ഓഹരി വിപണിയില്‍ ഇടിവ്; രൂപയുടെ മൂല്യവും താഴ്ന്നു

Update: 2019-09-16 12:12 GMT

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്നാമത്തെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ തുടങ്ങി നഷ്ടത്തില്‍ തന്നയാണ് ക്ലോസ് ചെയ്തത്. സൗദി ആരാംകോയിലെ എണ്ണ ഉല്‍പാദന കേന്ദ്രത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ഇന്ധനവില ഉയര്‍ന്നതും ഇന്ത്യന്‍ ഓഹരി വിപണിയിലെ സമ്മര്‍ദ്ദത്തിന് കാരണമായി.

ബിഎസ്ഇ സൂചിക സെന്‍സെക്‌സ് 261.68 പോയിന്റ് അഥവാ 0.70 ശതമാനം ഇടിഞ്ഞ് 37,123.31 ലും നിഫ്റ്റി 72.40 പോയിന്റ് അഥവാ 0.65 ശതമാനം കുറഞ്ഞ് 11,003.50 ലും എത്തി. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളില്‍ നഷ്ടമാണ് പ്രതിഫലിച്ചത്. ടെക് മഹീന്ദ്ര, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടിസിഎസ് എന്നിവയാണ് സെന്‍സെക്‌സ് പാക്കില്‍ നേട്ടമുണ്ടാക്കിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്, എച്ച്ഡിഎഫ്സി എന്നിവ പിന്നിലായിരുന്നു. എണ്ണ, വാതക സൂചിക രണ്ട് ശതമാനം ഇടിഞ്ഞു.

ഇന്നു സര്‍ക്കാര്‍ പുറത്തിറക്കിയ ഡബ്ല്യുപിഐ പണപ്പെരുപ്പ കണക്കും നിക്ഷേപകരെ അസന്തുഷ്ടരാക്കിയെന്നു വ്യക്തം. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഓഗസ്റ്റില്‍ 7.67 ശതമാനമായി ഉയര്‍ന്നു.ജൂലൈയില്‍ ഇത് 6.15 ശതമാനമായിരുന്നു.രൂപയുടെ മൂല്യത്തില്‍ 70 പൈസയുടെ ഇടിവ് രേഖപ്പെടുത്തി 71.62 എന്ന താഴ്ന്ന നിലയിലേക്ക് എത്തി. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ മൂല്യം 70.92 ആയിരുന്നു.

Similar News