പുതുവാരത്തിന് നഷ്ടത്തുടക്കം, നേട്ടം തുടര്‍ന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, അദാനി കമ്പനികള്‍ക്ക് അവസാനലാപ്പില്‍ അപ്രതീക്ഷിത കുതിപ്പ്
ലോവര്‍ സര്‍ക്യൂട്ടില്‍ കിറ്റെക്‌സ്
രാവിലത്തെ നേട്ടം കൈവിട്ട് പുതിയ വാരത്തിന് നഷ്ടത്തോടെ തുടക്കം കുറിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞ് 78,248ലും നിഫ്റ്റി 168 പോയിന്റ് താഴ്ന്ന് 23,644ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍സെക്‌സില്‍ ഇന്ന് പാതിയോളം ഓഹരികളും ചുവപ്പണിഞ്ഞു. ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ടി.സി.എസ്, ബജാജ് ഫിന്‍സെര്‍വ്, എല്‍ ആന്‍ഡ് ടി എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. സൊമാറ്റ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സണ്‍ഫാര്‍മ, എച്ച.സി.എല്‍ ടെക്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയത്.
പുതുവര്‍ഷം തുടങ്ങാനിരിക്കെ വാഹന വില്‍പ്പനക്കണക്കുകളിലേക്കാണ് വിപണിയുടെ ശ്രദ്ധ. യു.എസ് ഡോളറിനെതിരെ രൂപ ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ കറന്‍സിയുടെ ചലനവും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പണമൊഴുക്കും പ്രത്യേക ശ്രദ്ധനേടുന്നു.
സെനോറസ് ഫാര്‍മ, വെന്റീവ് ഹോസ്പിറ്റാലിറ്റി, കരാരോ ഇന്ത്യ എന്നീ മൂന്ന് ഐ.പി.ഒകള്‍ ഇന്ന് ലിസ്റ്റ് ചെയ്തു.
ഓട്ടോ സൂചികയാണ് ഇന്ന് സെന്‍സെക്‌സിന്റെ നഷ്ടത്തിന് ചുക്കാന്‍ പിടിച്ചത്. ഒരു ശതമാനത്തോളം ഇടിവിലാണ് സൂചിക. മെറ്റല്‍, പി.എസ്.യു ബാങ്ക്, റിയല്‍റ്റി എന്നിവയും ഇന്ന് ഒരു ശതമാനത്തിലധികം നഷ്ടത്തിലായി.
അദാനി ഓഹരികൾക്ക് മുന്നേറ്റം
അദാനിഗ്രൂപ്പിന്റെ മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസസിന് വെഞ്ച്വറ സെക്യൂരിറ്റീസ് ബൈ ശുപാര്‍ശ നല്‍കിയത് ഓഹരിയില്‍ 7.26 ശതമാനം ഉയര്‍ച്ചയുണ്ടാക്കി. ഓഹരിക്ക് അടുത്ത 24 മാസത്തിനുള്ളില്‍ 58 ശതമാനം ഉയര്‍ച്ചയാണ് ബ്രോക്കറേജ് പ്രവചിക്കുന്നത്.
എഫ്.എം.സി.ജി ഫുഡ് ബിസിനസില്‍ നിന്ന് പിന്‍മാറുകയാണെന്ന് അദാനി എന്റര്‍പ്രൈസസ് ഇന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരുന്നു. അദാനി വില്‍മറിലെ ശേഷിക്കുന്ന 44 ശതമാനം ഓഹരികള്‍ കൂടി വിറ്റഴിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടു ഘട്ടങ്ങളായാണ് ഓഹരിയില്‍ നിന്ന് പിന്മാറുന്നത്. അദാനി കമ്മോഡിറ്റീസിന്റെ കൈവശമുള്ള അദാനി വില്‍മറിന്റെ 31.06 ശതമാനം ഓഹരികള്‍ വില്‍മര്‍ ഇന്റര്‍നാഷണലിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ലെന്‍സ് ഏറ്റെടുക്കും. കോള്‍ ഓപ്ഷന്‍ അല്ലെങ്കില്‍ പുട്ട് ഓപ്ഷന്‍ പ്രകാരമായിരിക്കും കൈമാറ്റം. പൊതു ഓഹരി പങ്കാളിത്ത നിബന്ധനകള്‍ പാലിക്കാന്‍ ആദാനി വില്‍മറിലെ 13 ശതമാനം ഓഹരികള്‍ അദാനി എന്റര്‍പ്രൈസസും വിറ്റഴിക്കും. അദാനി വില്‍മര്‍ ഓഹരികള്‍ രണ്ട് ശതമാനത്തോളം ഇടിവിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം അദാനി പവര്‍ ഇന്ന് 7.02 ശതമാനം ഉയര്‍ന്നു. അദാനി ടോട്ടല്‍ ഗ്യാസ് 14.99 ശതമാനം മുന്നേറ്റമാണ് കാഴ്ചവച്ചത്. അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി ഗ്രീന്‍ എനര്‍ജി എന്നിവയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കേരളം ഓഹരികളുടെ പ്രകടനം
കേരള ഓഹരികളില്‍ ഇന്ന് ഭൂരിഭാഗവും നഷ്ടച്ചുവപ്പിലാണ്. കിറ്റെക്‌സ് അഞ്ച് ശതമാനം ലോവര്‍ സര്‍ക്യൂട്ട് അടിച്ചു. പാറ്റ്‌സ്പിന്‍, പോപ്പീസ്, പ്രൈമ ആഗ്രോ, പാറ്റ്‌സ്പിന്‍ ഇന്ത്യ, കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വേഴ്‌സ് എന്നിവയും ഇന്ന് നഷ്ടത്തിലായി.
ഈസ്റ്റേണ്‍ ട്രെഡ്‌സാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. പ്രൈമ ഇന്‍ഡസ്ട്രീസ്, സഫ സിസ്റ്റംസ്, കല്യാണ്‍ ജുവലേഴ്‌സ് എന്നിവയും നേട്ടത്തില്‍ മുന്നിലുണ്ട്.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്നും മുന്നേറ്റത്തിലാണ്. അദാനി പോര്‍ട്ടില്‍ നിന്ന് മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി എട്ട് ആധുനിക ഹാര്‍ബര്‍ ടഗുകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞ ദിവസം ഓര്‍ഡര്‍ ലഭിച്ചതാണ് ഓഹരിയെ മുന്നേറ്റത്തിലാക്കിയത്. വെള്ളിയാഴ്ച ഓഹരി അഞ്ചു ശതമാനം അപ്പർ സര്‍ക്യൂട്ടിലെത്തിയിരുന്നു.