പുതിയ ബജറ്റ്: നിക്ഷേപകര്‍ എന്തൊക്കെ ശ്രദ്ധിക്കണം?
ബജറ്റില്‍ ഊന്നല്‍ നല്‍കാന്‍ സാധ്യതയുള്ള മേഖലകള്‍ ഏതൊക്കെയെന്ന് നോക്കാം
ജൂലൈ 23ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ ഏഴാമത്തെ പൊതു ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിലെ ഇടക്കാല ബജറ്റില്‍ നിന്ന് ഈ സമ്പൂര്‍ണ ബജറ്റില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താന്‍ ഇടയില്ല. എങ്കിലും മാറിയ രാഷ്ട്രീയ, ധനകാര്യ സാഹചര്യങ്ങളില്‍ ചില ഊന്നലുകളും മുന്‍ഗണനകളും മാറാം.
ബിജെപിക്ക് സ്വന്തമായി ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ഘടകകക്ഷികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങേണ്ട രാഷ്ട്രീയ സാഹചര്യം വന്നു. തെലുങ്കുദേശം പാര്‍ട്ടിക്ക് അമരാവതിയില്‍ പുതിയ തലസ്ഥാന നഗരം പണിയുന്നതിനും പോളവാരം ജലസേചന പദ്ധതി വേഗം പൂര്‍ത്തിയാക്കാനും ധനസഹായം വേണം. ബിഹാറിലെ നിതീഷ് കുമാറിന് പ്രത്യേക ബിഹാര്‍ പാക്കേജും വേണം. ഈവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ കാര്യമായ പദ്ധതികള്‍ പ്രഖ്യാപിക്കേണ്ടതുമുണ്ട്.
ധാരണ മാറ്റണം, വോട്ട് കിട്ടണം
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ബജറ്റ് സമീപനത്തിലും ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. നാഗരിക സമ്പന്നര്‍ക്കു വേണ്ടിയല്ല, ഗ്രാമീണര്‍ക്കും യുവാക്കള്‍ക്കും ഇടത്തരക്കാര്‍ക്കും വേണ്ടിയാണ് സര്‍ക്കാര്‍ എന്ന ധാരണ ജനിപ്പിക്കാന്‍ തക്ക പലതും ബജറ്റില്‍ ഉണ്ടാകും.
ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ കുറച്ചൊന്നുമല്ല. ശമ്പള വരുമാനക്കാരുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കും, ഭവനവായ്പകള്‍ക്ക് കൂടുതല്‍ നികുതിയിളവ്, ആദായ നികുതിയുടെ താഴ്ന്ന സ്ലാബില്‍ പുനര്‍ക്രമീകരണം, പുതിയ നികുതി സമ്പ്രദായത്തെ കൂടുതല്‍ സ്വീകാര്യമാക്കാന്‍ മാറ്റങ്ങള്‍ എന്നിവയൊക്കെ പരക്കെ യുള്ള പ്രതീക്ഷകളാണ്.
കൂടുതല്‍ പാചകവാതക സബ്സിഡി പ്രഖ്യാപിക്കുമെന്നും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയോ ചികിത്സാസഹായ പദ്ധതിയോ പ്രഖ്യാപിക്കുമെന്നും പലരും കരുതുന്നു. ഗ്രാമീണവികസനത്തിന് കൂടുതല്‍ തുക അനുവദിക്കുമെന്നും പ്രതീക്ഷയുണ്ട്. ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സ് പദ്ധതി 70 കഴിഞ്ഞവര്‍ക്ക് സൗജന്യമാക്കുകയും ആനുകൂല്യം ഇരട്ടിപ്പിക്കുകയും ചെയ്യും എന്നും ചിലര്‍ കരുതുന്നു. ജനപിന്തുണ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തും എന്ന കണക്കുകൂട്ടലാണ് ഇത്തരം പ്രതീക്ഷകളില്‍ നിഴലിക്കുന്നത്. ഇവയെല്ലാം
അസ്ഥാനത്താണ് എന്നു പറയുന്നില്ല. ചില പ്രതീക്ഷകള്‍ ഫലിക്കാം. പൊതുവെ ജനങ്ങളുടെ ഉപഭോഗം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നവയാണ് മുകളില്‍ പറഞ്ഞ പ്രതീക്ഷകള്‍. അതുപോലെ നടന്നാല്‍ എഫ്എംസിജി, ഹെല്‍ത്ത് കെയര്‍, ഹോട്ടല്‍, ടൂ വീലര്‍ കമ്പനികള്‍ക്ക് നേട്ടം ഉണ്ടാകും.
കമ്മി കുറയ്ക്കലിന് മുന്‍ഗണന
പ്രതീക്ഷകള്‍ എന്തായാലും ഒന്നു തീര്‍ച്ചയാണ്. കമ്മി കുറച്ചുകൊണ്ടു മാത്രമെ സര്‍ക്കാര്‍ മുന്നോട്ടു നീങ്ങൂ. അതിനാല്‍ അമിതമായ ജനപ്രിയ പദ്ധതികളോ പ്രീണന പരിപാടികളോ ബജറ്റില്‍ പ്രതീക്ഷിക്കുന്നത് അസ്ഥാനത്താകും.
ബജറ്റിലെ ഊന്നല്‍ കോവിഡ് കാലത്തു നഷ്ടപ്പെട്ടുപോയ ധനകാര്യ നിയന്ത്രണം തിരിച്ചുകൊണ്ടുവരിക എന്നതു തന്നെയാകും. റിസര്‍വ് ബാങ്കില്‍ നിന്നു ലഭിച്ച വലിയ ലാഭ വിഹിതം പോലും കമ്മി കുറയ്ക്കലിനു നീക്കിവെച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. 2024-25 ലേക്കുള്ള ഇടക്കാല ബജറ്റില്‍ ജിഡിപിയുടെ 5.1 ശതമാനം ധനക്കമ്മി ആണ് നിര്‍മല സീതാരാമന്‍ ലക്ഷ്യമിട്ടത്. ഇത് 16.85 ലക്ഷം കോടി രൂപ വരും.
ഇതില്‍ 11.75 ലക്ഷം കോടി രൂപ കടപ്പത്രമിറക്കി നേടണം. ധനക്കമ്മി അഞ്ചു ശതമാനത്തില്‍ താഴെയാക്കാന്‍ മന്ത്രി തുനിയുമോ എന്നാണ് എല്ലാവരും നോക്കുന്നത്.
കമ്മി താഴ്ത്തി നിശ്ചയിച്ചാല്‍ പല നേട്ടങ്ങള്‍ ഉണ്ട്.
ഒന്ന്: രാജ്യാന്തര റേറ്റിംഗ് ഏജന്‍സികള്‍ അനുകൂലമായി പ്രതികരിക്കും. അതുവഴി വിദേശ വായ്പകള്‍ക്കു പലിശ കുറയും.
രണ്ട്: ആഭ്യന്തര കടമെടുപ്പ് കുറയും. അത് ആഭ്യന്തര പലിശ നിരക്കുകള്‍ കുറയാന്‍ സഹായിക്കും.
മൂന്ന്: സര്‍ക്കാരിന്റെ കടമെടുപ്പ് കുറയുമ്പോള്‍
സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ വായ്പ എടുക്കാനാകും. സ്വകാര്യ മൂലധന നിക്ഷേപം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് അതു സഹായമാകും.
അടിസ്ഥാന സൗകര്യ വികസനം പ്രധാനം
നരേന്ദ്ര മോദി സര്‍ക്കാര്‍ പത്ത് വര്‍ഷം എന്തിനായിരുന്നു ഊന്നല്‍ നല്‍കിയത് എന്നുനോക്കിയാല്‍ അടിസ്ഥാന സൗകര്യ വികസനം എന്ന ഉത്തരമാണ് ലഭിക്കുക. കുറഞ്ഞ കാലംകൊണ്ട് വലിയ വളര്‍ച്ച നേടിയ രാജ്യങ്ങളെല്ലാം അടിസ്ഥാന സൗകര്യ വികസനത്തിനാണ് തുടക്കത്തില്‍ മുന്‍ഗണന നല്‍കിയത്. സര്‍ക്കാര്‍ പണം ഉപയോഗിച്ച് നല്ല പാതകളും റെയില്‍വേയും തുറമുഖങ്ങളും ഉണ്ടാക്കുമ്പോള്‍ സ്വകാര്യ മൂലധനം കൂടുതല്‍ ഫാക്ടറികള്‍ ആരംഭിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കും. അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കുന്നതും ഫാക്ടറികള്‍ തുടങ്ങുന്നതും തൊഴില്‍ കൂട്ടും.
ഈ വികസന തന്ത്രം ആഗ്രഹിച്ചതു പോലെ വിജയിച്ചില്ല. റോഡ്-റെയില്‍ നിര്‍മാണം കൂടുതല്‍ യന്ത്രവല്‍കൃതമായതിനാല്‍ തൊഴില്‍ വര്‍ധന ഉദ്ദേശിച്ചതുപോലെ സംഭവിച്ചില്ല. സ്വകാര്യ മേഖല മൂലധന നിക്ഷേപം നടത്താത്തതിനാല്‍ കൂടുതല്‍ ഫാക്ടറികള്‍ കൂടുതല്‍ തൊഴില്‍ ഉണ്ടാക്കുമെന്ന മോഹവും നടന്നില്ല. ഫലം? തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നു. ഉല്‍പ്പാദന മേഖല വളര്‍ന്നുമില്ല. മേക്ക് ഇന്‍ ഇന്ത്യയും അതിന്റെ വകഭേദങ്ങളും അവതരിപ്പിച്ചിട്ടും സ്വകാര്യ മൂലധന നിക്ഷേപം മെച്ചപ്പെട്ടില്ല. ഇത്തവണയും ഈ സമീപനത്തില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല. അടിസ്ഥാനസൗകര്യ വികസനത്തിനു ഗണ്യമായ തുക നീക്കിവെയ്ക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനികള്‍ക്ക് ബജറ്റ് നേട്ടമാകും. എല്‍ആന്‍ഡ്ടി, എച്ച്ജി ഇന്‍ഫ്ര, അശോക ബില്‍ഡ്‌കോണ്‍, ഐടിഡി സിമന്റേഷന്‍, ഐഎസ്‌സി പ്രോജക്റ്റ്‌സ്, എന്‍സിസി, ഐആര്‍ബി ഇന്‍ഫ്രാ തുടങ്ങിയവയും റെയില്‍വേ നിര്‍മാണ കമ്പനികളും ആണ് ഈ ഊന്നലിന്റെ പ്രയോജനം ലഭിക്കുന്ന കമ്പനികള്‍.
പാര്‍പ്പിട മേഖലയ്ക്ക് പ്രോത്സാഹനം
പാര്‍പ്പിട നിര്‍മാണ മേഖലയ്ക്ക് ബജറ്റ് വലിയ മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) വിപുലീകരിക്കും, നഗരങ്ങളിലെ ഇടത്തരക്കാര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും വേണ്ടി പുതിയ സ്‌കീം പ്രഖ്യാപിക്കും. ഭവന വായ്പയ്ക്ക് നികുതി ഇളവ് വര്‍ധിപ്പിക്കും എന്നൊക്കെയാണ് പ്രതീക്ഷകള്‍. ഇതില്‍ നല്ല പങ്ക് പ്രതീക്ഷകളും നടപ്പായെന്നു വരും. ഭവനവായ്പാ സ്ഥാപനങ്ങള്‍ മുതല്‍ റിയല്‍ എസ്റ്റേറ്റുകാരും സിമന്റ്, പെയിന്റ്, സ്റ്റീല്‍, സാനിട്ടറി, ഇലക്ട്രിക്കല്‍ കേബിള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയുടെ കമ്പനികളും ഇതില്‍ നേട്ടമുണ്ടാക്കും.
പ്രതിരോധം പ്രധാനം
പ്രതിരോധ മേഖലയിലെ പല കമ്പനികളും സമീപകാലത്ത് വര്‍ധിച്ച ഓര്‍ഡറുകളുടെ ബലത്തില്‍ മള്‍ട്ടി ബാഗര്‍മാരായി മാറി. ഓഹരിവില പത്ത് മടങ്ങായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് തന്നെ ഉദാഹരണം. പ്രതിരോധ മേഖലയില്‍ ആയുധങ്ങളും ഉപകരണങ്ങളും സംവിധാനങ്ങളും വര്‍ധിപ്പിക്കുന്നതിന് മുന്‍പെന്നത്തേക്കാളും ആവശ്യവും പ്രാധാന്യവും ആണ് വരുംകാലങ്ങളില്‍ ഉണ്ടാകുക. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് പ്രസിഡന്റാകാനുള്ള സാധ്യത വര്‍ധിച്ചത് പ്രതിരോധ സന്നദ്ധത കൂട്ടാന്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളെ നിര്‍ബന്ധിതരാക്കും. ശീതയുദ്ധാനന്തര ലോകത്തില്‍ ഉണ്ടായിരുന്ന സുരക്ഷാ ബോധം നഷ്ടമാക്കുന്നതാണ് പുതിയ സാഹചര്യം. സഖ്യരാജ്യങ്ങളിലായാലും മിത്ര രാജ്യങ്ങളിലായാലും ഇടപെടുന്ന രീതി ട്രംപ് ഭരണകൂടത്തിന് ഉണ്ടാവില്ല. ചൈനയും പാക്കിസ്ഥാനും ഉയര്‍ത്തുന്ന ഭീഷണികള്‍ പ്രതിരോധിക്കാന്‍ ഇന്ത്യ തനിയേ സജ്ജമാകേണ്ടതുണ്ട്. ഇതിനര്‍ത്ഥം ഇന്ത്യ കൂടുതല്‍ തുക പ്രതിരോധ സമാഹരണത്തിന് മുടക്കണം എന്നതാണ്. അതു സ്വാഭാവികമായും പ്രതിരോധ മേഖലയിലെ കമ്പനികളുടെ ബിസിനസ് വര്‍ധിപ്പിക്കും.