മുത്തൂറ്റ് ഫിനാന്‍സ് ഒന്നാം പാദ ലാഭം 59 % ഉയര്‍ന്ന് 841 കോടി രൂപ

Update: 2020-08-19 11:12 GMT

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയ ലാഭം  841 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 530 കോടി രൂപയായിരുന്നു അറ്റാദായം. വര്‍ധന 59 ശതമാനം.

കോവിഡ് -19 മഹാമാരി  പൊട്ടിപ്പുറപ്പെട്ടതു മൂലം നേരിടേണ്ടിവന്ന പരിമിതികളും നിയന്ത്രണങ്ങളും കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും സാമ്പത്തിക നിലയിലും കാര്യമായ സ്വാധീനം ചെലുത്തിയില്ലെന്നു വ്യക്തമാക്കുന്നു മികച്ച സാമ്പത്തിക ഫലം. പാദവര്‍ഷ ഫലം പുറത്തുവന്നശേഷം ബിഎസ്ഇയില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില 2.6 ശതമാനം ഉയര്‍ന്ന് 1,270 രൂപയായി.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം ജൂണ്‍ പാദത്തില്‍ 28 ശതമാനം ഉയര്‍ന്ന് 2,385 കോടിയായി. 2019 ലെ സമാന കാലയളവില്‍ ഇത് 1,857 കോടി രൂപയായിരുന്നു. ഡയറക്ടര്‍ ബോര്‍ഡിന്റെ വായ്പയെടുക്കല്‍ അധികാരം 75,000 കോടി രൂപയായി ഉയര്‍ത്താന്‍ ഓഹരി  ഉടമകളുടെ അനുമതി തേടാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു.

വായ്പകള്‍ക്ക് ആര്‍ബിഐ പ്രഖ്യാപിച്ച ആനുകൂല്യ പാക്കേജിന് അനുസൃതമായി കമ്പനി മൊറട്ടോറിയം വാഗ്ദാനം ചെയ്തിരുന്നുവെന്ന് റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു. മാര്‍ച്ച് 1 മുതല്‍ ഓഗസ്റ്റ് 31 വരെ വായ്പാ തവണകള്‍ തിരിച്ചടയ്ക്കുന്നതിന് ഇതു ബാധകമാക്കി. മൊറട്ടോറിയം വാഗ്ദാനം ചെയ്ത എല്ലാ അക്കൗണ്ടുകളുടെയും ആസ്തി വര്‍ഗ്ഗീകരണം ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മേല്‍പ്പറഞ്ഞ കാലയളവില്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News