ഓഹരി വിപണി: ഇപ്പോള്‍ ചെയ്യേണ്ടതും അരുതാത്തതും

Update:2018-10-31 17:00 IST

ഈയിടെയായി ഓഹരി വിപണി നിക്ഷേപകരെ പേടിപ്പിച്ചുകൊണ്ടേയിരിക്കുന്നു. തഴക്കവും പഴക്കവുമുള്ള നിക്ഷേപകര്‍പോലും പരിഭ്രാന്തരാണ്. മിഡ്കാപില്‍ നിക്ഷേപിച്ചിരുന്ന പലര്‍ക്കും സമ്പാദ്യത്തില്‍ നല്ലൊരു ഭാഗം നഷ്ടമായി. മാത്രമല്ല അവരുടെ ആത്മവിശ്വാസം തന്നെ ചോര്‍ന്നു തുടങ്ങി.

2016 ഫെബ്രുവരി മുതല്‍ കുതിപ്പിലായിരുന്ന സെന്‍സെക്‌സും നിഫ്റ്റിയും ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തുന്നത് ഇപ്പോഴാണ്. ഇതിനിടയില്‍ 2016 ന്റെ അവസാന പാദത്തിലും 2018 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലും തിരുത്തലുകളുണ്ടായെങ്കിലും അത് വളരെ ചെറുതായിരുന്നു. പക്ഷേ, ഇപ്പോള്‍ സെന്‍സെക്‌സിലും നിഫ്റ്റിയിലും 12 ശതമാനത്തിനടുത്താണ് ഇടിവ്. ഇനിയും വലിയ വീഴ്ചകള്‍ക്കുള്ള സാധ്യതകള്‍ വിദഗ്ധര്‍ തള്ളിക്കളയുന്നുമില്ല. രൂപയുടെ വിലയിടിവ്, ഉയരുന്ന ക്രൂഡ് ഓയ്ല്‍ വില, വ്യാപാര യുദ്ധം, യുഎസ് ട്രഷറി നേട്ടത്തിലെ ഉയര്‍ച്ച, വിപണിയിലെ പണ ലഭ്യതക്കുറവ് എന്നിവയെല്ലാം ഭീഷണിയാകുന്നുണ്ട്.

എന്നാല്‍ ഈ ഒരു ബെയര്‍മാര്‍ക്കറ്റ് ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കുമെന്നാണ് പ്രമുഖ ഫണ്ട് മാനേജറായ മാര്‍ക്ക് മൊബിയസ് പറയുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയെ ശുഭാപ്തിവിശ്വാസത്തോടെ കാണുന്ന മൊബിയസ് നിലവിലെ സാഹചര്യം ഒരു അവസരമാക്കി മാറ്റണമെന്ന് നിക്ഷേപകരോട് പറയുന്നു.

ഈ സമയത്ത് നിക്ഷേപകര്‍ക്ക് അറിയേണ്ടത് എങ്ങനെയാണ് മുന്നോട്ടു പോകേണ്ടതെന്നാണ്. അതായത് പണമുണ്ടാക്കാന്‍ ഏതു സമയത്ത് ഏതു ഓഹരി, എത്ര എണ്ണം വാങ്ങണം? എന്നൊക്കെ. എന്നാല്‍ ഒരു ഓഹരി തെരഞ്ഞെടുക്കുക എന്നത് രണ്ടു ശതമാനം മാത്രം ശ്രമം വേണ്ട കാര്യമാണെന്നും ബാക്കി 98 ശതമാനം ശ്രമവും വേണ്ടത് സ്റ്റോക്ക് മാര്‍ക്കറ്റ് കാരക്ടര്‍ ഉണ്ടാക്കാനാണെന്നാണ് മോട്ട് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പോര്‍ട്ട്‌ഫോളിയോ മാനേജര്‍ സൂരജ് നായര്‍ പറയുന്നത്.

'നമ്മള്‍ മാര്‍ക്കറ്റില്‍ പോയി അരി വാങ്ങുകയാണെങ്കില്‍ നല്ല അരി വാങ്ങണമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതേപോലെ ഗുണമേന്മയുള്ള ഓഹരികള്‍ വാങ്ങണമെന്നൊക്കെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഏതു മേഖലയിലേക്ക് ഇറങ്ങിയാലും അതിന്റെ സ്വഭാവം അറിഞ്ഞിരിക്കുക എന്നതും അതില്‍ വിശ്വാസമുണ്ടാവുകയും ചെയ്യുക എന്നതാണ് പ്രധാനം.' റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തെയാണ് ഇതിനായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. വില ഇപ്പോള്‍ കുറവാണെങ്കിലും ഭാവിയില്‍ സ്ഥലവില ഉയരുക തന്നെ ചെയ്യും എന്ന് പറയാന്‍ സാധിക്കുന്നത് റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന്റെ സ്വഭാവം അറിയുന്നതുകൊണ്ടാണ്. അതേപോലെ ഓഹരി വിപണിയുടെ സ്വഭാവം മനസിലാക്കി നീങ്ങിയാല്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് അര്‍ത്ഥം. നിലവിലെ സാഹചര്യത്തില്‍ നിക്ഷേപകര്‍ ചെയ്യേണ്ടതും അരുതാത്തതുമായ ചില കാര്യങ്ങള്‍.

ലാര്‍ജ് കാപ്പില്‍ ഉറച്ചു നില്‍ക്കുക

ഓരോ മേഖലയിലും ലാര്‍ജ് കാപ് ഓഹരികളായിരിക്കും സെക്ടര്‍ ലീഡര്‍. മാത്രമല്ല വിപണി തിരിച്ചു കയറുമ്പോള്‍ ആദ്യം ശക്തിപ്രാപിക്കുന്നതും ഇത്തരം ഓഹരികളായിരിക്കും. അതേസമയം ചെറുകിട ഓഹരികള്‍ തിരുത്തലുകളില്‍ വലിയ ഇടിവിലേക്ക് പോകും. തിരിച്ച് ആ നിലവാരത്തിലേക്ക് എത്താന്‍ ദീര്‍ഘനാള്‍ എടുക്കുകയും ചെയ്യും. ഈ ഘട്ടത്തില്‍ ലാര്‍ജ് കാപ് ഓഹരികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു പറയാനുള്ള മറ്റൊരു കാരണം മ്യൂച്വല്‍ഫണ്ടുകള്‍ക്ക് വന്‍കിട ഓഹരികളില്‍ വലിയ പങ്കാളിത്തമുണ്ട് എന്നതാണ്. വിപണി തിരിച്ചു കയറുമ്പോള്‍ ഇത്തരം ഓഹരികളിലാകും ആദ്യം വാങ്ങല്‍ നടക്കുക.

എസ്‌ഐപിയിലൂടെ തുടരുക

വിപണി താഴുമ്പോള്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) ആണ് ഏറ്റവും മികച്ചത്. റുപീ കോസ്റ്റ് ആവറേജിംഗ് ആണ് എസ്‌ഐപിയുടെ ഗുണം. കുറഞ്ഞ വിലയില്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങുന്നതിനാല്‍ വിപണി തിരിച്ചു കയറുമ്പോള്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും. ഫോര്‍ട്ട്‌ഫോളിയിയില്‍ മാറ്റം വരുത്തരുതെന്നല്ല ഇതിനര്‍ത്ഥം. മറ്റു ഫണ്ടുകള്‍ക്കൊപ്പം മുന്നേറുന്നില്ല നിങ്ങളുടെ ഫണ്ടുകളെങ്കില്‍ മറ്റൊരു ഫണ്ടിലേക്ക് മാറാവുന്നതാണ്.

ആകര്‍ഷകമായ വാല്വേഷനില്‍ വാങ്ങുക

സെന്‍സെക്‌സിലെ 100 ഓഹരികളില്‍ മിക്കതും 10 ശതമാനം മുതല്‍ 40 ശതമാനം വരെ താഴേക്ക് പോയിട്ടുണ്ട്. ആകര്‍ഷകമായ വാല്വേഷനില്‍ ഓഹരികള്‍ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഇത് നിക്ഷേപകര്‍ക്ക് നല്‍കുന്നത്. അടിസ്ഥാനപരമായി ശക്തമായ കമ്പനികളിലെ നിക്ഷേപം ദീര്‍ഘകാലത്തില്‍ നേട്ടമുണ്ടാകും. നിങ്ങളുടെ പോര്‍ട്ട് ഫോളിയോയില്‍ കൂടുതല്‍ ആകര്‍ഷകമായ ഓഹരികള്‍ ഉള്‍പ്പെടുത്തുകയാണ് ഓരോ താഴ്ചയിലും ചെയ്യേണ്ടത്.

താഴെ എത്താന്‍ കാത്തു നില്‍ക്കേണ്ട

മാര്‍ക്കറ്റ് ടൈമിംഗ് ചെയ്യാന്‍ ശ്രമിക്കരുത്. തിരുത്തല്‍ എത്രത്തോളം പോകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. 2008 ല്‍ സെന്‍സെക്‌സില്‍ 66 ശതമാനം ഇടിവാണുണ്ടായത്. 30 ശതമാനം ഇടിഞ്ഞപ്പോള്‍ ഇതാണ് ഏറ്റവും വലിയ താഴ്ച എന്നു കരുതിയിരുന്ന നിക്ഷേപകരുടെയെല്ലാം നിക്ഷേപം പകുതിയായി. അതേപോലെ 2015 ലെ തിരുത്തലില്‍ 60 ശതമാനം വരെ താഴെ പോകുമ്പോള്‍ ഓഹരി വാങ്ങാം എന്നു പ്രതീക്ഷിച്ചിരുന്നവര്‍ക്കും അടികിട്ടി. 25 ശതമാനം വരെ താഴ്ന്ന സെന്‍സെക്‌സ് പിന്നെ ഏറ്റവും ഉയരത്തിലേക്ക് കുതിക്കുകയായിരുന്നു.

പരിഭ്രാന്തരായി വിറ്റഴിക്കരുത്

ബെഞ്ച് മാര്‍ക്ക് സൂചികകള്‍ക്കനുസരിച്ച് മിക്ക ഓഹരികളും നല്ല രീതിയില്‍ ഇടിഞ്ഞിട്ടുണ്ട്. പല ഓഹരികളും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് എന്നിങ്ങനെയൊക്കെയുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതെല്ലാം കേട്ട് പരിഭ്രാന്തരായി വിറ്റഴിക്കേണ്ട ആവശ്യമില്ല. അടിസ്ഥാനപരമായി ശക്തമായ കമ്പനികളുടെ ഓഹരികളാണെങ്കില്‍ അടുത്ത ബുള്‍ സൈക്കിളില്‍ മുകളിലേക്ക് കയറുക തന്നെ ചെയ്യും. മൂന്നു മുതല്‍ അഞ്ച് വരെ വര്‍ഷം മുന്നില്‍ കണ്ട് മുന്നോട്ടു പോവുന്നതാണ് ഈ സാഹചര്യത്തില്‍ നല്ലത്.

ശിപാര്‍ശകള്‍ക്ക് വിലയിരുത്തി മാത്രം തീരുമാനമെടുക്കുക

വിപണിയിലെ താഴ്ച പുതുതായി കടന്നു വരുന്ന നിക്ഷേപകര്‍ക്ക് മികച്ച അവസരമാണ്. എന്നാല്‍ ആരെങ്കിലും പറയുന്നതുകേട്ടോ യാതൊരു റിസര്‍ച്ച് പിന്‍ബല മില്ലാത്തതോ ആയ ഓഹരി ശിപാര്‍ശകളില്‍ വിശ്വസിച്ച്

നിക്ഷേപത്തിന് മുതിരരുത്. പ്രത്യേകിച്ചും കുറഞ്ഞ വിലയില്‍ ലഭ്യമായ ഓഹരികളില്‍. കുറഞ്ഞ വിലയില്‍ പോര്‍ട്ട്‌ഫോളിയോയിലേക്ക് കൂടുതല്‍ ഓഹരികള്‍ ചേര്‍ക്കാമെങ്കിലും വലിയൊരു റിസ്‌കാണ് അതിലുള്ളതെന്ന് തിരിച്ചറിയുക.

Similar News