സൗത്ത് ഇന്ത്യന്‍ ബാങ്കിനെ ഇനി ശേഷാദ്രി നയിക്കും; മുന്‍ഗാമിയുടെ നേട്ടം തുടരാനാകുമോ?
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളില്‍ വന്‍ കുതിപ്പ്
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ (South Indian Bank/SIB) മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി (MD and CEO) പി.ആര്‍. ശേഷാദ്രിയെ (P R Seshadri) നിയമിക്കാന്‍ ബാങ്കിന്റെ സെര്‍ച്ച് കമ്മിറ്റി നല്‍കിയ ശുപാര്‍ശ റിസര്‍വ് ബാങ്ക് അംഗീകരിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡും ഓഹരി ഉടമകളുടെ പൊതുയോഗവും വൈകാതെ ചേര്‍ന്ന് ശേഷാദ്രിയുടെ നിയമനം അംഗീകരിക്കും.
നിലവിലെ എം.ഡിയും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണന്റെ പകരക്കാരനായാണ് ശേഷാദ്രി എത്തുന്നത്. മുരളിയുടെ മൂന്ന് വര്‍ഷക്കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. തുടര്‍ നിയമനം വേണ്ടെന്ന് അദ്ദേഹം അഭ്യർഥിച്ചിരുന്നു.
പരിചയ സമ്പത്തുമായി പി.ആര്‍. ശേഷാദ്രി
ബാങ്കിംഗ് രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുമായാണ് പി.ആര്‍. ശേഷാദ്രി സൗത്ത് ഇന്ത്യന്‍ ബാങ്കിലെത്തുന്നത്.
കരൂര്‍ വൈശ്യ ബാങ്കിന്റെ (KVB) മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ., സിറ്റി ബാങ്കിന്റെ ഏഷ്യ-പസഫിക്, സിംഗപ്പൂര്‍ മേഖലയിൽ വിവിധ വിഭാഗങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍, സിറ്റി ഫിനാന്‍ഷ്യല്‍ കണ്‍സ്യൂമര്‍ ഫിനാന്‍സ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ തുടങ്ങി നിരവധി ഉന്നത പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
നിലവില്‍ നിരവധി കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും പ്രവര്‍ത്തന വിഭാഗം പ്രവര്‍ത്തിക്കുകയാണ് ശേഷാദ്രിയെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉപദേശകനുമായി
ഡല്‍ഹി കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം, ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (IIM, Bangalore) നിന്ന് മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ എന്നിവ സ്വന്തമാക്കിയ ശേഷമാണ് ശേഷാദ്രി ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
മുന്നിലുള്ളത് വന്‍ വെല്ലുവിളികള്‍
നിലവിലെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണന്‍ വെട്ടിത്തെളിച്ച സുസ്ഥിര വികസനപാതയിലൂടെ സൗത്ത് ഇന്ത്യന്‍ ബാങ്കിനെ കൂടുതല്‍ കരുത്തോടെ മുന്നോട്ട് നയിക്കുകയെന്ന ദൗത്യമാണ് ശേഷാദ്രിക്ക് മുന്നിലുള്ളത്.
ഉയര്‍ന്ന കിട്ടാക്കടം, കുറഞ്ഞ ലാഭക്ഷമത എന്നിങ്ങനെ നിരവധി പ്രതിസന്ധികളില്‍ പെട്ട് പതറിനിന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിനെ വേറിട്ട വഴികളിലൂടെ വെറും രണ്ടരവര്‍ഷം കൊണ്ട് മികവിന്റെ പാതയിലേക്ക് ഉയര്‍ത്തിയെന്ന നേട്ടവുമായാണ് മുരളി രാമകൃഷ്ണന്‍ പടിയിറങ്ങുന്നത്.
2020 ഒക്ടോബര്‍ ഒന്നിനാണ് മുരളി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എം.ഡി ആന്‍ഡ് സി.ഇ.ഒ കുപ്പായമണിഞ്ഞത്. മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) 8 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 5 ശതമാനത്തിന് മുകളില്‍ നിന്ന് 1.8 ശതമാനത്തിലേക്കും കുറയ്ക്കാന്‍ മുരളിക്ക് കഴിഞ്ഞു.
2022-23ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് കുറിച്ചിട്ടത് 775 കോടി രൂപയുടെ റെക്കോഡ് ലാഭമാണ്. നടപ്പുവര്‍ഷം ജൂണ്‍പാദത്തില്‍ ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 75.42 ശതമാനം ഉയര്‍ന്ന് 202.35 കോടി രൂപയിലുമെത്തി.
മുരളി ചുമതലയേല്‍ക്കുമ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വില ശരാശരി 6 രൂപയായിരുന്നു. ഇപ്പോഴത് 23 രൂപ കടന്നിരിക്കുന്നു. ഓഹരി നിക്ഷേപകര്‍ക്ക് അദ്ദേഹത്തിന്റെ കാലയളവില്‍ ലഭിച്ച നേട്ടം (Return) മൂന്നിരട്ടിയോളം.
മുരളി രാമകൃഷ്ണന്‍ നടപ്പാക്കിയ 'ന്യൂ ബുക്ക്' തന്ത്രമാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിനെ നേട്ടത്തിലേറ്റിയത്. വായ്പ, നിക്ഷേപം തുടങ്ങി പ്രവര്‍ത്തന വിഭാഗങ്ങളെ വിവിധ 'വെര്‍ട്ടിക്കലുകള്‍' ആയി തരംതിരിച്ച് നടപ്പാക്കിയ പ്രവര്‍ത്തനങ്ങളും ബാങ്കിന് ഗുണം ചെയ്തു. ഇതേ നേട്ടങ്ങള്‍ കൂടുതല്‍ മികവോടെ തുടരാന്‍ ശേഷാദ്രിക്ക് കഴിയുമോ എന്നും എന്തൊക്കെ തന്ത്രങ്ങളാകും അദ്ദേഹം മുന്നോട്ടുവയ്ക്കുക എന്നുമാണ് ഏവരും ഉറ്റുനോക്കുന്നത്.
വിഷന്‍ 2025
മുരളി രാമകൃഷ്ണന്‍ മുന്നോട്ടുവച്ച 'വിഷന്‍2025' വിജയിപ്പിക്കുക എന്ന ദൗത്യവും ശേഷാദ്രിക്ക് മുന്നിലുണ്ട്. നിലവില്‍ ബാങ്കിന്റെ മൊത്തം വായ്പ 74,000 കോടി രൂപയോളമാണ്. ഇത് 2025ഓടെ ഒരുലക്ഷം കോടി രൂപയാക്കുകയാണ് മുഖ്യലക്ഷ്യം.
കാസ അനുപാതം 35 ശതമാനത്തിലേക്കും അറ്റ പലിശ മാര്‍ജിന്‍ (NIM) നിലവിലെ 3.34 ശതമാനത്തില്‍ നിന്ന് 3.5 ശതമാനത്തിലേക്കും ഉയര്‍ത്തുകയെന്ന ലക്ഷ്യവുമുണ്ട്.
ഓഹരികളില്‍ മുന്നേറ്റം
സൗത്ത് ഇന്ത്യന്‍ ബാങ്കിന് പുതിയ സാരഥി എത്തുന്നെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഓഹരി ഇന്ന് കുതിപ്പിലാണ്.
എന്‍.എസ്.ഇയില്‍ 22.45 രൂപയില്‍ ഇന്ന് വ്യാപാരം തുടങ്ങിയ ഓഹരി ഒരുവേള 23.45 രൂപവരെ എത്തി. ഇപ്പോള്‍ ഓഹരിയുള്ളത് 9.24 ശതമാനം കുതിച്ച് 23.05 രൂപയിലാണ്.