ന്യൂ ഇയര്‍ പാര്‍ട്ടി കഴിഞ്ഞു! കട്ടച്ചുവപ്പില്‍ ഓഹരി വിപണി, നഷ്ടക്കണക്കില്‍ മുന്നിലെത്തി കേരള കമ്പനികളും

അമേരിക്കന്‍ ഡോളറിന്റെ മുന്നേറ്റത്തിനൊപ്പം വിപണിയില്‍ നിന്ന് ലാഭമെടുപ്പും വര്‍ധിച്ചതാണ് ഇടിവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്

Update:2025-01-03 17:42 IST

image credit : canva , NIFTY , SENSEX

പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ നേടിയ മുന്നേറ്റം കൈവിട്ട് ഇന്ത്യന്‍ ഓഹരി വിപണി. അമേരിക്കന്‍ ഡോളറിന്റെ മുന്നേറ്റത്തിനൊപ്പം വിപണിയില്‍ നിന്ന് ലാഭമെടുപ്പും വര്‍ധിച്ചതാണ് ഇടിവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കൂടാതെ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍, യു.എസ് ഫെഡ് നിരക്കുകളിലെ മാറ്റം, റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക നയങ്ങള്‍ എന്നിവയും വിപണിയെ സ്വാധീനിച്ചു.

മൂന്ന് ദിവസത്തെ നേട്ടത്തിന് ശേഷം നഷ്ടത്തോടെയാണ് ഇന്ന് വിപണിയില്‍ വ്യാപാരം തുടങ്ങിയത്. വ്യാപാരാന്ത്യം സെന്‍സെക്‌സ് 720.60 പോയിന്റുകള്‍ (0.90 ശതമാനം) ഇടിഞ്ഞ് 79,223.11 എന്ന നിലയിലെത്തി. സെന്‍സെക്‌സില്‍ വ്യാപാരത്തിനെത്തിയ മുപ്പതില്‍ 20 ഓഹരികളും നഷ്ടത്തിലായി. 183.90 പോയിന്റുകള്‍ (0.76 ശതമാനം) ഇടിഞ്ഞ നിഫ്റ്റി 24,004.75 പോയിന്റിലാണ് ക്ലോസ് ചെയ്തത്.

ഇടിവിന് കാരണം

ഹെവിവെയ്റ്റ് ഓഹരികളില്‍ നിന്ന് നിക്ഷേപകര്‍ ഇന്ന് കൂട്ടത്തോടെ ലാഭമെടുത്തു. കഴിഞ്ഞ ദിവസങ്ങളിലെ മുന്നേറ്റം മുതലെടുത്താണ് ലാഭമെടുപ്പ് തകൃതിയാക്കിയത്. അടുത്തയാഴ്ച കമ്പനികളുടെ മൂന്നാം പാദ ഫലങ്ങള്‍ വന്നുതുടങ്ങുന്നതും നിക്ഷേപകര്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. യു.എസില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതോടെ വ്യാപാര നയങ്ങളില്‍ മാറ്റമുണ്ടായേക്കുമെന്നും വിപണി ഭയക്കുന്നുണ്ട്. ഇതിനൊപ്പം അമേരിക്കന്‍ ഡോളര്‍ രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലയിലേക്ക് മുന്നേറിയതും വിപണിക്ക് ദോഷമായി. 

 

വിശാല വിപണിയിലേക്ക് വന്നാല്‍ ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ക്യാപിറ്റല്‍ ഗുഡ്, ഐ.ടി, ഫാര്‍മ തുടങ്ങിയ സൂചികകള്‍ ഒരു ശതമാനത്തോളം നഷ്ടത്തിലായി. എന്നാല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ്, മീഡിയ എന്നീ സൂചികകള്‍ ഒരു ശതമാനത്തോളം കയറി. നിഫ്റ്റി സ്മാള്‍ക്യാപ്, മിഡ്ക്യാപ് സൂചികകളും ഇന്ന് നഷ്ടത്തിലായി.
കരുതിയതിലും മികച്ച മൂന്നാം പാദ വിറ്റുവരവിനെ തുടര്‍ന്ന് വമ്പന്‍ നേട്ടത്തിലേക്ക് കുതിച്ച അവന്യൂ സൂപ്പര്‍ മാര്‍ട്ടാണ് ഇന്നത്തെ ലാഭക്കണക്കില്‍ മുന്നില്‍.

 

സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ഡിമാര്‍ട്ടിന്റെ നടത്തിപ്പുകാരാണ് അവന്യൂ സൂപ്പര്‍ മാര്‍ട്ട്.11.10 ശതമാനമാണ് ഇന്ന് കമ്പനിയുടെ ഓഹരി വില കുതിച്ചത്. ക്രൂഡ് ഓയില്‍ വില രണ്ട് മാസത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തിയതോടെ ഓയില്‍ ആന്‍ഡ് നാച്യുറല്‍ ഗ്യാസ് കോര്‍പറേഷന്‍ ഓഹരികളും ഇന്ന് 5.11 ശതമാനം ഉയര്‍ന്നു. ബിസിനസ് വളര്‍ച്ച ഉയര്‍ന്നതിനെ തുടര്‍ന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര ഓഹരികളും ഇന്ന് നേട്ടത്തിലാണ്. ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ബൈ റേറ്റിംഗ് നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സാമ്പത്തിക സ്ഥാപനമായ ആര്‍.ഇ.സി ലിമിറ്റഡ് ഓഹരികളും ഇന്ന് ലാഭത്തിലായി.

 

വളര്‍ച്ചാ നിരക്ക് കുറഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഓഹരി വിലയിടിഞ്ഞ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നില്‍. അഞ്ച് ദിവസത്തെ നേട്ടക്കുതിപ്പിന് വിരാമമിട്ട് കേരള കമ്പനിയായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ഓഹരികളും ഇന്ന് നഷ്ടത്തിലായി. മറ്റൊരു കേരള കമ്പനിയായ അപ്പോളോ ടയേര്‍സും ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലുണ്ട്. ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്, ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് എന്നിവരും ഇന്ന് നഷ്ടത്തിലാണ്.

നിണമണിഞ്ഞ് കേരള കമ്പനികള്‍

മികച്ച വില്‍പ്പന കണക്കുകളെ തുടര്‍ന്ന് പോപ്പുലര്‍ വെഹിക്കിള്‍ ഓഹരികള്‍ ഇന്ന് 1.51 ശതമാനം ഉയര്‍ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇന്നും നേട്ടം തുടര്‍ന്നു. വെര്‍ട്ടെക്‌സ് സെക്യുരിറ്റീസ്, ടോളിന്‍സ് ടയേര്‍സ്, സ്‌കൂബീഡേ ഗാര്‍മെന്റ്‌സ്, സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ നീറ്റ ജെലാറ്റിന്‍ ഇന്ത്യ എന്നീ ഓഹരികളും ഇന്ന് ലാഭത്തിലായി.
കേരള കമ്പനികളുടെ പ്രകടനം

 

അഞ്ച് ശതമാനത്തോളം ഇടിഞ്ഞ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികളാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ ഒന്നാമതെത്തിയത്. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്, മണപ്പുറം ഫിനാന്‍സ്, ധനലക്ഷ്മി ബാങ്ക് തുടങ്ങിയ ഓഹരികളും ഇന്ന് ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Tags:    

Similar News