വിപണി താഴോട്ട്! പുതുവര്‍ഷത്തിലെ നേട്ടത്തിന് ശേഷം സംഭവിച്ചതെന്ത്? എണ്ണ കമ്പനികള്‍ക്ക് നേട്ടം
വ്യാപാരം ഒരു മണിക്കൂര്‍ എത്തുമ്പോള്‍ നിഫ്റ്റി 24,050 നും സെന്‍സെക്‌സ് 79,450 നും അടുത്താണ്
വിപണി താഴ്ന്നു വ്യാപാരമാരംഭിച്ചു. പിന്നീടു കൂടുതല്‍ താഴോട്ടു നീങ്ങി. വ്യാപാരം ഒരു മണിക്കൂര്‍ എത്തുമ്പോള്‍ നിഫ്റ്റി 24,050 നും സെന്‍സെക്‌സ് 79,450 നും അടുത്താണ്. ബാങ്ക് നിഫ്റ്റി അര ശതമാനം താഴ്ന്നു.
പ്രതീക്ഷയിലും മികച്ച മൂന്നാം പാദ വിറ്റുവരവിനെ തുടര്‍ന്ന് ഡി മാര്‍ട്ട് നടത്തിപ്പുകാരായ അവന്യു സൂപ്പര്‍ മാര്‍ട്‌സ് രാവിലെ 14 ശതമാനം കുതിച്ചു. മികച്ച വരുമാന വളര്‍ച്ചയില്‍ വി 2 റീട്ടെയില്‍ അഞ്ചു ശതമാനം ഉയര്‍ന്നു.
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ബിസിനസ് വളര്‍ച്ച ഓഹരിയെ അഞ്ചു ശതമാനം ഉയര്‍ത്തി.
മൂന്നാം പാദ ബിസിനസ് മികച്ച വളര്‍ച്ച കുറിച്ചത് എം.ഒ.ഐ.എല്‍ ഓഹരിയെ നാലു ശതമാനം കയറ്റി.
ന്യൂമോണിയ ചികിത്സയില്‍ ഉപയോഗിക്കുന്ന പുതിയ ഔഷധത്തിന് അംഗീകാരം കിട്ടിയതിനെ തുടര്‍ന്നു വൊക്കാര്‍ട്ട് ഓഹരി പത്തു ശതമാനം നേട്ടം ഉണ്ടാക്കി.
ടൂ വീലര്‍ വില്‍പനയില്‍ വലിയ ഇടിവു സംഭവിച്ചതിനെ തുടര്‍ന്ന് ഹീറോ മോട്ടോ കോര്‍പ് ഓഹരി രണ്ടര ശതമാനം താഴ്ന്നു.
ക്രൂഡ് ഓയില്‍ വില കയറുന്നത് ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ എന്നിവയെ മൂന്നു ശതമാനത്തോളം കയറ്റി.
രൂപ ഇന്നു തുടക്കത്തില്‍ താഴ്ന്നു. ഡോളര്‍ മൂന്നു പൈസ കയറി 85.78 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2663 ഡോളറില്‍ എത്തി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 640 രൂപ കൂടി 58,080 രൂപയായി.
ക്രൂഡ് ഓയില്‍ അല്‍പം താഴ്ന്നു. ബ്രെന്റ് ഇനം 76.17 ഡോളര്‍ ആയി.