അശുഭ വാർത്തകൾ കൂടുന്നു; വിദേശ സൂചനകൾ നെഗറ്റീവ്; ടെക്നോളജി ഓഹരികൾക്കു ക്ഷീണം, സ്വര്‍ണം കയറുന്നു
ക്രൂഡ് ഓയില്‍ വില താഴ്ന്നു തന്നെ;
അമേരിക്കയിലും ജപ്പാനിലും ചൈനയിലും നിന്നു വരുന്ന മോശം വാർത്തകൾ വിപണികളെ വലിച്ചു താഴ്ക്കുകയാണ്. സാമ്പത്തിക വളർച്ച ഭീഷണി നേരിടുന്നു എന്നാണ് ആ വാർത്തകൾ കാണിക്കുന്നത്. ആഗോള പ്രവണതകളിൽ നിന്നു വേറിട്ടു നിൽക്കാൻ ഇന്ത്യൻ വിപണി ശ്രമിച്ചാലും അത് എളുപ്പമല്ല. ഈ ദിവസങ്ങളിൽ ലാഭമെടുക്കലുകാർ വിപണിസൂചികകളെ താഴ്ത്തി. ഇനി ആഗോള പ്രശ്നങ്ങളും ഇടിവിനു കാരണമാകും. യുഎസിൽ ടെക്നോളജി ഓഹരികൾ തുടർച്ചയായി ഇടിയുന്നതും ഇന്നു വ്യാപാരത്തെ ബാധിക്കാം.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 25,199 ൽ ക്ലാേസ്ചെയ്തു. ഇന്നു രാവിലെ
25,137 ലേക്കു താണിട്ട് 25,150 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്ന് താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ വ്യാഴാഴ്ചയും ഇടിഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് താഴ്ച.യുഎസ് വിപണി ഇന്നലെ തുടക്കത്തിൽ ഉയർന്ന ശേഷം താഴ്ചയിലായി. ഇന്നലെ വന്ന സ്വകാര്യ മേഖലയിലെ തൊഴിൽ കണക്ക് മാന്ദ്യഭീതി കൂട്ടുന്നതായിരുന്നു. ഓഗസ്റ്റിൽ സ്വകാര്യ മേഖലയിൽ 96,000 തൊഴിലവസ്വങ്ങളേ കൂടിയുള്ളു. തലേ മാസം 1.14 ലക്ഷം കൂടിയതാണ്. പ്രതീക്ഷ 1.61 ലക്ഷമായിരുന്നു. തൊഴിൽ മേഖലയിലെ തളർച്ച മാന്ദ്യ സൂചനയാണെന്നു വിപണിയുമായി ബന്ധപ്പെട്ട ധനകാര്യവിദഗ്ധർ പറഞ്ഞു. തുടർന്ന് ഓഹരികൾ താഴ്ന്നു. ക്രിപ്റ്റോ കറൻസികൾ ഇടിഞ്ഞു. സ്വർണം കയറി. ജനുവരിക്കു മുമ്പ് നാലു തവണയായി പലിശ ഒരു ശതമാനം കുറയ്ക്കും എന്നാണ് ഇപ്പോൾ വിപണിയിൽ ഭൂരിപക്ഷം പേർ കണക്കാക്കുന്നത്. കഴിഞ്ഞ മാസവും തൊഴിൽ കണക്കിൻ്റെ പേരിൽ വിപണി ഇടിഞ്ഞതാണ്.
ഇന്നു യുഎസിലെ കാർഷികേതര തൊഴിലിൻ്റെ വിശദമായ കണക്ക് പുറത്തുവരും. അതാണു നിർണായക പ്രാധാന്യമുള്ള കണക്ക്. അതു 17, 18 തീയതികളിൽ നടക്കുന്ന ഫെഡ് ഓപ്പൺ മാർക്കറ്റ്സ് കമ്മിറ്റി (എഫ്ഒഎംസി) യോഗ തീരുമാനത്തെ സ്വാധീനിക്കും.
ഡൗ ജോൺസ് സൂചിക ഇന്നലെ 219.22 പോയിൻ്റ് (0.54%) താഴ്ന്ന് 40,755.75 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 16.66 പോയിൻ്റ് (0.30%) താഴ്ന്ന് 5503.41 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 43.37 പോയിൻ്റ് (0.25%) ഉയർന്ന് 17,127.66 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നും താഴ്ചയിലാണ്. ഡൗ 0.07 ശതമാനവും എസ് ആൻഡ് പി 0.24 ഉം നാസ്ഡാക് 0.61 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 3.73 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു കയറി.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നു നീങ്ങുന്നു. ജപ്പാനിൽ സ്വകാര്യ ഉപഭോഗം കുറയുന്നതായ പുതിയ കണക്ക് വിപണിയെ താഴ്ത്തി. ചെെനീസ് സമ്പദ്ഘടന കൂടുതൽ ദുർബലമാകുന്നു എന്നാണു കണക്കുകൾ കാണിക്കുന്നത്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വ്യാഴാഴ്ച ഉയർന്നു വ്യാപാരം തുടങ്ങിയിട്ടു പിന്നീട് നഷ്ടത്തിലേക്കു മാറി. ആഗോള ആശങ്കകളേക്കാൾ ലാഭമെടുത്തു മാറുന്നവരുടെ വിൽപന സമ്മർദമാണു കാരണം. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഉയർന്നതു ശ്രദ്ധേയമാണ്.
എൻഎസ്ഇയിൽ 1619 ഓഹരികൾ ഉയർന്നപ്പോൾ 1120 ഓഹരികൾ താണു. ബിഎസ്ഇയിൽ 2211 എണ്ണം കയറി, 1726 എണ്ണം താഴ്ന്നു.
വ്യാഴാഴ്ച സെൻസെക്സ് 151.48 പാേയിൻ്റ് (0.18%) താഴ്ന്ന് 82,201.16 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 53.60 പോയിൻ്റ് (0.21%) നഷ്ടത്താേടെ 25,145.10 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.14% (72.80 പോയിൻ്റ്) കയറി 51,473.05 ൽ ക്ലാേസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.38 ശതമാനം കയറി 59,448.50 ലും സ്മോൾ ക്യാപ് സൂചിക 1.03% കുതിച്ച് 19,520.95 ലും വ്യാപാരം അവസാനിപ്പിച്ചു.
റിയൽറ്റി, ഓട്ടോ, ഓയിൽ - ഗ്യാസ്, ഫാർമ, എഫ്എംസിജി മേഖലകൾ ഇന്നലെ നഷ്ടത്തിലായി. ബാങ്ക്, ധനകാര്യ, ഐടി, മീഡിയ, മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ നേട്ടം ഉണ്ടാക്കി.
വിദേശനിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 688.69 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2970.74 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
തുടർച്ചയായ രണ്ടാം ദിവസവും വിപണി ചെറിയ താഴ്ചയിൽ ആയെങ്കിലും പോസിറ്റീവ് ട്രെൻഡ് നിലനിൽക്കുന്നു എന്നാണു നിക്ഷേപ വിദഗ്ധർ പറയുന്നത്. മൂവിംഗ് ആവരേജുകൾക്കു മുകളിലാണു സൂചിക എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. നിഫ്റ്റി ചെറിയ മേഖലയിൽ കയറിയിറങ്ങും എന്നാണ് അവരുടെ നിരീക്ഷണം.
ഇന്നു നിഫ്റ്റി സൂചികയ്ക്ക് 25,125 ലും 25,095 ലും പിന്തുണ ഉണ്ട്. 25,240 ലും 25,275 ലും തടസം ഉണ്ടാകാം.
കമ്പനികൾ, വാർത്തകൾ
റിലയൻസ് ഓഹരി ഇന്നലെ രാവിലെ ഉയർന്നിട്ട് വെെകുന്നേരം 1.26 ശതമാനം നഷ്ടത്തിൽ അവസാനിച്ചു. റിലയൻസിൻ്റെ 1:1 ബാേണസ് ഇഷ്യുവിന് ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. കമ്പനിയുടെ അധികൃത മൂലധനം 15,000 കോടി രൂപയിൽ നിന്ന് 50,000 കോടിയായി ഉയർത്തി. പത്തു ജിഗാവാട്ട് അവർ ഇലക്ട്രിക് ബാറ്ററി നിർമാണ പ്ലാൻ്റിനുള്ള ടെൻഡർ റിലയൻസിനു ലഭിച്ചു. 3620 കോടി രൂപ കേന്ദ്രബജറ്റിൽ നീക്കി വച്ചിട്ടുള്ള പദ്ധതിയിൽ പെട്ടതാണിത്.
സൊമാറ്റോ ഓഹരി 40 ശതമാനം ഉയരാം എന്ന് ജെപി മോർഗൻ വിലയിരുത്തി. ഓഹരി അഞ്ചു ശതമാനം ഉയർന്നു. സൊമാറ്റോയും മറ്റും നടപ്പാക്കുന്ന നവീന വിതരണ ശൃംഖലകൾ വലിയ എഫ്എംസിജി കമ്പനികളുടെ ശൃംഖലകളേക്കാൾ കാര്യക്ഷമമാണെന്നും ഇത്തരം റീട്ടെയിൽ വളരുന്നത് ഹിന്ദുസ്ഥാൻ യൂണിലീവർ, മാരികോ, ബ്രിട്ടാനിയ, ഡാബർ, ഗോദ്റെജ് തുടങ്ങിയ എഫ്എംസിജി കമ്പനികൾക്കു ഭീഷണി ആകുമെന്നും സിഎൽഎസ്എ വിശകലനത്തിൽ പറയുന്നു.
ചെെനയിൽ നിന്നുള്ള സ്‌റ്റീൽ ഇറക്കുമതിക്ക് അധികച്ചുങ്കം ചുമത്തുമെന്നു കേന്ദ്ര മന്ത്രി എച്ച്. ഡി. കുമാരസ്വാമി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ സ്‌റ്റീൽ ഓഹരികൾ ഉയർന്നു.
വാഹന വിൽപന കുറയുന്നതായി വാഹന വിൽപനക്കാരുടെ ഫെഡറേഷൻ (ഫാഡ) പുറത്തുവിട്ട കണക്കുകൾ ഓട്ടോ ഓഹരികളെ താഴ്ത്തി.
സ്വർണം കുതിക്കുന്നു,
ക്രൂഡ് താഴ്ന്നു നിൽക്കുന്നു
സ്വർണം വീണ്ടും 2500 ഡോളറിനു മുകളിലായി. വ്യാഴാഴ്ച ഔൺസിന് 2517.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2516 ഡോളറിലാണ്. ഡിസംബർ അവധിവില ഔൺസിന് 2546 ഡോളറിലേക്കു കയറി.
യുഎസ് ഫെഡ് ജനുവരിക്കു മുൻപ് പലിശനിരക്ക് ഒരു ശതമാനം കുറയ്ക്കും എന്ന നിഗമനത്തിലാണു വിപണിയുടെ നീക്കം. പലിശ താഴും എന്ന നിഗമനം ഓഹരികളെ താഴ്ത്തുന്നു. ബിറ്റ് കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികളെയും താഴ്ത്തി. പകരം നിക്ഷേപകർ സ്വർണത്തിലേക്കു നീങ്ങുന്നു.
കേരളത്തിൽ സ്വർണവില ഇന്നലെയും മാറ്റമില്ലാതെ പവന് 53,360 രൂപയിൽ തുടർന്നു. ഇന്നു വില വർധിച്ചേക്കാം.
വെള്ളിവില ഔൺസിന് 28.80 ഡോളറിലേക്ക് ഉയർന്നു.
ഡോളർ സൂചിക ഇന്നലെയും താഴ്ന്ന് 101.11 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 101.02 ലേക്കു താഴ്ന്നു.
ഡോളർ സൂചിക താഴ്ന്നെങ്കിലും രൂപയ്ക്കു നേട്ടം നിലനിർത്താൻ കഴിഞ്ഞില്ല. ഡോളർ 83.98 രൂപ എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ താഴ്ന്നു തുടരുന്നു. ബ്രെൻ്റ് ഇനം നാമമാത്രമായി താണ് 72.69 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 72.78 ഡോളറിലേക്ക് കയറി. ഡബ്ല്യുടിഐ ഇനം 69.25 ഉം യുഎഇയുടെ മർബൻ ക്രൂഡ് 73.14 ഉം ഡോളറിലാണ്.
ക്രിപ്റ്റാേ കറൻസികൾ താഴ്ന്നു. ബിറ്റ്കോയിൻ 58,000 ഡോളറിൽ നിന്ന് 56,000 ഡോളറിലേക്കു വീണു. ഈഥർ 2365 ഡോളറിലായി.
വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലായി. ചെമ്പ് 1.68 ശതമാനം കയറി ടണ്ണിന് 8978.54 ഡോളറിൽ എത്തി. അലൂമിനിയം 0.65 ശതമാനം താഴ്ന്ന് ടണ്ണിന് 2381.35 ഡോളർ ആയി. നിക്കൽ 1.64 ഉം സിങ്ക് 1.67 ഉം ലെഡ് 0.62 ഉം ശതമാനം ഇടിഞ്ഞു. ടിൻ 0.46 ശതമാനം കയറി.
വിപണിസൂചനകൾ
(2024 സെപ്റ്റംബർ 05, വ്യാഴം)
സെൻസെക്സ് 30 82,201.16 -0.18%
നിഫ്റ്റി50 25,145.10 -0.21%
ബാങ്ക് നിഫ്റ്റി 51,473.05 +0.14%
മിഡ് ക്യാപ് 100 59,448.50 +0.38%
സ്മോൾ ക്യാപ് 100 19,520.95 +1.03%
ഡൗ ജോൺസ് 30 40,755.75
-0.54%
എസ് ആൻഡ് പി 500 5503.41 -0.30%
നാസ്ഡാക് 17,127.66 +0.25%
ഡോളർ($) ₹83.98 +₹0.01
ഡോളർ സൂചിക 101.11 -0.25
സ്വർണം (ഔൺസ്) $2517.20 +$21.00
സ്വർണം (പവൻ) ₹53,360 ₹00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $72.69 -$00.01