വിപണി താഴ്ചയില്‍! രൂപക്കും നഷ്ടം, കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ ഇടിഞ്ഞു
ജി.ഡി.പി വളര്‍ച്ചയിലെ കുറവും യു.എസിലെ ടെക് ഓഹരി തകര്‍ച്ചയും മൂന്നാം പാദ റിസല്‍ട്ടുകള്‍ മോശമാകുമെന്ന സൂചനകളുമാണ് വിപണിയെ താഴ്ത്തുന്നത്;
വിപണി താഴ്ന്നു തുടങ്ങിയിട്ടു കൂടുതല്‍ താഴ്ന്നു. ഇടയ്ക്കു നഷ്ടം ഗണ്യമായി കുറച്ചെങ്കിലും വീണ്ടും താഴ്ചയിലായി. പിന്നീടും ചാഞ്ചാടി. ജി.ഡി.പി വളര്‍ച്ചയിലെ കുറവും യു.എസിലെ ടെക് ഓഹരി തകര്‍ച്ചയും മൂന്നാം പാദ റിസല്‍ട്ടുകള്‍ മോശമാകുമെന്ന സൂചനകളും വിപണിയെ താഴ്ത്തുന്ന കാര്യങ്ങളാണ്.
മിഡ് ക്യാപ് ഓഹരികള്‍ കൂടുതല്‍ ദുര്‍ബലമായി. മിഡ് ക്യാപ് 100 സൂചിക രാവിലെ തന്നെ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ബാങ്ക്, ധനകാര്യ ഓഹരികള്‍ രാവിലെ തന്നെ താഴ്ചയിലായി.
ഉപഭോക്തൃ തര്‍ക്ക പരിഹാര ട്രൈബ്യൂണലിലെ കേസില്‍ കമ്പനിക്ക് ആശ്വാസം എന്ന റിപ്പോര്‍ട്ട് നിഷേധിക്കപ്പെട്ടതോടെ ഒല ഇലക്ട്രിക് ഓഹരി നാലര ശതമാനത്തിലധികം താഴ്ന്നു.
വിദേശ ബ്രോക്കറേജുകള്‍ ലക്ഷ്യവില ഉയര്‍ത്തി വാങ്ങല്‍ ശിപാര്‍ശ നല്‍കിയതിനെ തുടര്‍ന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി ഇന്നു രാവിലെ ഒന്നര ശതമാനത്തിലധികം ഉയര്‍ന്നു. 1,690 രൂപയാണു ജെഫറീസ് പറയുന്ന ലക്ഷ്യവില.
മൂന്നാം പാദത്തില്‍ വില്‍പന കുത്തനേ ഇടിഞ്ഞതു ശോഭ ഡവലപ്പേഴ്‌സ് ഓഹരിയെ മൂന്നു ശതമാനത്താേളം താഴ്ത്തി.
കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരിയുടെ ലക്ഷ്യവില ചില ബ്രോക്കറേജുകള്‍ ഉയര്‍ത്തിയെങ്കിലും ഓഹരി ആറു ശതമാനം താഴ്ന്നു.
15 മിനിറ്റിനുള്ളില്‍ ഉല്‍പന്നം എത്തിക്കുന്ന സര്‍വീസ് ആരംഭിച്ചെങ്കിലും സൊമാറ്റോയുടെ ഓഹരി രണ്ടു ശതമാനത്തിലധികം താഴ്ചയിലായി.
ക്രൂഡ് ഓയില്‍ വില ഉയരുന്ന സാഹചര്യത്തില്‍ ഒ.എന്‍.ജി.സി ഓഹരി രണ്ടു ശതമാനത്തിലധികം ഉയര്‍ന്നു.
വാദ് രാജ് സിമന്റ്‌സിനെ ഏറ്റെടുക്കുന്ന നുവോകോയുടെ ഓഹരി വില രണ്ടു ശതമാനം വരെ താഴ്ന്നു. മൂവായിരം കോടിയിലധികം രൂപയുടെ ചെലവ് വരുന്നതാണ് ഏറ്റെടുക്കല്‍.
രൂപ ഇന്നു തുടക്കത്തിലേ ദുര്‍ബലമായി. ഡോളര്‍ 11 പൈസ നേട്ടത്തോടെ 85.82 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 85.83 രൂപയില്‍ എത്തി. ചൊവ്വാഴ്ചത്തെ നേട്ടം മുഴുവന്‍ രാവിലെ നഷ്ടമായി. എന്‍.എസ്.ഇയിലെ അവധി വ്യാപാരത്തില്‍ ഡോളര്‍ 86 രൂപയിലേക്കു കയറി.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2646 ഡോളറിലാണ്. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 80 രൂപ കൂടി 57,200 രൂപയായി.
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നു. ബ്രെന്റ് ഇനം 77.33 ഡോളറിലായി.