റിലയന്‍സ് ജിയോയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങി മിഡില്‍ ഈസ്റ്റ് കമ്പനികള്‍

Update: 2020-06-03 11:06 GMT

വമ്പന്‍ നിക്ഷേപകരുടെ 'ആപ്പിള്‍ ഓഫ് ഐ' ആയി മാറിയ റിലയന്‍സ് ജിയോയില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ മൂന്ന് സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ നിക്ഷേപം നടത്താനുള്ള വിപുലമായ ചര്‍ച്ചകളിലാണെന്ന് റിപ്പോര്‍ട്ട്. ജിയോയില്‍ അടുത്തിടെ നിക്ഷേപം നടത്തിയ വന്‍കിട കമ്പനികളുടെ പട്ടികയിലേയ്ക്ക് മിഡില്‍ ഈസ്റ്റ് കമ്പനികളും കൂടിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡിലേക്ക് ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള കരാര്‍ സംബന്ധിച്ച് ചര്‍ച്ചയിലാണ് അബുദാബിയിലെ മുബഡാല ഇന്‍വെസ്റ്റ്മെന്റ് കമ്പനി എന്നാണ് റിപ്പോര്‍ട്ട്.

ഈ ആഴ്ചയില്‍ തന്നെ ഔദ്യോഗികപ്രഖ്യാപനം ഉണ്ടായേക്കാമെന്നാണ് വിവരം. ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുമായും സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് ജിയോ പ്ലാറ്റ്ഫോംസ് കഴിഞ്ഞ ആഴ്ചകളില്‍ സമാഹരിച്ച 10 ബില്യണ്‍ ഡോളറിലേക്ക് കൂട്ടിച്ചേര്‍ക്കും. ജിയോയുടെ ഇന്ത്യയിലെ വന്‍ ഉപഭോക്തൃ വിപണിയിലേക്കുള്ള പ്രവേശനത്തെക്കുറിച്ചും ചില്ലറ വില്‍പ്പന മുതല്‍ വിദ്യാഭ്യാസം, പേയ്മെന്റുകള്‍ വരെ കംപ്ലീറ്റ് ഡിജിറ്റല്‍ മോഡലിലേക്ക് മാറ്റാന്‍ ജിയോയ്ക്ക് കഴിയും എന്നതിന്റെ തെളിവാണ് ഫേസ്ബുക്ക് ഇന്‍കോര്‍പ്പറേഷന്‍ മുതല്‍ കെകെആര്‍ വരെയുള്ള വമ്പന്‍ കമ്പനികള്‍ ജിയോയെ ചേര്‍ത്തു പിടിച്ചത്.

മാത്രമല്ല സ്വകാര്യ ഇക്വിറ്റി ഭീമന്മാരും ടെക് കിങ്ങുകളും നടത്തുന്ന നിക്ഷേപത്തിലൂടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ കട രഹിത കമ്പനിയാക്കുകയാണ് അംബാനിയുടെ പ്രഖ്യാപിത ലക്ഷ്യമെന്നതും വ്യക്തമാണ്. എഡിഐഎയുടെ നിക്ഷേപം നടത്താനുള്ള താല്‍പ്പര്യവും് ഇക്കണോമിക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ നിക്ഷേപ വിവരങ്ങളും ഉടന്‍ പുറത്തുവരുമെന്നതാണ് കരുതുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News