തിരിച്ചു വരവില്‍ സൂചികകള്‍, ജി.ഡി.പി കണക്കില്‍ തട്ടി രൂപ എക്കാലത്തെയും താഴെ! കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കയറ്റം തുടരുന്നു

ഇന്ത്യന്‍ ഓഹരി സൂചികകള്‍ പുതിയ വാരത്തില്‍ പ്രകടമായ തിരിച്ചു വരവ് നടത്തി. ഇരു സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകര്‍ രണ്ടാം പാദത്തിലെ രാജ്യത്തെ ജി.ഡി.പി വളര്‍ച്ച കഴിഞ്ഞ ഏഴ് ത്രൈമാസത്തെ ഏറ്റവും കുറഞ്ഞ നിലയിലായതിനെ നിക്ഷേപകർ ഉൾക്കൊണ്ടതായാണ് കാണുന്നത്.

റിലയന്‍സ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ എന്നിവയുടെ സംയുക്തമായ മുന്നേറ്റമാണ് തിരിച്ചു വരവിന് ചുക്കാന്‍ പിടിച്ചത്.
ദുര്‍ബലമായ ജി.ഡി.പി കണക്കുകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സര്‍ക്കാര്‍ ചെലവഴിക്കലുകള്‍ കൂട്ടാനിടയാക്കുമെന്ന പ്രതീക്ഷകളാണ് ഓഹരി വിപണിയില്‍ റാലിക്കിടയാക്കിയതെന്ന് നിരീക്ഷകർ പറയുന്നു. സമ്പദ് രംഗത്തെ ഉത്തേജിപ്പാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ആര്‍.ബി.ഐയ്ക്കു മേലും സമ്മര്‍ദ്ദമുണ്ടാകുമെന്ന് കരുതുന്നു.
വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ 250 കോടി ഡോളറിന്റെ വില്‍പ്പനയാണ് നടത്തിയത്. ഒക്ടോബറിലെ 1,100 കോടി രൂപയുടെ വില്‍പ്പനയ്ക്ക് പിന്നാലെയാണിത്.

സെന്‍സെക്‌സ് 445.29 പോയിന്റ് ഉയര്‍ന്ന് 80,248.08ലും നിഫ്റ്റി 144.90 പോയിന്റ് ഉയര്‍ന്ന് 24,276ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

രൂപയ്ക്ക് വന്‍ ക്ഷീണം

അതേസമയം, രാജ്യത്തെ ജി.ഡി.പി വളര്‍ച്ച കഴിഞ്ഞ ഏഴ് ത്രൈമാസത്തെ ഏറ്റവും മന്ദഗതിയിലായെന്ന റിപ്പോർട്ടിനെ തുടര്‍ന്ന് രൂപയിന്ന് എക്കാലത്തെയും ഇടിവിലാണ്. ഡോളറിനെതിരെ 84.70 വരെയെത്തി. ഇതിനു മുമ്പത്തെ എക്കാലത്തെയും താഴ്ന്ന നിലവാരം 84.50 ആയിരുന്നു. രൂപയുടെ
മൂല്യ ശോഷണം തടയാൻ റിസർവ് ബാങ്ക്
ഇടപെടലുകള്‍ നടത്തുമെന്നാണ് കരുതുന്നത്. സാമ്പത്തിക വളര്‍ച്ച പ്രതീക്ഷയിലും താഴെയായത് പലിശ നിരക്ക് കുറയ്ക്കാന്‍ റിസര്‍വിന് മേല്‍ സമ്മര്‍ദ്ദമുയര്‍ത്തുന്നുണ്ട്.

വിവിധ മേഖലകളുടെ ഇന്നത്തെ പ്രകടനം

വിവിധ മേഖലകളുടെ പ്രകടനം
നിഫ്റ്റി മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനത്തിനു മുകളില്‍ നേട്ടത്തിലാണ്. ഭൂരിഭാഗം സെക്ടറുകളും ഇന്ന് നേട്ടത്തിനൊപ്പം ചേര്‍ന്നപ്പോള്‍ നിഫ്റ്റി എഫ്.എം.സി.ജി, പി.എസ്.യു ബാങ്ക് സൂചികകള്‍ മാത്രമാണ് നഷ്ടത്തില്‍ അവസാനിപ്പിച്ചത്. റിയല്‍റ്റി രണ്ട് ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് രണ്ട് ശതമാനവും ഉയര്‍ന്ന് സൂചികകള്‍ക്ക് കരുത്ത് പകര്‍ന്നു.

നേട്ടമുണ്ടാക്കിയവര്‍

രണ്ടാം പാദത്തില്‍ ഇന്ത്യന്‍ സിമന്റ് കമ്പനികള്‍ കാര്യമായ തിരിച്ചു വരവ് നേടുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ് പ്രതീക്ഷ പ്രകടിപ്പിച്ചത് അള്‍ട്രാ ടെക് സിമന്റ്, ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്നിവയില്‍ മികച്ച റാലി ദൃശ്യമായി.

ശ്രീ സിമന്റ്, ഇന്ത്യ സിമന്റ്, ജെ.കെ ലക്ഷ്മി സിമന്റ്, ജെ.കെ സിമന്റ്, ആന്ധ്രാ സിമന്റ്‌സ്, എ.സി.സി എന്നിവയും രണ്ട് മുതല്‍ നാല് ശതമാനം വരെ ഉയര്‍ന്നു.

ഡിക്‌സണ്‍ ടെക്‌നോളജീസാണ് ഇന്ന് നിഫ്റ്റി 200ന്റെ മുഖ്യ നേട്ടക്കാര്‍. ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പോളിസി ബസാറിന്റെ മാതൃകമ്പനിയായ പി.ബി. ഫിന്‍ടെക് എന്നിവ അഞ്ച് ശതമാനം നേട്ടത്തോടെ തൊട്ടു പിന്നാലെയുണ്ട്.


നഷ്ടത്തിലേക്ക് വീണവര്‍

നേട്ടം തിരിച്ചു പിടിച്ച് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

നാവിക സേനയ്ക്കായി പ്രതിരോധമന്ത്രാലയവുമായി 1,000 കോടി രൂപയുടെ കപ്പല്‍ അറ്റകുറ്റപ്പണി കരാറിലേര്‍പ്പെട്ടത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളെ ഇന്ന് നിഫ്റ്റി 200ന്റെ നേട്ടപ്പട്ടികയില്‍ ആദ്യ അഞ്ചിലെത്തിച്ചു. കഴിഞ്ഞ ആറ് വ്യാപാരദിനങ്ങള്‍ക്കിടെ അഞ്ച് തവണയാണ് ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലെത്തുന്നത്. അടുത്ത കാലത്തുണ്ടായ ഇടിവില്‍ നിന്ന് 30 ശതമാനത്തോളം തിരിച്ചു കയറാന്‍ ഇതോടെ ഓഹരിക്ക് സാധിച്ചു. ഓഹരിയൊന്നിന് ജൂലൈ 8ന് 2,797 രൂപ വരെ എത്തിയ ശേഷമായിരുന്നു കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ വീഴ്ച.
കഴിഞ്ഞയാഴ്ച യു.എസ് കമ്പനിയായ ലെറ്റൂര്‍നിയോയുമായി ജാക്ക്-അപ് റിഗ്‌സ് നിര്‍മിക്കാനും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കരാര്‍ ഒപ്പു വച്ചിരുന്നു.
നവംബറില്‍ കാര്‍ഗോ വളര്‍ച്ചയില്‍ മികവ് കാഴ്ചവച്ചത് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ഓഹരികളെ രണ്ട് ശതമാനം ഉയര്‍ത്തി.

സമ്മിശ്ര പ്രകടനവുമായി കേരള ഓഹരികള്‍

കേരള കമ്പനികളില്‍ പൊതുവേ സമ്മിശ്രപ്രകടനമായിരുന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് മാറ്റി നിറുത്തിയാല്‍ ഇന്‍ഡിട്രേഡാണ് ഇന്ന് കൂടുതല്‍ മുന്നേറ്റം കാഴ്ചവച്ചത്. ഓഹരി വില 4.95 ശതമാനം ഉയര്‍ന്നു. ജിയോജിത് (4.83 ശതമാനം), യൂണിറോയല്‍ മറൈന്‍ (4.67 ശതമാനം), ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ് (3.32 ശതമാനം), ഹാരിസണ്‍സ് മലയാളം (3.54 ശതമാനം) ടോളിന്‍സ് ടയേഴ്‌സ് ( 3.56 ശതമാനം) എന്നിവയും നേട്ടത്തില്‍ മുന്നിലെത്തി.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

പോപ്പീസ് കെയറും സെല്ല സ്‌പേസുമാണ് നഷ്ടത്തില്‍ മുന്നില്‍. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കല്യാണ്‍ ജുവലേഴ്‌സ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, സ്‌കൂബിഡേ ഗാര്‍മെന്റ്‌സ് എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട കേരള ഓഹരികള്‍.
Related Articles
Next Story
Videos
Share it