വില്‍പ്പന സമ്മര്‍ദം; വിപണി ചാഞ്ചാട്ടത്തില്‍, ഫെഡറല്‍ ബാങ്ക് ഓഹരി കയറി, കല്യാണ്‍ ജുവലേഴ്‌സ് താഴ്ന്നു

കയറ്റത്തില്‍ വില്‍ക്കുന്നതു തന്ത്രമാക്കിയവര്‍ വില്‍പന സമ്മര്‍ദം വഴി വിപണിയെ താഴ്ത്തി

Update:2024-10-07 11:17 IST

Image Courtesy: Canva

വിപണി ഇന്നു നേട്ടത്തോടെ തുടങ്ങിയിട്ട് വീണ്ടും കയറി. എന്നാല്‍ കയറ്റത്തില്‍ വില്‍ക്കുന്നതു തന്ത്രമാക്കിയവര്‍ വില്‍പന സമ്മര്‍ദം വഴി വിപണിയെ താഴ്ത്തി. എങ്കിലും വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ വിപണി നേട്ടം നിലനിര്‍ത്തി.
നിഫ്റ്റി തുടക്കത്തില്‍ 25,143 വരെ കയറിയിട്ട് 25,019 വരെ ഇടിഞ്ഞു. വീണ്ടും നേട്ടത്തിലായി.
സെന്‍സെക്‌സ് 82,137.77 വരെ കയറുകയും 81,790 വരെ ഇടിയുകയും ചെയ്തു.
ബാങ്ക് നിഫ്റ്റി തുടക്കത്തില്‍ നല്ല നേട്ടം ഉണ്ടാക്കിയിട്ടു നഷ്ടത്തിലേക്കു വീണു. വീണ്ടും കയറി.
മിഡ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ തുടക്കത്തില്‍ ഉയര്‍ന്നിട്ടു പിന്നീട് ഒരു ശതമാനത്തിലധികം നഷ്ടത്തിലായി.
ഫെഡറല്‍ ബാങ്ക് ഓഹരി രാവിലെ 196 രൂപയിലേക്കു കയറി. പിന്നീട് 188 രൂപയ്ക്കു താഴെയായി. ഓഹരിക്കു ജാപ്പനീസ് ബ്രോക്കറേജ് നൊമുറ 240 രൂപയായി ലക്ഷ്യവില ഉയര്‍ത്തി.
ഹൈഡല്‍ബര്‍ഗ് സിമന്റിനെ ഏറ്റെടുക്കാന്‍ ജര്‍മന്‍ മാതൃകമ്പനിയുമായി അദാനി ഗ്രൂപ്പ് ചര്‍ച്ച തുടങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്ന് ഹൈഡല്‍ബര്‍ഗ് ഇന്ത്യ സിമന്റ് ഓഹരി 12 ശതമാനം കുതിച്ചു.
ആന്റണി വേസ്റ്റ് ഹാന്‍ഡ്‌ലിംഗിനു നവി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ വേസ്റ്റ് കൈകാര്യം ചെയ്യാനുള്ള 908 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. ഓഹരി എട്ടു ശതമാനം ഉയര്‍ന്നു.
ഓഹരി രണ്ടായി വിഭജിക്കുമെന്നു പ്രഖ്യാപിച്ച സെന്‍കോ ഗോള്‍ഡ് ഓഹരി ഏഴു ശതമാനത്തോളം കയറി.
രണ്ടാം പാദത്തില്‍ 34 ശതമാനം വരുമാന വര്‍ധന കാണിച്ച കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഓഹരി അഞ്ചു ശതമാനത്തോളം താഴ്ന്നു. ടൈറ്റന്‍ കമ്പനിയുടെ ഓഹരി മൂന്നു ശതമാനത്തോളം കുറഞ്ഞു.
രൂപ ഇന്ന് ചെറിയ നേട്ടത്തില്‍ തുടങ്ങി. ഡോളര്‍ മൂന്നു പൈസ താഴ്ന്ന് 83.94 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.97 രൂപയായി. ഡോളര്‍ സൂചിക 102.50 ലാണ്. രൂപ താഴാതിരിക്കാന്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ ഡോളര്‍ വില്‍ക്കുന്നുണ്ട്.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2,648 ഡോളറിലേക്കു താഴ്ന്നു. ഡോളറിന്റെ ഉയര്‍ച്ചയാണു കാരണം. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 160 രൂപ കുറഞ്ഞ് 56,800 രൂപയായി.
ക്രൂഡ് ഓയില്‍ ഉയര്‍ന്നു നില്‍ക്കുന്നു. ബ്രെന്റ് ഇനം 77.78 ഡോളറിലാണ്.
Tags:    

Similar News