മുന്നില്‍നിന്ന് നയിച്ച് റിലയന്‍സും എച്ച്.ഡി.എഫ്.സിയും; ഓഹരികളില്‍ കരകയറ്റം, ആസ്റ്ററിന് വന്‍ ക്ഷീണം
റേറ്റിംഗ് തിളക്കത്തില്‍ മിന്നി എ.ബി.ബി ഇന്ത്യ; ധനലക്ഷ്മി ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും നഷ്ടത്തില്‍
നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി ഒരു പ്രവൃത്തിദിനം മാത്രം ശേഷിക്കേ, ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് കാഴ്ചവച്ചത് മികച്ച നേട്ടം. ആഗോളതലത്തില്‍ നിന്ന് വീശിയെത്തിയ പോസിറ്റീവ് കാറ്റും നിരവധി കമ്പനികള്‍ക്ക് ബ്രോക്കറേജുകളില്‍ നിന്ന് ലഭിച്ച മികച്ച റേറ്റിംഗും നിഫ്റ്റിയുടെ പുനഃക്രമീകരണം നടക്കാനിരിക്കേ നിരവധി ഓഹരികള്‍ സ്വന്തമാക്കിയ ഉയര്‍ന്ന വാങ്ങല്‍ താത്പര്യങ്ങളുമാണ് ഇന്ത്യന്‍ ഓഹരി സൂചികകളെ നേട്ടത്തിലേറ്റിയത്.
സെന്‍സെക്‌സ് 526.01 പോയിന്റുയര്‍ന്ന് (+0.73%) 72,996.31ലും നിഫ്റ്റി 118.95 പോയിന്റ് (+0.54%) നേട്ടവുമായി 22,123.65ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നൊരുവേള നിഫ്റ്റി 22,193 വരെയും സെന്‍സെക്‌സ് 73,138 വരെയും ഉയര്‍ന്നിരുന്നു.
നിഫ്റ്റി 50ല്‍ 22 ഓഹരികള്‍ ഇന്ന് നേട്ടത്തിലും 27 എണ്ണം നഷ്ടത്തിലുമായിരുന്നു. ഒരു ഓഹരിയുടെ വില മാറിയില്ല. 3.49 ശതമാനം കുതിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് നേട്ടത്തിന് ചുക്കാന്‍ പിടിച്ച പ്രമുഖ ഓഹരി. മാരുതി സുസുക്കി 2.53 ശതമാനവും ബജാജ് ഓട്ടോ 2.16 ശതമാനവും ഉയര്‍ന്ന് തൊട്ടുപിന്നിലുണ്ട്.
മാരുതിയുടെ ഓഹരിവില ഇന്ന് 12,724 എന്ന റെക്കോഡ് ഉയരം തൊട്ടിരുന്നു. വിപണിമൂല്യമാകട്ടെ ആദ്യമായി 4 ലക്ഷം കോടി രൂപയും ഭേദിച്ചു.
ബി.എസ്.ഇയില്‍ 3,949 ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 1,524 എണ്ണം നേട്ടത്തിലും 2,314 എണ്ണം നഷ്ടത്തിലുമായിരുന്നു. 111 ഓഹരികളുടെ വില മാറിയില്ല. 129 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 153 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍കീട്ട് ഇന്ന് കാലിയായിരുന്നു. രണ്ട് ഓഹരികള്‍ ലോവര്‍-സര്‍കീട്ടിലുണ്ടായിരുന്നു. ബി.എസ്.ഇയിലെ മൊത്തം ലിസ്റ്റഡ് കമ്പനികളുടെ സംയുക്ത നിക്ഷേപകമൂല്യം 1.07 ലക്ഷം കോടി രൂപ വര്‍ദ്ധിച്ച് 383.64 ലക്ഷം കോടി രൂപയിലുമെത്തി.
നേട്ടത്തിലേറിയവരും തളര്‍ന്നവരും
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസുക്കി, ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ, ടൈറ്റന്‍, കോട്ടക് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി. എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടം കുറിച്ച പ്രമുഖര്‍.
സെന്‍സെക്‌സിന്റെ ഉയര്‍ച്ചയില്‍ ഇന്ന് 58 ശതമാനം പങ്കുവഹിച്ചതും റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സില്‍ നിന്ന് മികച്ച വാങ്ങല്‍ (Buy) റേറ്റിഗും ഉയര്‍ന്ന ലക്ഷ്യവിലയും കിട്ടിയതാണ് ഇന്ന് റിലയന്‍സ് ഓഹരികളില്‍ കുതിപ്പേകിയത്. 2,925 രൂപയില്‍ നിന്ന് 3,400 രൂപയിലേക്കാണ് ലക്ഷ്യവില ഉയര്‍ത്തിയിട്ടുള്ളത്.
നാളെ നിഫ്റ്റി സൂചികയുടെ പുനഃക്രമീകണം നടക്കും. ഇത് എച്ച്.ഡി.എഫ്.സി ബാങ്ക്, എന്‍.ടി.പി.സി., പവര്‍ ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ തുടങ്ങി നിരവധി കമ്പനികളിലേക്ക് അധികനിക്ഷേപം എത്താന്‍ വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതാണ്, ഇന്നും ഈ ഓഹരികള്‍ നേട്ടത്തിലേറാന്‍ കളമൊരുക്കിയത്.
എ.ബി.ബി ഇന്ത്യ, ഇന്‍ഫോഎഡ്ജ് (നൗക്രി), മാക്‌സ് ഹെല്‍ത്ത്‌കെയര്‍, കെ.പി.ഐ.ടി ടെക്‌നോളജീസ്, എന്‍.എച്ച്.പി.സി എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയവര്‍. നിലവിലെ 6,200 രൂപ നിലവാരത്തില്‍ നിന്ന് എ.ബി.ബി ഇന്ത്യ ഓഹരി 7,550 രൂപ നിലവാരത്തിലേക്ക് കുതിക്കുന്ന ബ്രോക്കറേജ് സ്ഥാപനമായ യു.ബി.എസിന്റെ വിലയിരുത്തല്‍ ഓഹരികള്‍ ഇന്ന് ആഘോഷമാക്കുകയായിരുന്നു.
ബജാജ് ഹോള്‍ഡിംഗ്‌സ്, പി.ബി. ഫിന്‍ടെക് (പോളിസിബസാര്‍), കോള്‍ഗേറ്റ് പാമോലീവ്, അദാനി ടോട്ടല്‍ ഗ്യാസ്, ആര്‍.ഇ.സി ലിമിറ്റഡ് എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടവ. സെന്‍സെക്‌സില്‍ വിപ്രോ, യു.പി.എല്‍., ഹീറോ മോട്ടോകോര്‍പ്പ്, നെസ്‌ലെ, ടാറ്റാ മോട്ടോഴ്‌സ്, ടി.സി.എസ് എന്നിവ നഷ്ടത്തില്‍ മുന്നില്‍ നിന്ന പ്രമുഖരാണ്.
വിശാലവിപണിയുടെ ട്രെന്‍ഡ്
ക്രൂഡോയില്‍ വില താഴേക്കുനീങ്ങിയ പശ്ചാത്തലത്തില്‍ നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 0.54 ശതമാനം കയറി. നിഫ്റ്റി റിയല്‍റ്റി 0.85 ശതമാനം, സ്വകാര്യബാങ്ക് 0.60 ശതമാനം, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 0.66 ശതമാനം, ഓട്ടോ 0.51 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി.
നിഫ്റ്റി മിഡ്ക്യാപ്പ് 0.06 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.96 ശതമാനവും ഉയര്‍ന്നു. 0.40 ശതമാനമാണ് ബാങ്ക് നിഫ്റ്റിയുടെ നേട്ടം. അതേസമയം, പൊതുമേഖലാ ബാങ്ക് സൂചിക 0.97 ശതമാനം താഴ്ന്നു. നിഫ്റ്റി എഫ്.എം.സി.ജി., ഐ.ടി., മീഡിയ, ഫാര്‍മ, മെറ്റല്‍ സൂചികകളും ഇന്ന് ചുവപ്പണിഞ്ഞു.
ചുവപ്പണിഞ്ഞ് ആസ്റ്ററും പോപ്പുലറും
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരി ഇന്ന് 7.28 ശതമാനം ഇടിഞ്ഞു. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഒളിമ്പസ് കാപ്പിറ്റല്‍ ബ്ലോക്ക് ഡീലിലൂടെ 10 ശതമാനം ഓഹരികള്‍ വിപണിവിലയേക്കാള്‍ കുറഞ്ഞവിലയ്ക്ക് വിറ്റതാണ് ആസ്റ്റര്‍ ഓഹരികളെ തളര്‍ത്തിയത്.
പോപ്പുലര്‍ വെഹിക്കിള്‍സ് 5.51 ശതമാനം, ധനലക്ഷ്മി ബാങ്ക് 4.50 ശതമാനം, വെര്‍ട്ടെക്‌സ് 5 ശതമാനം, ആസ്പിന്‍വാള്‍ 4.82 ശതമാനം എന്നിങ്ങനെയും നഷ്ടത്തിലാണുള്ളത്.
ഇസാഫ് ബാങ്ക് 3.45 ശതമാനവും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 2.13 ശതമാനവും മുത്തൂറ്റ് കാപ്പിറ്റല്‍ 3.36 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് 2.32 ശതമാനവും താഴ്ന്നു.
അതേസമയം കല്യാണ്‍ ജുവലേഴ്‌സ് ഇന്നും തിളങ്ങി; ഓഹരി 3.59 ശതമാനം മുന്നേറി. സി.എസ്.ബി ബാങ്ക് 2.34 ശതമാനം, വി-ഗാര്‍ഡ് 3.36 ശതമാനം, ടി.സി.എം 3.50 ശതമാനം എന്നിങ്ങനെയും നേട്ടമുണ്ടാക്കി.