കരകയറി ഓഹരികള്‍; കൂപ്പുകുത്തി ഹിന്‍ഡാല്‍കോയും പേയ്ടിഎമ്മും, ഐ.ആര്‍.എഫ്.സിക്ക് 17% മുന്നേറ്റം, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും മുന്നോട്ട്

ധനലക്ഷ്മി ബാങ്ക് ഇന്നും ഇടിഞ്ഞു 5%; റിലയന്‍സിന്റെ വിപണിമൂല്യം 20 ലക്ഷം കോടി കടന്നു, എന്‍.എച്ച്.പി.സിയും ആര്‍.വി.എന്‍.എല്ലും നേട്ടത്തില്‍

Update:2024-02-13 17:51 IST
നഷ്ടയാത്രയ്ക്ക് സുല്ലിട്ട് ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തിന്റെ പാതയിലേക്ക് പുനഃപ്രവേശനം നടത്തി. ഇന്ത്യയുടെ റീറ്റെയ്ല്‍ പണപ്പെരുപ്പം കഴിഞ്ഞമാസം 5.1 ശതമാനത്തിലേക്ക് കുറഞ്ഞതും വ്യാവസായിക ഉത്പാദന സൂചികയുടെ (IIP) വളര്‍ച്ച 2.4ല്‍ നിന്ന് 3.8 ശതമാനത്തിലേക്ക് ഡിസംബറില്‍ മെച്ചപ്പെട്ടതും ഓഹരി വിപണിക്ക് ഊര്‍ജമായി.
ഇന്ന് വിവിധ ഓഹരി വിഭാഗങ്ങൾ കാഴ്ച്ചവെച്ച പ്രകടനം 

 

ഇന്ന് പുറത്തുവരാനിരിക്കുന്ന അമേരിക്കയുടെ റീറ്റെയ്ല്‍ പണപ്പെരുപ്പക്കണക്കുകളും ആശ്വസിപ്പിക്കുന്നതാകുമെന്ന വിലയിരുത്തലുകളും ഓഹരി വിപണിയുടെ കരകയറ്റത്തിന് വഴിയൊരുക്കി. സെന്‍സെക്‌സ് 482.70 പോയിന്റ് (0.68%) ഉയര്‍ന്ന് 71,555.19ലും നിഫ്റ്റി 127.20 പോയിന്റ് (0.59%) നേട്ടവുമായി 21,743.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നേട്ടത്തിലേറിയവര്‍
ബാങ്കിംഗ്, ഐ.ടി., ധനകാര്യ ഓഹരികളിലുണ്ടായ മികച്ച വാങ്ങല്‍ താത്പര്യമാണ് ഇന്ന് ഓഹരി വിപണിയുടെ കരകയറ്റത്തിന് വഴിവച്ചത്. അമേരിക്കയിലും ഇന്ത്യയിലും പണപ്പെരുപ്പനിരക്ക് താഴുന്നുവെന്ന ട്രെന്‍ഡാണ് ഐ.ടി., ധനകാര്യ, ബാങ്കിംഗ് ഓഹരികളെ നേട്ടത്തിലേക്ക് നയിക്കുന്നത്.
ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, വിപ്രോ, കോട്ടക് ബാങ്ക്, എന്‍.ടി.പി.സി എന്നിവ ഇന്ന് സെന്‍സെക്‌സിന്റെ നേട്ടത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

 

ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IRFC), ബോഷ്, എന്‍.എച്ച്.പി.സി., റെയില്‍ വികാസ് നിഗം (RVNL), കോള്‍ ഇന്ത്യ എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടം കുറിച്ചവ. മൂന്ന് ദിവസത്തെ ഇടിവിന് ബ്രേക്കിട്ടാണ് ഇന്ന് ഐ.ആര്‍.എഫ്.സി ഓഹരികള്‍ ഉയിര്‍ത്തെണീറ്റത്. കടപ്പത്രങ്ങളിലൂടെ 3,000 കോടി രൂപ സമാഹരിക്കുമെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഓഹരിവില ഇന്ന് 17.22 ശതമാനം ഉയര്‍ന്നു.
ഡിസംബര്‍പാദ ലാഭം 63 ശതമാനം വര്‍ധിച്ചതും ഓഹരിക്ക് 205 രൂപവീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചതും ബോഷ് ഓഹരികളെ ഇന്ന് 7 ശതമാനം ഉയര്‍ത്തി. ഇന്നലെ 20 ശതമാനം വരെ കൂപ്പുകുത്തിയ എന്‍.എച്ച്.പി.സി ഇന്ന് 6.73 ശതമാനം തിരികെക്കയറി. ഓഹരിക്ക് 1.4 രൂപവീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചതാണ് ഉണര്‍വായത്.
6.71 ശതമാനമാണ് ആര്‍.വി.എന്‍.എല്ലിന്റെ ഇന്നത്തെ നേട്ടം. മദ്ധ്യപ്രദേശ് പശ്ചിം ക്ഷേത്ര വിദ്യുത്-1 വിത്രാന്‍ കമ്പനിയില്‍ നിന്ന് 106.37 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചത് ആര്‍.വി.എന്‍.എല്‍ ഓഹരികളെ ഇന്ന് സന്തോഷിപ്പിച്ചു. മൂന്നാംപാദത്തില്‍ ലാഭം 17 ശതമാനം വര്‍ധിച്ച പശ്ചാത്തലത്തില്‍ കോള്‍ ഇന്ത്യ ഓഹരി ഇന്ന് 4.67 ശതമാനവും കയറി.
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം ഇന്ന് 20 ലക്ഷം കോടി രൂപ ഭേദിച്ചു. ഈ നേട്ടം കുറിക്കുന്ന ഇന്ത്യയിലെ ആദ്യ കമ്പനിയാണ് റിലയന്‍സ്. ഓഹരിവില ഇന്ന് 2,958 രൂപവരെ ഉയര്‍ന്നപ്പോഴാണ് റിലയന്‍സ് ഈ നേട്ടം കുറിച്ചിട്ടത്. വ്യാപാരാന്ത്യത്തില്‍ വില 0.88 ശതമാനം നേട്ടവുമായി 2,930.20 രൂപയാണ്.
നിരാശപ്പെടുത്തിയവര്‍
സെന്‍സെക്‌സിന്റെ നേട്ടത്തിന്റെ തിളക്കം കെടുത്താന്‍ ഇന്ന് മുന്നില്‍നിന്ന മുന്‍നിര കമ്പനികള്‍ ഇവയാണ് - നെസ്‌ലെ, അള്‍ട്രടെക് സിമന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൈറ്റന്‍, ടാറ്റാ മോട്ടോഴ്‌സ് എന്നിവയാണ്.
ഹിന്‍ഡാല്‍കോയാണ് ഇന്ന് 13 ശതമാനം ഇടിഞ്ഞ് നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ മുന്നിലെത്തിയത്. അമേരിക്കയിലെ ഉപകമ്പനിയുടെ മൂലധനച്ചെലവ് 65 ശതമാനം ഉയര്‍ന്ന് 410 കോടി ഡോളറാകുമെന്ന കമ്പനിയുടെ വിലയിരുത്തല്‍ തിരിച്ചടിയായി.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ 

 

പേയ്ടിഎമ്മിനെതിരെ സ്വീകരിച്ച നടപടി പുനഃപരിശോധിക്കില്ലെന്ന റിസര്‍വ് ബാങ്കിന്റെ അഭിപ്രായത്തെ തുടര്‍ന്ന് ബ്രോക്കറേജുകള്‍ റേറ്റിംഗ് താഴ്ത്തിയത്, പേയ്ടിഎം ഓഹരികളെ ഇന്ന് 10 ശതമാനം താഴ്ത്തി. ലാഭമെടുപ്പിനെ തുടര്‍ന്ന് കെ.പി.ഐ.ടി ടെക് ഓഹരിവില 7.11 ശതമാനം താഴ്ന്നു.
ഗ്രാസിം ഇന്‍ഡസ്ട്രീസ് (-3.67%), സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (SAIL/-3.67%) എന്നിവയാണ് നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ മുന്നിലുള്ള മറ്റ് കമ്പനികള്‍. ഡിസംബര്‍ പാദ ലാഭം 22 ശതമാനവും വരുമാനം 6.8 ശതമാനവും താഴ്ന്നതാണ് സെയിലിന് തിരിച്ചടിയായത്.
വിപണിയുടെ ട്രെന്‍ഡ്
വിശാല വിപണിയില്‍ നിഫ്റ്റി മീഡിയ (-0.03%), മെറ്റല്‍ (-2.07%) എന്നിവയൊഴികെയുള്ള ഓഹരി സൂചികകള്‍ ഇന്ന് പച്ചയണിഞ്ഞു. ധനകാര്യം, പി.എസ്.യു ബാങ്ക്, പ്രൈവറ്റ് ബാങ്ക് സൂചികകള്‍ ഒരു ശതമാനത്തിലേറെ നേട്ടം കുറിച്ചു. 1.38 ശതമാനമാണ് ബാങ്ക് നിഫ്റ്റിയുടെ നേട്ടം.
നിഫ്റ്റി മിഡ്ക്യാപ്പ് 0.34 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.17 ശതമാനവും നേട്ടത്തിലാണ്. നിഫ്റ്റി 50ല്‍ 39 കമ്പനികള്‍ നേട്ടത്തിലും 11 എണ്ണം നഷ്ടത്തിലുമായിരുന്നു.
ബി.എസ്.ഇയില്‍ 1,685 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2,172 ഓഹരികള്‍ നഷ്ടമാണ് നേരിട്ടത്. 85 ഓഹരികളുടെ വില മാറിയില്ല. 228 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 68 എണ്ണം താഴ്ചയും കണ്ടു. ലോവര്‍, അപ്പര്‍-സര്‍കീട്ടുകള്‍ ഇന്നും ശൂന്യമായിരുന്നു.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപകമൂല്യം ഇന്ന് 1.91 ലക്ഷം കോടി രൂപ വര്‍ധിച്ച് 380.75 ലക്ഷം കോടി രൂപയിലുമെത്തി.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ തിളക്കം
ലാഭമെടുപ്പില്‍ മുങ്ങി ഇന്നലെ നഷ്ടത്തിലേക്ക് വീണ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി ഇന്ന് 4.54 ശതമാനം കരകയറി. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (CMRL) 3.04 ശതമാനവും ഉയര്‍ന്നു.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം 

 

ഈസ്‌റ്റേണ്‍ 3.83 ശതമാനം, റബ്ഫില 4.05 ശതമാനം, വണ്ടര്‍ല 3.20 ശതമാനം എന്നിങ്ങനെയും നേട്ടത്തിലേറി. അതേസമയം, ധനലക്ഷ്മി ബാങ്ക് ഇന്നും 5 ശതമാനം താഴേക്ക് പോയി.
സ്‌കൂബിഡേ, യൂണിറോയല്‍, പ്രൈമ ഇന്‍ഡസ്ട്രീസ്, കിറ്റെക്‌സ്, കേരള ആയുര്‍വേദ, ഫാക്റ്റ്, സി.എസ്.ബി ബാങ്ക് എന്നിവ ഒന്നുമുതല്‍ 5 ശതമാനം വരെ നഷ്ടം നേരിട്ടു.
Tags:    

Similar News