വിപണിയില്‍ അമേരിക്കന്‍ ചുഴലിക്കാറ്റ്! തകര്‍ന്നടിഞ്ഞത് ₹25 ലക്ഷം കോടി; കേരള കമ്പനികള്‍ക്കും കാറ്റുവീഴ്ച
വില്‍പ്പന സമ്മര്‍ദ്ദത്തിനൊപ്പം ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് കാരണമായി വിലയിരുത്തപ്പെടുന്നത്;
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നാലാം ദിവസവും നഷ്ടക്കച്ചവടം. വിദേശ നിക്ഷേപകരുടെ വില്‍പ്പന സമ്മര്‍ദ്ദത്തിനൊപ്പം ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് കാരണമായി വിലയിരുത്തപ്പെടുന്നത്. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സെഗ്‌മെന്റുകളിലാണ് വില്‍പ്പന സമ്മര്‍ദ്ദം കൂടുതലായി അനുഭവപ്പെട്ടത്. ഇരുസൂചികകളും ഇന്ന് നാല് ശതമാനത്തോളം ഇടിഞ്ഞു.
1.36 ശതമാനം (1,048.90 പോയിന്റുകള്‍) ഇടിഞ്ഞ സെന്‍സെക്‌സ് 76,330.01 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സില്‍ വ്യാപാരത്തിനെത്തിയ മുപ്പതില്‍ 26 ഓഹരികളും ഇന്ന് നഷ്ടത്തിലായി. ടി.സി.എസ്, ഇന്‍ഡസ് ഇന്ത്യ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ ലിവര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് ഇന്ന് സെന്‍സെക്‌സില്‍ പച്ച തൊട്ടത്. 6.13 ശതമാനം ഇടിഞ്ഞ സൊമാറ്റോയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 417 ലക്ഷം കോടി രൂപയായി കുറയുകയും ചെയ്തു. ഇന്ന് മാത്രം നിക്ഷേപകര്‍ക്ക് നഷ്ടമായത് 13 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ നാല് ദിവസത്തെ മാത്രം നഷ്ടം 25 ലക്ഷം കോടി രൂപ വരുമെന്നാണ് കണക്ക്.
1.47 ശതമാനം (345.55 പോയിന്റുകള്‍) ഇടിഞ്ഞ നിഫ്റ്റി 23,085.95 എന്ന നിലയിലാണ് വ്യാപാരം നിറുത്തിയത്. വിശാല വിപണിയിലെ എല്ലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ്. നിഫ്റ്റി റിയല്‍റ്റി ഇന്ന് 6.5 ശതമാനമാണ് ഇടിഞ്ഞത്. മീഡിയ (-4.54 ശതമാനം), കണ്‍സ്യൂമര്‍ ഡൂറബിള്‍സ് (-3.94 ശതമാനം), മെറ്റല്‍ (-3.77 ശതമാനം), പി.എസ്.യു ബാങ്ക് (-3.09 ശതമാനം) എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്.
എല്ലാം ട്രംപ് മയം
റഷ്യന്‍ എണ്ണക്ക് യു.എസ് വിലക്കേര്‍പ്പെടുത്തിയതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതാണ് ഇന്നത്തെ ഇടിവിനെ രൂക്ഷമാക്കിയതെന്നാണ് വിലയിരുത്തല്‍. ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യമെന്ന നിലയില്‍ വിലയിലുണ്ടാകുന്ന വ്യത്യാസം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയിലും മാറ്റമുണ്ടാക്കുമെന്ന് നിക്ഷേപകര്‍ക്ക് ആശങ്കയുണ്ട്. പണപ്പെരുപ്പം കൂടുമെന്നും സാമ്പത്തിക വളര്‍ച്ച കുറയുമെന്നുമുള്ള ആശങ്കകള്‍ക്കിടയില്‍ എണ്ണവില വര്‍ധിച്ചത് നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കിയെന്നാണ് വിലയിരുത്തല്‍.
രൂപയും കൂപ്പുകുത്തി
ഇതിനിടയില്‍ അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ സര്‍വകാല താഴ്ചയിലേക്ക് കൂപ്പുകുത്തി. ഒരുവേള ഒരു ഡോളറിന് 86.61 രൂപ എന്ന നിലയിലെത്തിയ ഇന്ത്യന്‍ രൂപ വ്യാപാരാന്ത്യം 86.58ലെത്തി. നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന വ്യാപാര നയങ്ങളെക്കുറിച്ചും നിക്ഷേപകര്‍ക്ക് ആശങ്കയുണ്ട്. കൂടാതെ കേന്ദ്രബജറ്റിനെക്കുറിച്ചുള്ള ആശങ്ക, യു.എസ് ഫെഡ് നിരക്കുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍, മൂന്നാം പാദത്തിലെ കമ്പനികളുടെ പ്രകടനം, വളര്‍ച്ചാ നിരക്ക് കുറയുമെന്ന പ്രവചനങ്ങള്‍ തുടങ്ങിയ കാരണങ്ങളും വിപണിയെ താഴോട്ട് വലിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ വിപണിയില്‍ വിദേശനിക്ഷേപകരുടെ വില്‍പ്പന സമ്മര്‍ദ്ദവും കൂടുതലാണ്. ജനുവരി 10 വരെയുള്ള കണക്കുകള്‍ പ്രകാരം ഇക്കൊല്ലം മാത്രം 21,350 കോടിയാണ് വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത്.
നേട്ടവും നഷ്ടവും
മലേഷ്യയിലെ ഇന്‍സുലിന്‍ നിര്‍മാണ കേന്ദ്രത്തിന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയതിന് പിന്നാലെ ബംഗളൂരു ആസ്ഥാനമായ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണിന്റെ ഓഹരികള്‍ ഇന്ന് ലാഭക്കണക്കില്‍ മുന്നിലെത്തി. ആദിത്യ ബിര്‍ള ഗ്രൂപ്പ്, ടാറ്റ കണ്‍സള്‍ട്ടന്‍സി, ഇന്‍ഡസ് ഇന്ത്യ ബാങ്ക്, ബി.എസ്.ഇ എന്നിവരും ലാഭ പട്ടികയില്‍ മുന്നിലുണ്ട്.
ബ്രോക്കറേജ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി ഡൗണ്‍ഗ്രേഡ് ചെയ്തതിനെ തുടര്‍ന്ന് പോളിസി ബസാറിന്റെ മാതൃ കമ്പനിയായ പി.ബി ഫിന്‍ടെക് ഓഹരികള്‍ ഇന്ന് നഷ്ടത്തിലായി. മാക്രോടെക് ഡെവലെപേഴ്‌സ്, കല്യാണ്‍ ജുവലേഴ്‌സ്, ഫീനിക്‌സ് മില്‍സ്, റെയില്‍ വികാസ് നിഗം തുടങ്ങിയ ഓഹരികളും ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലെത്തി.
തകര്‍ന്നടിഞ്ഞ് കേരള കമ്പനികളും
ഓഹരി വിപണിയിലെ ഇടിവ് കേരള കമ്പനികളെ സാരമായി ബാധിച്ചു. അഞ്ച് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്നത്തെ നഷ്ടക്കച്ചവടത്തില്‍ പിടിച്ചു നില്‍ക്കാനായത്. സെല്ല സ്‌പേസ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, നിറ്റ ജെലാറ്റിന്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ, പ്രൈമ ഇന്‍ഡസ്ട്രീസ് എന്നിവരാണ് ഇന്ന് പച്ചതൊട്ടത്. 2:1 എന്ന അനുപാതത്തില്‍ ബോണസ് ഇഷ്യൂ ചെയ്യുന്ന തീയതി അടുത്തതാണ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന് തുണയായത്.
മറ്റ് കമ്പനികളുടെയെല്ലാം ഓഹരി വില ഇന്ന് കൂപ്പുകുത്തി. 8.56 ശതമാനം ഇടിവ് നേരിട്ട കല്യാണ്‍ ജുവലേഴ്‌സിനാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്.