സെന്‍സെക്‌സ് 67,000 തൊട്ടു, നിഫ്റ്റി 19,800; ഒടുവില്‍ ലാഭമെടുപ്പില്‍ നേട്ടം കൈവിട്ടു
ഇന്ന് പിടിച്ചുനിന്നത് ഐ.ടി., എണ്ണ ഓഹരികള്‍ മാത്രം; തിളക്കമില്ലാതെ കേരള ഓഹരികളും;
തുടര്‍ച്ചയായ റെക്കോഡ് കുതിപ്പിനിടെ നിക്ഷേപകര്‍ ലാഭമെടുപ്പ് തകൃതിയാക്കിയതോടെ നേട്ടം നിലനിറുത്താനാകാതെ ഇന്ത്യന്‍ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് ചരിത്രത്തിലാദ്യമായി, 67,000 പോയിന്റും നിഫ്റ്റി 19,800 പോയിന്റും ഇന്ന് ഭേദിച്ചു. പക്ഷേ, കനത്ത ലാഭമെടുപ്പിനെ തുടര്‍ന്ന് സെന്‍സെക്‌സ് വ്യാപാരാന്ത്യമുള്ളത് 205 പോയിന്റ് (0.31%) നേട്ടവുമായി 66,795.14ലാണ്. നിഫ്റ്റി 37.80 പോയിന്റ് (0.19%) മാത്രം ഉയര്‍ന്ന് 19,749.25ലും. സെന്‍സെക്‌സ് 67,007.02 വരെയും നിഫ്റ്റി 19,819.45 വരെയുമാണ് ഇന്നൊരുവേള മുന്നേറിയത്.
കുതിപ്പും കിതപ്പും
ഐ.ടി ഓഹരികള്‍ നേട്ടം നിലനിറുത്തിയതാണ് ഇന്ന് ഓഹരി സൂചികകളെ നഷ്ടത്തിലേക്ക് വീഴുന്നതില്‍ നിന്ന് തടഞ്ഞ് നിറുത്തിയത്. നിഫ്റ്റിയില്‍ ഐ.ടി സൂചിക 1.06 ശതമാനം മുന്നേറി. നിഫ്റ്റി സ്വകാര്യബാങ്ക് 0.05 ശതമാനം, ഓയില്‍ ആന്‍ഡ് ഗ്യാസ് 0.17 ശതമാനം എന്നിങ്ങനെ നേരിയ നേട്ടവുമായും പിന്തുണ നല്‍കി.
ബാങ്ക് നിഫ്റ്റി 0.09 ശതമാനം താഴ്ന്ന് 44,410.85ലാണുള്ളത്. നിഫ്റ്റി മിഡ്ക്യാപ്പ് 0.14 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.94 ശതമാനം നഷ്ടത്തിലാണ്.
നിഫ്റ്റി മീഡിയ 1.84 ശതമാനം, പി.എസ്.യു ബാങ്ക് 1.23 ശതമാനം, ലോഹം 0.83 ശതമാനം, റിയല്‍റ്റി 0.85 ശതമാനം എന്നിങ്ങനെ വില്‍പന സമ്മര്‍ദ്ദത്തില്‍ ഇടിഞ്ഞു.
അമേരിക്കയും ചൈനയും
അമേരിക്കയില്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതും കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടുന്ന ട്രെന്‍ഡിന് ഉടന്‍ വിരാമമിടുമെന്ന സൂചനകളും അമേരിക്കന്‍, ആഗോള ഓഹരി സൂചികകള്‍ക്ക് ആശ്വാസമാകുന്നുണ്ട്. അമേരിക്കയാണ് ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ പ്രധാന വിപണിയെന്നതാണ്, അവയുടെ ഓഹരികളിലെ കുതിപ്പിന് മുഖ്യ കാരണം.
അതേസമയം, ചൈനീസ് ജി.ഡി.പി ഇടിഞ്ഞതിനെ തുടര്‍ന്ന് പൊതുവേ ഏഷ്യന്‍ ഓഹരികള്‍ നിര്‍ജീവമായിരുന്നു. ഷാങ്ഹായ് വിപണി രണ്ടു ശതമാനം നഷ്ടത്തിലാണ്. ജാപ്പനീസ് നിക്കേയ് 0.32 ശതമാനം മാത്രം നേട്ടംകുറിച്ചു. എന്നാല്‍, അമേരിക്കയില്‍ നിന്നുള്ള അനുകൂലക്കാറ്റ്, ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്.ഐ.ഐ) നിലപാട് എന്നിവയും ഇന്ത്യന്‍ സൂചികകള്‍ക്ക് നേട്ടമാവുകയാണ്. ഈമാസത്തെ ആദ്യ രണ്ടാഴ്ചയില്‍ മാത്രം 30,660 കോടി രൂപയാണ് എഫ്.പി.ഐകള്‍ ഇന്ത്യന്‍ ഓഹരികളിലൊഴുക്കിയത്.
മുന്നേറിയവര്‍
3.7 ശതമാനം കുതിപ്പാണ് ഇന്ന് ഇന്‍ഫോസിസ് നടത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്.സി.എല്‍ ടെക് എന്നിവയുടെ നേട്ടവും സെന്‍സെക്‌സിന് ഇന്ന് ആശ്വാസമായി.
സെന്‍സെക്‌സില്‍ 121 കമ്പനികളാണ് ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തിയത്. 123 കമ്പനികള്‍ ലോവര്‍ സര്‍ക്യൂട്ടിലും ആയിരുന്നുവെന്നത് ലാഭമെടുപ്പിന്റെ വ്യാപ്തി ചൂണ്ടിക്കാട്ടുന്നു. 207 കമ്പനികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരത്തിലും 43 എണ്ണം താഴ്ചയിലുമായിരുന്നു. സെന്‍സെക്‌സില്‍ 2,011 ഓഹരികള്‍ ഇന്ന് നഷ്ടത്തിലേക്ക് വീണപ്പോള്‍ നേട്ടം കുറിച്ചത് 1,413 എണ്ണം മാത്രം. 124 ഓഹരികളുടെ വില മാറിയില്ല.
നിഫ്റ്റിയില്‍ പോളിക്യാബ് ഇന്ത്യയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ഇന്‍ഫോസിസ്, സി.ജി. പവര്‍, ഗുജറാത്ത് ഫ്‌ളൂറോകെമിക്കല്‍സ്, ഹാവല്‍സ് ഇന്ത്യ എന്നിവയും മികച്ച നേട്ടത്തിലാണ്.
നിരാശപ്പെടുത്തിയവര്‍
നിഫ്റ്റിയില്‍ എല്‍.ടി.ഐ മൈന്‍ഡ്ട്രീ, ടാറ്റാ എല്‍ക്‌സി, സീ എന്റര്‍ടെയ്ന്‍മെന്റ്, വണ്‍97 കമ്മ്യൂണിക്കേഷന്‍സ് (പേയ്ടിഎം), ആദിത്യ ബിര്‍ള കാപ്പിറ്റല്‍ എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.
എച്ച്.ഡി.എഫ്.സി ലൈഫ്, എസ്.ബി.ഐ എന്നിവയിലും സെന്‍സെക്‌സില്‍ ഇന്ന് കനത്ത വില്‍പന സമ്മര്‍ദ്ദമുണ്ടായി. ഒന്നുമുതല്‍ മൂന്ന് ശതമാനം വരെയാണ് ഇവ കുറിച്ച നഷ്ടം.
തിളങ്ങാതെ കേരള ഓഹരികളും
കേരളത്തില്‍ നിന്നുള്ള കമ്പനികളുടെ ഓഹരികളിലും ഇന്ന് വലിയ കുതിപ്പ് ദൃശ്യമായില്ല. കേരള ആയുര്‍വേദ 3.13 ശതമാനം നേട്ടമുണ്ടാക്കി. ചെറുകിട ഓഹരികളായ സഫ സിസ്റ്റംസ്, യൂണിറോയല്‍, പ്രൈമ ആഗ്രോ, പ്രൈമ ഇന്‍ഡസ്ട്രീസ് എന്നിവ 4 ശതമാനത്തിലധികം ഉയര്‍ന്നു.
കൊച്ചിന്‍ മിനറല്‍സ്, ഫാക്ട്, ധനലക്ഷ്മി ബാങ്ക്, ഹാരിസണ്‍സ് മലയാളം, കല്യാണ്‍ ജുവലേഴ്‌സ്, വി-ഗാര്‍ഡ് എന്നിവ ഇന്ന് നിരാശപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ പൊതുവേ നേട്ടത്തിലായിരുന്ന കല്യാണ്‍ ഇന്ന് കുറിച്ചത് 3.76 ശതമാനം ഇടിവാണ്. നിറ്റ ജെലാറ്റിനും 3.49 ശതമാനം താഴേക്കിറങ്ങി. 3.38 ശതമാനമാണ് മുത്തൂറ്റ് കാപ്പിറ്റലിന്റെ നഷ്ടം. അതേസമയം, സൗത്ത് ഇന്ത്യന്‍ ബാങ്ക് 2.25 ശതമാനം നേട്ടമുണ്ടാക്കി.