സൂചികകൾ താഴുന്നു; ഐ.ടിയിൽ നേട്ടം, ടെക് മഹിന്ദ്രയ്ക്കും വേദാന്ദയ്ക്കും കയറ്റം

ക്രൂഡോയിലും സ്വർണവും കയറ്റത്തിൽ

Update:2024-04-26 13:26 IST

Image by Canva

ഉയർന്നു തുടങ്ങി, പിന്നീടു താണ് നഷ്ടത്തിലായി. രാവിലെ ഒരു മണിക്കൂറിനുള്ളിൽ ഇന്ത്യൻ വിപണിയിൽ ഗതിമാറ്റം വന്നു. 22,620 വരെ ഉയർന്ന നിഫ്റ്റി പിന്നീട് 22,516 വരെ താഴ്ന്നു. 74,516 വരെ ഉയർന്ന സെൻസെക്സ് 74,200നു താഴെയായി.

ഐ.ടിയും കൺസ്യൂമർ ഡ്യുറബിൾസും മീഡിയയും ആണ് ഇന്നു കാര്യമായ നേട്ടം ഉണ്ടാക്കുന്നത്. രാവിലെ ഉയർന്ന ബാങ്ക് നിഫ്റ്റി പിന്നീടു നഷ്ടത്തിലായി.

ബജാജ് ഫിനാൻസിൻ്റെ പാദഫലം നല്ല സൂചനകൾ നൽകാത്തതിനാൽ ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.

ടെക് മഹീന്ദ്രയുടെ റിസൽട്ട് ആവേശകരമായില്ലെങ്കിലും ഓഹരി 12 ശതമാനം വരെ ഉയർന്നു. കമ്പനി തിരിച്ചുവരവിൻ്റെ പാതയിലാണെന്ന് ബ്രോക്കറേജുകൾ വിലയിരുത്തി. മികച്ച റിസൽട്ടിൽ എംഫസിസ് അഞ്ചു ശതമാനം കയറി.

വരുമാനവും ലാഭവും കാര്യമായി വർധിക്കാത്തതിനാൽ എൽ ആൻഡ് ടി ടെക്നോളജി സർവീസസ് ഓഹരി 10 ശതമാനം ഇടിഞ്ഞു. 

ബ്രോക്കറേജുകൾ റേറ്റിംഗ് ഉയർത്തിയതിനെ തുടർന്നു വേദാന്ത ഓഹരി അഞ്ചു ശതമാനം കയറി.

വോഡഫോൺ ഐഡിയയുടെ 3.1 ശതമാനം ഓഹരി ബൾക്കായി കൈമാറ്റം ചെയ്യപ്പെട്ടു. ഓഹരി ആദ്യം അഞ്ചു ശതമാനം ഇടിഞ്ഞെങ്കിലും പിന്നീടു നഷ്ടം കുറച്ചു.

രൂപ, സ്വർണം, ഡോളർ 

രൂപ ഇന്നു നേട്ടത്തിൽ ആരംഭിച്ചിട്ടു നഷ്ടത്തിലേക്കു മാറി. ഡോളർ 83.30 രൂപയിൽ ഓപ്പൺ ചെയ്തിട്ട് 83.34 രൂപയിലേക്കു കയറി.

സ്വർണം ലോകവിപണിയിൽ 2334 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവനു 320 രൂപ കയറി 53,320 രൂപയിലെത്തി.

ക്രൂഡ് ഓയിൽ സാവധാനം കയറുകയാണ്. ബ്രെൻ്റ് ഇനം 89.38 ഡോളറിലേക്ക് ഉയർന്നു.

Tags:    

Similar News