രാജ്യത്തെ വമ്പന്‍ ഐ.പി.ഒയ്ക്ക് ഒരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്, ലക്ഷ്യം ₹40,000 കോടിയുടെ സമാഹരണം

പ്രീ-ഐ.പി.ഒ പ്ലേസ്‌മെന്റിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

Update:2025-01-02 11:44 IST

ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം (RJio) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (IPO) ഒരുങ്ങുന്നു. രാജ്യം കണ്ട ഏറ്റവും വമ്പന്‍ ഇഷ്യുവായിരിക്കുമിതെന്നാണ് അറിയുന്നത്.  35,000-40,000 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യയുടെ ഐ.പി.ഒയാണ് രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും വമ്പന്‍ ഐ.പി.ഒ.

നിലവിലുള്ള ഓഹരിയുടമകളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (ഒ.എഫ്.എസ്) കൂടാതെ പുതു ഓഹരികളുടെ വില്‍പ്പനയും പ്രീ ഐ.പി.ഒ പ്ലേസ്‌മെന്റുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം രണ്ടാം പാതിയോടെ ഐ.പി.ഒ നടത്താനാണ് റിലയന്‍സ് ഗ്രൂപ്പ് പദ്ധതിയിടുന്നത്. 

പുതുഓഹരികളും ഒ.എഫ്.എസും

 പുതു ഓഹരികളുടെ വലിപ്പമനുസരിച്ചായിരിക്കും പ്രീ-ഐ.പി.ഒ പ്ലേസ്‌മെന്റ് നടക്കുക. ഒ.എഫ്.എസ്, ഫ്രഷ് ഇഷ്യു എത്രവീതമെന്നതാണ് ഇനിയും തീരുമാനിക്കാനിരിക്കുന്നതേയുള്ളു.

ഒ.എഫ്.എസ് ഘടകം ശ്രദ്ധേയമാകാനാണ് സാധ്യത. കാരണം നിലവിലെ പല നിക്ഷേപകര്‍ക്കും ഓഹരിയില്‍ നിന്നുള്ള പൂര്‍ണമായോ ഭാഗികമായോ ഉള്ള പിന്മാറ്റത്തിന് ഇത് അവസരം നല്‍കുന്നു. ജിയോ പ്ലാറ്റ്‌ഫോംസിന് കീഴിലാണ് റിലയന്‍സ് ജിയോ വരുന്നത്. ഇതില്‍ 33 ശതമാനം ഓഹരി പങ്കാളിത്തം വിദേശ നിക്ഷേപകര്‍ക്കാണ്. 2020ല്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, കെ.കെ.ആര്‍, മബാാല, സില്‍വര്‍ലേയ്ക്ക് തുടങ്ങിയ ഫണ്ടുകള്‍ക്ക് ഓഹരി വിറ്റ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1800 കോടി ഡോളറിനടുത്ത് സമാഹരിച്ചിരുന്നു.
നിലവില്‍ റിലയന്‍സ് ജിയോയ്ക്ക് വിവിധ ബ്രോക്കറേജുകള്‍ 100 ബില്യണ്‍ ഡോളറാണ് മൂല്യം കണക്കാക്കുന്നത്. ഇത് 120 ബില്യണ്‍ ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്.

ജിയോ കൂടാതെ ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ ക്യാപിറ്റില്‍, എല്‍.ജി ഇലക്ട്രോണിക്‌സ്, ഇ-കൊമേഴ്‌സ് വമ്പനായ ഫ്‌ളിപ്കാര്‍ട്ട് എന്നിവയും ഈ വര്‍ഷം ഐ.പി.ഒയുമായി രംഗത്തെത്തുന്നുണ്ട്.

Tags:    

Similar News