ഫ്ലാറ്റായി ക്ലോസ് ചെയ്ത് വിപണി, ഫാക്ട്, കൊച്ചിന്‍ മിനറല്‍സ്, സ്കൂബി ഡേ ഓഹരികള്‍ക്ക് മുന്നേറ്റം, വണ്ടര്‍ലാ നഷ്ടത്തില്‍

വിശാല വിപണിയില്‍ ഭൂരിഭാഗം സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്

Update:2024-12-24 18:02 IST
വിപണി വലിയ ചാഞ്ചാട്ടത്തിനാണ് ചൊവ്വാഴ്ച സാക്ഷ്യം വഹിച്ചത്. ക്രിസ്മസ് ഉത്സവ സീസണിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രതയോടെയുളള സമീപനം സ്വീകരിച്ചത് വിപണി നേരിയ നഷ്ടത്തില്‍ അവസാനിക്കാന്‍ കാരണമായി. ബെഞ്ച്മാർക്ക് സൂചികകള്‍ ഉച്ചയോടെ ആദ്യ പകുതിയിലെ നേട്ടങ്ങളെല്ലാം ഉപേക്ഷിച്ചു.
മെറ്റല്‍, പി.എസ്.യു ബാങ്ക് ഓഹരികള്‍ ഇടിഞ്ഞതും വിപണിയെ ബാധിച്ചു. നിക്ഷേപകർ ജാഗ്രത പാലിച്ചതിനാല്‍ ട്രേഡിംഗ് അളവ് കുറഞ്ഞതും വിപണിയെ സമ്മര്‍ദത്തിലാക്കി. രണ്ടാം പകുതിയില്‍ നിക്ഷേപകര്‍ ലാഭം ബുക്കിംഗില്‍ ഏര്‍പ്പെട്ടത് എല്ലാ ഇൻട്രാഡേ നേട്ടങ്ങളും ഇല്ലാതാക്കി. ഓട്ടോ, ഓയിൽ & ഗ്യാസ്, എഫ്എംസിജി മേഖലകളില്‍ വലിയ വാങ്ങലുകളാണ് നടന്നത്.
സെൻസെക്സ് 0.09 ശതമാനം ഇടിഞ്ഞ് 78,472.87 ലും നിഫ്റ്റി 0.11 ശതമാനം ഇടിഞ്ഞ് 23,727.65 ലും ക്ലോസ് ചെയ്തു. സെന്‍സെക്സ് 67.30 പോയിന്റും നിഫ്റ്റി 25.80 പോയിന്റും നഷ്ടം രേഖപ്പെടുത്തി.
വിശാല വിപണിയില്‍ ഇന്ന് ഭൂരിഭാഗം സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി സ്മാള്‍ക്യാപ് 0.24 ശതമാനത്തിന്റെ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ മിഡ്ക്യാപ് 0.06 ശതമാനത്തിന്റെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിവിധ സൂചികകളുടെ പ്രകടനം

 

0.83 ശതമാനത്തിന്റെ ഇടിവുമായി നിഫ്റ്റി മെറ്റല്‍ നഷ്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു. പി.എസ്.യു ബാങ്ക് 0.56 ശതമാനത്തിന്റെ നഷ്ടം രേഖപ്പെടുത്തി.
നിഫ്റ്റി ഓട്ടോ 0.57 ശതമാനത്തിന്റെയും എഫ്.എം.സി.ജി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 0.54 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.

നേട്ടത്തിലായവരും നഷ്ടത്തിലായവരും

മാനേജ്‌മെൻ്റിൻ്റെ ഉറച്ച വളർച്ചാ വീക്ഷണത്തിൽ നിക്ഷേപകർ ആത്മവിശ്വാസം പ്രകടിപ്പിച്ചത് ഇൻ്ററാർക്ക് ബില്‍ഡിംഗ് പ്രോഡക്ട്സ് ഓഹരി 10 ശതമാനത്തിലധികം ഉയരാന്‍ കാരണമായി. 2025 സാമ്പത്തിക വർഷത്തിൽ ഉത്തരേന്ത്യയിൽ 50 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് മാനേജ്‌മെൻ്റ് വ്യക്തമാക്കുന്നത്. ഈ വളർച്ചയുടെ ഭൂരിഭാഗവും ഉത്തർപ്രദേശിൽ നിന്നായിരിക്കുമെന്നും കമ്പനി പറയുന്നു. ഓഹരി 1,863 രൂപയിലാണ് ക്ലോസ് ചെയ്തത്.
നേട്ടത്തിലായവര്‍

 

ഇലക്‌ട്രോണിക്‌സ് ഡിവിഷൻ വേർപെടുത്താൻ ശ്രമിക്കുന്നതായുളള റിപ്പോർട്ടുകളെ തുടര്‍ന്ന് ആംബർ എൻ്റർപ്രൈസസ് ഓഹരി 5 ശതമാനത്തിലധികം ഉയർന്നു. വിഭജനം പൂർത്തിയായ ശേഷം ആംബർ എൻ്റർപ്രൈസസ് ഇലക്‌ട്രോണിക്‌സ് ഡിവിഷൻ്റെ ഐപിഒ പുറത്തിറക്കിയേക്കുമെന്നാണ് കരുതുന്നത്. 2024 സാമ്പത്തിക വർഷത്തിൽ ആംബർ എൻ്റർപ്രൈസസിൻ്റെ മൊത്തം വരുമാനത്തിൻ്റെ 20 ശതമാനം ഇലക്ട്രോണിക്സ് ഡിവിഷനാണ് സംഭാവന ചെയ്തത്. ഓഹരി 7,270 രൂപയിലാണ് ക്ലോസ് ചെയ്തത്.
സ്റ്റെയ്‌നർ എ.ജി യിലെ ഓഹരികൾ വിറ്റഴിച്ചതായി ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി അറിയിച്ചതിനെ തുടര്‍ന്ന് ഓഹരി 4 ശതമാനത്തിലധികം ഇടിഞ്ഞു. സ്റ്റെയ്‌നർ എ.ജി യിലെ എച്ച്‌.സി.സി യുടെ ഓഹരി വിറ്റഴിച്ച് ഇന്ത്യയിലെ പ്രധാന എഞ്ചിനിയറിംഗ്, കണ്‍സ്ട്രക്ഷന്‍ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി 39 രൂപയിലാണ് ക്ലോസ് ചെയ്തത്.
നഷ്ടത്തിലായവര്‍

 

കഴിഞ്ഞ ആഴ്‌ചയിലെ മാനേജ്‌മെൻ്റിൻ്റെ അഭിപ്രായപ്രകടനത്തെത്തുടർന്ന് ആറാം ദിവസവും സീമൻസ് ഇന്ത്യ ഓഹരി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്നത്തെ വ്യാപാരത്തിൽ ഓഹരി 2 ശതമാനത്തിലധികം ഇടിഞ്ഞു. 2024 ജൂണിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഡിസംബര്‍ 20 ന് ഓഹരിക്ക് ഉണ്ടായത്. ഡിസംബർ പാദത്തിലെ വരുമാന റിപ്പോര്‍ട്ടിനിടെ എൽസിസി സാങ്കേതികവിദ്യയുള്ള എച്ച്‌വിഡിസി ടെൻഡറുകളിൽ പങ്കെടുക്കുന്നില്ലെന്ന് മാനേജ്‌മെൻ്റ് അറിയിച്ചതിനെ തുടര്‍ന്നാണ് ഓഹരിക്ക് ഇടിവുണ്ടായത്. സീമൻസ് ഇന്ത്യ 6,659 രൂപയിലാണ് ക്ലോസ് ചെയ്തത്.

മികച്ച പ്രകടനവുമായി കൊച്ചിന്‍ മിനറല്‍സ്

കേരളാ ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈൽ 6.98 ശതമാനം ഉയര്‍ച്ചയോടെ നേട്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു. ഓഹരി 292 രൂപയിലാണ് ക്ലോസ് ചെയ്തത്.
സ്കൂബി ഡേ ഗാര്‍മെന്റ്സ് 3.90 ശതമാനവും മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് 2.83 ശതമാനവും ഹാരിസണ്‍സ് മലയാളം 2.61 ശതമാനവും നേട്ടത്തില്‍‌ ക്ലോസ് ചെയ്തു.
കേരളാ കമ്പനികളുടെ പ്രകടനം

 

ഫാക്ട് ഓഹരി 3.60 ശതമാനം നേട്ടത്തില്‍ 961 രൂപയിലാണ് ക്ലോസ് ചെയ്തത്. കൊച്ചിൻ ഷിപ്പ്‌യാർഡ് 0.46 ശതമാനം നഷ്ടത്തില്‍ 1460 രൂപയിലെത്തി.
പോപ്പീസ് കെയര്‍ (2.12%), വണ്ടര്‍ലാ ഹോളിഡേയ്സ് (2.54%), ടോളിന്‍സ് ടയേഴ്സ് (1.08%), മുത്തൂറ്റ് ഫിനാന്‍സ് (1.50%) തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
Tags:    

Similar News