വിപണി ഉയരത്തില്‍! അദാനി കമ്പനികള്‍ക്ക് നേട്ടം, കല്യാണ്‍ ജ്വല്ലേഴ്‌സ് താഴേക്ക്, നേട്ടത്തില്‍ തുടങ്ങി ഇന്ത്യന്‍ രൂപ
മുഖ്യ സൂചികകള്‍ കയറിയിറങ്ങി, ബാങ്ക് നിഫ്റ്റി ഇടയ്ക്കു നഷ്ടത്തിലായ ശേഷം തിരിച്ചു കയറി;
ഇന്ത്യന്‍ വിപണി ഇന്ന് ഉയര്‍ന്നു വ്യാപാരം തുടങ്ങി. മുഖ്യ സൂചികകള്‍ കയറിയിറങ്ങി. ബാങ്ക് നിഫ്റ്റി ഇടയ്ക്കു നഷ്ടത്തിലായ ശേഷം തിരിച്ചു കയറി.
സൗദിയില്‍ വലിയ പൈപ്പ് ഫാക്ടറി തുടങ്ങാന്‍ കരാര്‍ ഉണ്ടാക്കിയ വെല്‍സ്പണ്‍ കോര്‍പറേഷന്‍ അഞ്ചു ശതമാനം ഉയര്‍ന്നു.
വലിയ കരാറുകള്‍ ലഭിച്ച പ്രീമിയര്‍ എനര്‍ജീസ് ഓഹരി അഞ്ചു ശതമാനം കയറി.
മികച്ച റിസല്‍ട്ടിന്റെ ബലത്തില്‍ ഷോപ്പേഴ്‌സ് സ്റ്റോപ് ഒന്‍പതു ശതമാനം കുതിച്ചു.
ഫെഡറല്‍ ബാങ്ക് ഓഹരി രാവിലെ രണ്ടു ശതമാനം കയറി. 196 രൂപയില്‍ എത്തിയിട്ട് അല്‍പം താഴ്ന്നു. കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരി രാവിലെ രണ്ടു ശതമാനത്തോളം താഴ്ന്നു.
ഇന്നലെ വലിയ കുതിപ്പ് നടത്തിയ അദാനി ഗ്രീന്‍ രാവിലെ അഞ്ചു ശതമാനം കയറി. മറ്റ് അദാനി ഗ്രൂപ്പ് ഓഹരികളും നേട്ടത്തിലാണ്.
ബ്രോക്കറേജുകള്‍ നല്ല ശിപാര്‍ശ നല്‍കിയ മാരുതി സുസുകി, ബജാജ് ഓട്ടോ, ബിഎസ്ഇ ലിമിറ്റഡ് എന്നിവ ഗണ്യമായി ഉയര്‍ന്നു.
രൂപ ഇന്നു നല്ല നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ 14 പൈസ താണ് 86.49 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്. പിന്നീട് 86.55 രൂപയായി. ഡോളര്‍ സൂചിക ഗണ്യമായി താഴ്ന്നതാണു കാരണം. കഴിഞ്ഞ ദിവസം 110നു മുകളില്‍ കയറിയ ഡോളര്‍ സൂചിക ഇന്നു 109.25ലാണ്. രൂപയെ ഏതെങ്കിലും ഒരു നിലവാരത്തില്‍ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നില്ല എന്നും വലിയ മാറ്റം ഉണ്ടാകാതെ നോക്കുന്നതു മാത്രമേ ഉള്ളുവെന്നും ആണ് ഔദ്യോഗിക വിശദീകരണം.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2,675 ഡോളറില്‍ എത്തി. കേരളത്തില്‍ ആഭരണസ്വര്‍ണം പവന് 80 രൂപ കൂടി 58,720 രൂപയായി.
ക്രൂഡ് ഓയില്‍ ചാഞ്ചാടുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് 79.90 ഡോളര്‍ വരെ താഴ്ന്നിട്ട് 80.04 ലേക്കു കയറി.