19%) നഷ്ടത്തോടെ 19,486.78 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.04 ഉം എസ് ആൻഡ് പി 0.12 ഉം നാസ്ഡാക് 0.16 ഉം ശതമാനം താഴ്ന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില, നിക്ഷേപനേട്ടം 4.53 ശതമാനം കിട്ടുന്ന നിലയിലേക്ക് കയറി.

യൂറോപ്യൻ വിപണികൾ ഇന്നലെ താഴ്ന്നു ക്ലോസ് ചെയ്തു.

ഏഷ്യൻ വിപണികൾ പലതും ഇന്ന് അവധിയാണ്. ഓസ്ട്രേലിയൻ വിപണി 0.75 ശതമാനം താഴ്ന്നു.

ഇന്ത്യൻ വിപണി താഴ്ചയിൽ

തലേ വ്യാപാര ദിവസത്തെ നേട്ടങ്ങൾ മുഴുവൻ നഷ്ടപ്പെടുത്തിയ തിങ്കളാഴ്ച വിപണി സൂചികകൾ പ്രധാന പിന്തുണ നിലകൾക്കു താഴോട്ടു നീങ്ങി. 23,700 എന്ന 200 ദിന എക്സ്പൊണൻഷ്യൽ മൂവിംഗ് ശരാശരിക്കു താഴെയായ നിഫ്റ്റി ഇനി 23,500 ഉം 23,260 ഉം ആണു പിന്തുണകളായി കാണുക.

വാഹന, മെറ്റൽ, ബാങ്ക്, ധനകാര്യ, റിയൽറ്റി, മീഡിയ മേഖലകൾ വലിയ താഴ്ചയിലായി. ഫാർമ, ഹെൽത്ത് കെയർ, ഐടി മേഖലകൾ ഉയർന്നു.

നിഫ്റ്റി 168.50 പോയിൻ്റ് (0.71%) നഷ്ടത്താേടെ 23,644.90 ൽ അവസാനിച്ചു. സെൻസെക്സ് 450.94 പോയിൻ്റ് (0.57%) താഴ്ന്ന് 78,248.13 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 358.55 പോയിൻ്റ് (0.70%) ഇടിവോടെ 50,952.75 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.37 ശതമാനം കയറി 57,189.75 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 1.19 ശതമാനം ഇടിഞ്ഞ് 18,639.95 ൽ ക്ലോസ് ചെയ്തു.

വിദേശ നിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 1893.16 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 2173.86 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1387 ഓഹരികൾ ഉയർന്നപ്പോൾ 2742 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 953 എണ്ണം ഉയർന്നു, താഴ്ന്നത് 1920 എണ്ണം.

നിഫ്റ്റിക്ക് ഇന്ന് 23,600 ലും 23,525 ലും പിന്തുണ കിട്ടാം. 23,840 ഉം 23,915 ഉം തടസങ്ങൾ ആകാം.

കമ്പനികൾ, വാർത്തകൾ

പ്രമേഹ രോഗികൾക്കു വേണ്ട ഹ്യൂമിൻസുലിൻ ഇന്ത്യയിൽ വിൽക്കുന്നതിനുള്ള അവകാശം എലി ലില്ലിയിൽ നിന്ന് ലൂപിൻ ലിമിറ്റഡ് നേടി. ഇതുവരെ ഇതിൻ്റെ വിതരണ - പ്രൊമോഷൻ ചുമതലകൾ മാത്രമാണ് ഉണ്ടായിരുന്നത്.

ഈസി ട്രിപ് പ്ലാനേഴ്സ് പ്രൊമോട്ടർ നിശാന്ത് പിട്ടി തൻ്റെ കൈയിലുള്ള 14.21 ശതമാനം ഓഹരി ബൾക്ക് ഇടപാടുകളിലൂടെ വിൽക്കുന്നു. ഓഹരി ഒന്നിനു 15.6 രൂപ പ്രകാരമാണു വിൽപന.

ശ്രീറാം പ്രോപ്പർട്ടീസ് ചെന്നൈയിലെ 3.9 ഏക്കർ ഭൂമി ഒരു ഹെൽത്ത് കെയർ ഗ്രൂപ്പിനുവിറ്റു.

ഒഡിഷയിലെ മീനാക്ഷി കൽക്കരി ഖനി ആദിത്യ ബിർല ഗ്രൂപ്പിലെ ഹിൻഡാൽകോയ്ക്ക് കേന്ദ്ര കൽക്കരി മന്ത്രാലയം അനുവദിച്ചു. പ്രതിവർഷം 1.2 കോടി ടൺ കൽക്കരി എടുക്കാൻ പറ്റുന്ന ഖനിയാണിത്.

പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) യ്ക്കായി എയർ ഇൻഡിപെൻഡൻ്റ് പ്രൊപ്പൽഷൻ പ്ലഗ് നിർമിക്കാൻ 1990 കോടി രൂപയുടെ കരാർ മസഗാേൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സിനു ലഭിച്ചു.

ഐടിസിയുടെ ഹോട്ടൽ വിഭാഗം പ്രത്യേക കമ്പനിയിക്കുന്നതിന് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിൻ്റെ അനുമതി ലഭിച്ചു. 60 ദിവസത്തിനുള്ളിൽ ഹോട്ടൽ കമ്പനി ലിസ്റ്റ് ചെയ്യണം. ജനുവരി ആറ് ആണ് റെക്കോർഡ് തീയതി.

പി. സൂര്യരാജിനെ ധനലക്ഷ്മി ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കുന്നതിനു റിസർവ് ബാങ്ക് അനുമതി നൽകി.

അദാനി ഗ്രീൻ എനർജി സിഇഒ അമിത് സിംഗ്, ഗ്രൂപ്പിൻ്റെ രാജ്യാന്തര എനർജി ബിസിനസ് മേധാവിയാകാനായി മാർച്ച് 31 നു വിരമിക്കും. പകരം രാജ്യാന്തര എനർജി ബിസിനസ് മേധാവി ആശിഷ് ഖന്ന ഗ്രീൻ എനർജി സിഇഒ ആകും.

പ്രതാപ് സ്നാക്സിൻ്റെ ജമ്മു യൂണിറ്റിലെ അഗ്നിബാധ മൂലം യന്ത്രങ്ങൾക്കും സ്റ്റോക്കിനും നഷ്ടം സംഭവിച്ചു. ഉൽപാദനം കുറച്ചു കാലം മുടങ്ങും.

സ്വർണം താഴാേട്ട്

സ്വർണവില തിങ്കളാഴ്ചയും താഴ്ന്നു. സ്വർണം ഔൺസിന് 13.10 ഡോളർ കുറഞ്ഞ് 2607.60 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2609 ഡോളറിലേക്കു കയറി.

കേരളത്തിൽ തിങ്കളാഴ്ച സ്വർണവില 120 രൂപ വർധിച്ച് പവന് 57,200 രൂപ ആയി.

വെള്ളിവില ഔൺസിന് 28.88 ഡോളറിലേക്ക് താഴ്ന്നു.

രൂപയ്ക്ക് വീണ്ടും താഴ്ച

തിങ്കളാഴ്ച കറൻസി വിപണിയിൽ ഡോളർ അൽപം കയറി. ഡോളർ സൂചിക 108.13 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 108.01 ലേക്കു താണു.

രൂപ തിങ്കളാഴ്ച തുടക്കത്തിൽ കയറിയെങ്കിലും ഒടുവിൽ തലേദിവസത്തെ നിലയിൽ നിന്നു. ഡോളർ 85.48 രൂപ വരെ താഴുകയും 85.59 വരെ കയറുകയും ചെയ്തിട്ടാണ് 85.53 രൂപയിൽ ക്ലാേസ് ചെയ്തത്. രൂപ ഇനിയും ദുർബലമാകും എന്നാണു സൂചന.

ക്രൂഡ് ഓയിൽ അൽപം ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ തിങ്കളാഴ്ച 74.39 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ല്യുടിഐ ഇനം 71.37 ഉം യുഎഇയുടെ മർബൻ ക്രൂഡ് 76.02 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റോകൾ താഴ്ന്നു

,ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ്കോയിൻ 92,400 ഡോളർ വരെ എത്തി. ഈഥർ വില 3350 ഡോളറിലായി.

വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ചയും ഭിന്ന ദിശകളിലായിരുന്നു. ചെമ്പ് 0.87 ശതമാനം ഇടിഞ്ഞ് ടണ്ണിന് 8794.68 ഡോളർ ആയി. അലൂമിനിയം 0.26 ശതമാനം കുറഞ്ഞ് ടണ്ണിന് 2551.00 ഡോളറിൽ എത്തി. ലെഡ് 0.85 ശതമാനം താഴ്ന്നു. നിക്കൽ 1.62 ഉം സിങ്ക് 1.02 ഉം ടിൻ 0.94 ഉം ശതമാനം കയറി.

വിപണി സൂചനകൾ

(2024 ഡിസംബർ 30, തിങ്കൾ)

സെൻസെക്സ് 30 78,248.13 -0.57%

നിഫ്റ്റി50 23,644.90 -0.7%

ബാങ്ക് നിഫ്റ്റി 50,952.75 -0.70%

മിഡ് ക്യാപ് 100 57,189.75 +0.37%

സ്മോൾ ക്യാപ് 100 18,639.95 -0.62%

ഡൗ ജോൺസ് 42,573.73 -0.97%

എസ് ആൻഡ് പി 5906.94 -1.07%

നാസ്ഡാക് 19,486.78 -1.19%

ഡോളർ($) ₹85.53 +₹0.00

ഡോളർ സൂചിക 108.13 +0.13

സ്വർണം (ഔൺസ്) $2607.60 -$13.70

സ്വർണം(പവൻ) ₹57, 200 +₹120.00

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $74.39 +$00.22

Tags:    

Similar News