ഡോളറും പലിശയും വിപണിഗതി നിയന്ത്രിക്കും; വിലക്കയറ്റ പ്രവണത കുറയുന്നില്ല; ഡോളർ സൂചിക താഴുന്നു
ക്രൂഡ് ഓയിൽ 80 ഡോളറിനു താഴെ; സ്വർണം താഴ്ന്നു; ക്രിപ്റ്റോകൾ കയറി;
വിലക്കയറ്റം, പലിശ, ഡോളർ തുടങ്ങിയ വിഷയങ്ങളിലെ അനിശ്ചിതത്വം ഈ ദിവസങ്ങളിൽ പാശ്ചാത്യ വിപണികളെ ഉലയ്ക്കുന്നുണ്ട്. അവിടെ നിന്നുള്ള നിക്ഷേപകർ ഇന്ത്യയിൽ നിന്നു പണം പിൻവലിക്കുന്നതും ഇനിയും കുറയാൻ കൂട്ടാക്കാത്ത വിലക്കയറ്റവും ഇന്ത്യൻ വിപണിയെയും ഉലയ്ക്കുന്നു. വിപണിയിൽ ചാഞ്ചാട്ടം തുടരും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. ക്രൂഡ് ഓയിൽ വില 80 ഡോളറിനു താഴെ ആയത് ആശ്വാസമാണ്. രൂപ ഇന്നലെയും ദുർബലമായെങ്കിലും ഡോളർ സൂചിക അൽപം താഴ്ന്നത് രൂപയുടെ മേലുള്ള സമ്മർദം കുറയ്ക്കും.
ഡിസംബറിലെ ചില്ലറവിലക്കയറ്റം നാമമാത്രമായി കുറഞ്ഞിരുന്നു. 5.48 ൽ നിന്ന് 5.22 ശതമാനത്തിലേക്ക്. ഇന്നലെ വന്ന മൊത്തവില സൂചിക ഡിസംബറിൽ 2.37 ശതമാനം വിലക്കയറ്റം കാണിക്കുന്നു. നവംബറിൽ 1.89 ശതമാനം ആയിരുന്നു. വിലക്കയറ്റം കൂടും എന്ന സൂചന നൽകുന്നതാണു മൊത്തവിലക്കയറ്റ കണക്ക്. ഫെബ്രുവരിയിൽ പലിശ കുറയ്ക്കാനുള്ള സാധ്യത നിഷേധിക്കുന്നതാണ് ഇത്.
ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റുകൾ (ജിപിയു) കയറ്റുമതി ചെയ്യുന്നതു നിയന്ത്രിക്കാൻ യുഎസ് ഭരണകൂടം നീങ്ങുന്നത് ഇന്ത്യക്ക് നിർമിതബുദ്ധി 6 മേഖലയിലെ മുന്നേറ്റത്തിനു തടസമാകും. ഇന്ത്യക്ക് ഇവ വാങ്ങാൻ ലൈസൻസ് നിർബന്ധമാക്കുമെന്നു ബൈഡൻ ഭരണകൂടം പറയുന്നു. ഡോണൾഡ് ട്രംപ് ഈ നീക്കത്തോട് എങ്ങനെയാണു പ്രതികരിക്കുക എന്ന് അറിവായിട്ടില്ല.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 23,300 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,310 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച തുടക്കത്തിൽ ഗണ്യമായി ഉയർന്നെങ്കിലും ഒടുവിൽ നേട്ടങ്ങൾ കുറച്ച് ക്ലാേസ് ചെയ്തു.
യുഎസ് വിപണി ചൊവ്വാഴ്ചയും ഭിന്ന ദിശകളിലായി. ഡൗ ജോൺസും എസ് ആൻഡ് പിയും അൽപം കയറിയപ്പോൾ നാസ്ഡാക് താഴ്ന്നു. ടെക് ഓഹരികൾക്കു വിലയിടിഞ്ഞു. യുഎസ് മൊത്തവില സൂചിക പ്രതീക്ഷയിലും കുറച്ചു മാത്രമേ വർധിച്ചുള്ളു. ഇന്നു ചില്ലറവിലക്കയറ്റ സൂചിക പുറത്തുവരും. നവംബറിൽ 2.7 ശതമാനമായിരുന്ന വിലക്കയറ്റം ഡിസംബറിൽ 2.9 ശതമാനം ആകുമെന്നാണ് നിഗമനം.
ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 221.16 പോയിൻ്റ് (0.52%) കയറി 42,518.28 ലും എസ് ആൻഡ് പി 500 സൂചിക 6.69 പോയിൻ്റ് (0.11%) ഉയർന്ന് 5842.91 ലും ക്ലാേസ് ചെയ്തു. നാസ്ഡാക് സൂചിക 43.71 പോയിൻ്റ് (0.23%) നഷ്ടത്തോടെ 19,044.39 ൽ അവസാനിച്ചു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.09 ഉം എസ് ആൻഡ് പി 0.05 ഉം നാസ്ഡാക് 0.13 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.79 ശതമാനം ആയി തുടരുന്നു.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ കയറി. ജപ്പാനിൽ നിക്കൈ അര ശതമാനം ഉയർന്നു. ദക്ഷിണ കൊറിയയിലും ഓസ്ട്രേലിയയിലും സൂചികകൾ ഉയർന്നു.
ഇന്ത്യൻ വിപണി കയറി
നാലു ദിവസം താഴ്ന്ന ഇന്ത്യൻ വിപണി ഇന്നലെ അൽപം തിരിച്ചുകയറി. എങ്കിലും കരടികളുടെ പിടിയിൽ നിന്നു വിപണി മുക്തമായി എന്നു പറയാറായിട്ടില്ല. ഡിസംബറിലെ മൊത്തവിലക്കയറ്റം കൂടിയതും അതിലെ പ്രവണതകളും വിപണിക്ക് അസ്വസ്ഥത പകരുന്നതാണ്. യുഎസ് ഡോളറിൻ്റെയും ക്രൂഡ് ഓയിലിൻ്റെയും ഗതിയും വിപണിയുടെ വഴി നിർണയിക്കും.
കഴിഞ്ഞ ദിവസം മുഖ്യ സൂചികകളേക്കാൾ കൂടുതൽ തകർന്ന മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നലെ കൂടുതൽ ഉയർന്നു. മുഖ്യ സൂചികകൾ രാവിലെ ഉണ്ടാക്കിയ നേട്ടത്തിൻ്റെ ഗണ്യമായ ഭാഗം നഷ്ടപ്പെടുത്തിയാണു ക്ലോസ് ചെയ്തത്.
ചൊവ്വാഴ്ച നിഫ്റ്റി 90.10 പോയിൻ്റ് (0.39%) കയറി 23,176.05 ൽ അവസാനിച്ചു. സെൻസെക്സ് 169.62 പോയിൻ്റ് (0.22%) ഉയർന്ന് 76,499.63 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 687.90 പോയിൻ്റ് (1.43%) കുതിച്ച് 48,729.15 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 2.45 ശതമാനം (1286.10 പോയിൻ്റ്) കയറി 53,676.50 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 1.98 ശതമാനം (335.70 പോയിൻ്റ്) ഉയർന്ന് 17,257.80 ൽ ക്ലോസ് ചെയ്തു.
ഐടിയും എഫ്എംസിജിയും ഒഴികെ എല്ലാ മേഖലകളും ഇന്നലെ ഉയർന്നു. പൊതു മേഖലാ ബാങ്കുകൾ, മെറ്റൽ, മീഡിയ, ഓട്ടോ മേഖലകൾ വലിയ നേട്ടം ഉണ്ടാക്കി.
അദാനി ഗ്രൂപ്പ് കമ്പനികൾ ഇന്നലെ വലിയ കുതിപ്പിലായിരുന്നു. ഗ്രൂപ്പിൻ്റെ വിപണിമൂല്യം 1.08 ലക്ഷം കോടി രൂപ ഉയർന്നു. അദാനി പവർ 19.99 ഉം ഗ്രീൻ എനർജി13.52 ഉം എനർജി സൊലൂഷൻസ് 12.23 ഉം ടോട്ടൽ ഗ്യാസ് 6.43ഉം എൻഡിടിവി 6.07 ഉം എൻ്റർപ്രൈസസ് 7.05 ഉം പോർട്സ് 5.25 ഉം അംബുജ സിമൻ്റ് 4.66 ഉം എസിസി 4.71 ഉം ശതമാനം കയറി. ഗ്രൂപ്പ് കമ്പനികളുടെ മൂന്നാം പാദ പ്രവർത്തനം സംബന്ധിച്ചു നൽകിയ ആവേശകരമായ റിപ്പോർട്ടാണു കയറ്റത്തിനു കാരണം.
തുടർച്ചയായ ഏഴു ദിവസം ഇടിഞ്ഞ കല്യാൺ ജ്വല്ലേഴ്സ് ഓഹരി ഇന്നലെ 4.07 ശതമാനം ഉയർന്നു. എഫ്എസിടി 3.5 ഉം കൊച്ചിൻ ഷിപ്പ് യാർഡ് അഞ്ചും ശതമാനം ഉയർന്നു. ഏഴു ദിവസം തുടർച്ചയായി താഴ്ന്ന ഫെഡറൽ ബാങ്ക് ഇന്നലെ 3.18 ശതമാനം കയറി. മണപ്പുറം ജനറൽ ഫിനാൻസ് 5.7 ശതമാനം ഉയർന്നു.
റിസൽട്ട് പ്രതീക്ഷയോളം വരാതിരുന്ന എച്ച്സിഎൽ ടെക് 8.7 ശതമാനം ഇടിഞ്ഞു. സിഇഒ രാജിവച്ചത് യുനൈറ്റഡ് സ്പിരിറ്റ്സ് ഓഹരിയെ അഞ്ചു ശതമാനം താഴ്ത്തി. ലാഭവളർച്ച കുറഞ്ഞത് ഏഞ്ചൽ വൺ ബ്രോക്കിംഗിനെ ആറു ശതമാനം ഇടിവിലാക്കി.
മികച്ച വളർച്ച പ്രതീക്ഷയിൽ എൻടിപിസി ഗ്രീനും മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സും 10 ശതമാനം ഉയർന്നു.
വിദേശ നിക്ഷേപകർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 8132.26 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 7901.06 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. വിദേശികൾ ഈ മാസം ഇതു വരെ 34,382.56 കോടിയുടെ ഓഹരികൾ വിറ്റു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി. ബിഎസ്ഇയിൽ 2823 ഓഹരികൾ ഉയർന്നപ്പോൾ 1144 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 2117 എണ്ണം ഉയർന്നു, താഴ്ന്നത് 700 എണ്ണം.
നിഫ്റ്റി 23,350 മറികടന്നാലേ തുടർക്കയറ്റം പ്രതീക്ഷിക്കാനാവൂ. ഉയരാത്ത പക്ഷം 23,000- 22,800 മേഖലയിലെ പിന്തുണയോടെ സമാഹരണം തുടരും. നിഫ്റ്റിക്ക് ഇന്ന് 23,140 ലും 23,060 ലും ഹ്രസ്വകാല പിന്തുണ കിട്ടാം. 23,245 ഉം 23,320 ഉം തടസങ്ങൾ ആകാം.
റിസൽട്ടുകൾ
എച്ച്ഡിഎഫ്സി ലൈഫ്, എൽ ആൻഡ് ടി ടെക്നോളജി സർവീസസ്, സിയറ്റ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഓറക്കിൾ തുടങ്ങിയവ ഇന്നു റിസൽട്ട് പ്രസദ്ധീകരിക്കും.
നെറ്റ് വർക്ക് 18 മീഡിയയുടെ മൂന്നാം പാദ വരുമാന വളർച്ചയും ലാഭമാർജിനും കുറഞ്ഞു.
ഷോപ്പേഴ്സ് സ്റ്റോപ്പിൻ്റെ മൂന്നാം പാദ വരുമാനം 11.5 ശതമാനം കൂടിയപ്പോൾ ലാഭം 41.7 ശതമാനം വർധിച്ചു.
ബനാറസ് ഹോട്ടൽസിൻ്റെ വരുമാനം 15.6 ശതമാനം കൂടി, ലാഭം 20 ശതമാനം കൂടി.
ഹാഥ്‌വേ കേബിൾ വരുമാനം 1.3 ശതമാനം കൂടി, ലാഭം 39 ശതമാനം കുതിച്ചു.
സുല വിന്യാർഡ്സിൻ്റെ മൊത്തം വരുമാനം 0.7 ശതമാനം കുറഞ്ഞു.
കമ്പനികൾ, വാർത്തകൾ
ജാർഖണ്ഡിലെ ബൻഹാർദി കൽക്കരി ബ്ലോക്ക് ഖനനത്തിന്റെ 3167 കോടിയുടെ ധനകാര്യകരാർ കിട്ടാൻ സാധ്യത. എൻടിപിസിയും ജാർഖണ്ഡ് ബിജലി വിതരണ നിഗമും ചേർന്ന സംയുക്ത കമ്പനിക്കാണു ഖനനാവകാശം.
സൗദി അറേബ്യയിൽ മൂന്നര ലക്ഷം ടൺ ശേഷിയുളള എൽഎസ്എഡബ്ല്യു പെെപ്പ് നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ വെൽസ്പൺ കോർപറേഷൻ സൗദി അരാംകാേയുമായി കരാർ ഒപ്പിട്ടു.
1460 കോടി രൂപയുടെ സോളർ മൊഡ്യൂളുകളും സോളർ സെല്ലുകളും നൽകാൻ പ്രീമിയർ എനർജീസിനു രണ്ട് ഊർജ ഉൽപാദകരിൽ നിന്നു കരാർ ലഭിച്ചു.
സ്വർണം താഴ്ന്നു
പലിശയും ഡോളറും സംബന്ധിച്ച അനിശ്ചിതത്വം സ്വർണവിലയെ ചാഞ്ചാടിക്കുന്നു. ചില്ലാവിലക്കയറ്റ കണക്ക് ഇന്നു വരുമ്പോഴേ ഇവയുടെ ഗതി പറയാനാവൂ. തിങ്കളാഴ്ച ഇടിഞ്ഞ സ്വർണവില ഇന്നലെ ഗണ്യമായി തിരിച്ചു കയറി. ഔൺസിന് 15.30 ഡോളർ ഉയർന്ന് 2678.80 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2674 ലേക്കു താഴ്ന്നു.
കേരളത്തിൽ ചാെവ്വാഴ്ച സ്വർണവില പവന് 80 രൂപ കുറഞ്ഞ് 58,640 രൂപയിൽ എത്തി.
വെള്ളിവില ഔൺസിന് 29.87 ഡോളറിലേക്ക് കയറി.
ഡോളർ സൂചിക താഴുന്നു
പലിശ, വിലക്കയറ്റം, ട്രംപ് നയങ്ങൾ എന്നിവയെപ്പറ്റി ഉള്ള അനിശ്ചിതത്വം ഡോളർ സൂചികയെ താഴ്ത്തി. യൂറോ അടക്കമുള്ള കറൻസികൾ അൽപം ഉയർന്നു. ഡോളർ സൂചിക 0.69 പോയിൻ്റ് കുറഞ്ഞ് 109.27 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 109.23 വരെ താഴ്ന്നു.
രൂപ ചൊവ്വാഴ്ച ഉയരാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. രാവിലെ ഡോളർ ഒൻപതു പൈസ താഴ്ന്ന് 86.49 രൂപയിൽ ഓപ്പൺ ചെയ്തു. പക്ഷേ പിന്നീടു ഡോളർ 86.63 രൂപയിലേക്കു കയറി ക്ലോസ് ചെയ്തു. ഫോർവേഡ് വിപണിയിൽ ഡോളർ 86.69 രൂപയിലാണ്.
ക്രൂഡ് ഓയിൽ 80 ഡോളറിനു താഴെ
ക്രൂഡ് ഓയിൽ വില ഇന്നലെയും താഴ്ന്നു. ചൊവ്വാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ താഴ്ന്ന് 80.42 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 79.92 ഡോളർ വരെ കുറഞ്ഞു. ഡബ്ല്യുടിഐ ഇനം 77.90 ഉം യുഎഇയുടെ മർബൻ ക്രൂഡ് 81.67 ഉം ഡോളറിൽ നിൽക്കുന്നു.
ക്രിപ്റ്റോകൾ കയറി
പലിശ, ഡോളർ തുടങ്ങിയവയുടെ ഗതി വ്യക്തമല്ലാത്തതിനാൽ ക്രിപ്റ്റോ കറൻസികൾ ഇന്നലെയും ചാഞ്ചാട്ടം തുടർന്നു. ബിറ്റ് കോയിൻ 96,700 നു മുകളിൽ വന്നു. ഈഥർ വില 3240 ഡോളറിലേക്കു കയറി.
അലൂമിനിയവും ലെഡും ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഉയർന്നു. അലൂമിന ( അലൂമിനിയം ഓക്സൈഡ്) വില ഗണ്യമായി ഇടിയുന്ന സാഹചര്യത്തിലാണ് അലൂമിനിയം താഴുന്നത്. ചെമ്പ് 0.61 ശതമാനം കയറി ടണ്ണിന് 9033.70 ഡോളറിലെത്തി. അലൂമിനിയം 0.50 ശതമാനം താഴ്ന്ന് 2557.71 ഡോളർ ആയി. ടിൻ 0.30 ഉം നിക്കൽ 0.26 ഉം സിങ്ക് 0.30 ഉം ശതമാനം ഉയർന്നു. ലെഡ് 1.03 ശതമാനം താഴ്ന്നു.
വിപണി സൂചനകൾ
(2024 ജനുവരി 14, ചൊവ്വ)
സെൻസെക്സ് 30 76,499.63 +0.22%
നിഫ്റ്റി50 23,176.05 +0.39%
ബാങ്ക് നിഫ്റ്റി 48,729.15 +1.43%
മിഡ് ക്യാപ് 100 53,676.50 +2.45%
സ്മോൾ ക്യാപ് 100 17,257.80 +1.98%
ഡൗ ജോൺസ് 42,518.28 +0.52%
എസ് ആൻഡ് പി 5842.91 +0.11%
നാസ്ഡാക് 19,044.39 -0.23%
ഡോളർ($) ₹86.63 +₹0.05
ഡോളർ സൂചിക 109.27 -0.69
സ്വർണം (ഔൺസ്) $2678.80 +$15.30
സ്വർണം(പവൻ) ₹58,640 -₹80.00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $80.42 -$00.59