നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി; ബയോകോൺ, ഫാക്ട്, കേരളാ ആയുര്‍വേദ ഓഹരികള്‍ക്ക് മുന്നേറ്റം, പോപ്പീസ് നഷ്ടത്തില്‍

നിഫ്റ്റി സ്മാള്‍ക്യാപ് 1.35 ശതമാനത്തിന്റെയും മിഡ് ക്യാപ് 0.89 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.;

Update:2025-01-07 18:20 IST
കഴിഞ്ഞ ദിവസത്തെ നഷ്ടങ്ങളില്‍ നിന്ന് നേട്ടത്തിലേക്ക് മാറി വിപണി. എച്ച്.എം.പി.വി യുമായി ബന്ധപ്പെട്ട് വലിയ ആശങ്കകളൊന്നും ഇല്ലെന്ന് സൂചിപ്പിക്കുന്ന പോസിറ്റീവ് ആഗോള സൂചനകൾക്കിടയിൽ വിപണി ഇന്നലത്തെ കുത്തനെയുള്ള നഷ്ടത്തില്‍ നിന്ന് ചൊവ്വാഴ്ച ഭാഗികമായി കരകയറി.
എന്നാല്‍ 2025 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യന്‍ ജി.ഡി.പി യുടെ നിർണായക എസ്റ്റിമേറ്റുകൾക്ക് മുമ്പായി വിപണി ജാഗ്രതയോടെയുളള സമീപനമാണ് സ്വീകരിച്ചത്. മിതമായ വളർച്ചാ പ്രതീക്ഷകളുടെ പശ്ചാത്തലത്തിലാണ് ഇത്.
സമീപ കാലയളവിൽ വിപണി ജാഗ്രതയോടെ തുടരുമെന്നാണ് കരുതുന്നത്. ഡോളർ ശക്തിപ്പെടുന്നതിനാലും യു.എസ് ബോണ്ട് ആദായം വർദ്ധിക്കുന്നതിനാലും വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുകയാണ്.
സെൻസെക്സ് 0.30 ശതമാനം (234.12 പോയിൻ്റ്) ഉയർന്ന് 78,199.11 ലും നിഫ്റ്റി 0.39 ശതമാനം (91.85 പോയിൻ്റ്) ഉയർന്ന് 23,707 ലുമാണ് ക്ലോസ് ചെയ്തത്.
വിവിധ സൂചികകളുടെ പ്രകടനം

 

 

ഐ.ടി ഒഴികെയുളള എല്ലാ സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് 1.64 ശതമാനത്തിന്റെ ഉയര്‍ച്ചയുമായി നേട്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു. നിഫ്റ്റി സ്മാള്‍ക്യാപ് 1.35 ശതമാനത്തിന്റെയും മിഡ് ക്യാപ് 0.89 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.
നിഫ്റ്റി ഐ.ടി 0.68 ശതമാനത്തിന്റെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

നേട്ടത്തിലായവരും നഷ്ടത്തിലായവരും

ബയോകോൺ ബയോളജിക്‌സിന്റെ സബ്ക്യുട്ടേനിയസ് ഇഞ്ചക്ഷന് ജപ്പാനിലെ ഫാർമസ്യൂട്ടിക്കൽസ് ആൻഡ് മെഡിക്കൽ ഡിവൈസസ് ഏജൻസിയിൽ (പി.എം.ഡി.എ) നിന്ന് അംഗീകാരം ലഭിച്ചതോടെ ഓഹരി 6.70 ശതമാനം ഉയര്‍ന്നു. ഓഹരി 382 രൂപയിലാണ് ക്ലോസ് ചെയ്തത്.
നേട്ടത്തിലായവര്‍

 

ഒഎൻജിസി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ലൈഫ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് സൊമാറ്റയുടെ റേറ്റിംഗ് താഴ്ത്തിയതിനെ തുടര്‍ന്ന് ഓഹരി 5 ശതമാനത്തോളം ഇടിഞ്ഞു. വർദ്ധിച്ച മത്സരവും ഡിസ്കൗണ്ടിംഗ് സമ്മർദ്ദവും കമ്പനിയുടെ ലാഭത്തെ ബാധിക്കുന്നതായി ജെഫറീസ് വിലയിരുത്തുന്നു. ഓഹരി 251 രൂപയിലാണ് ക്ലോസ് ചെയ്തത്.
നഷ്ടത്തിലായവര്‍

 

എച്ച്‌സിഎൽ ടെക്, ടിസിഎസ്, ഐഷർ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോർപ്പ്, ട്രെൻ്റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു.

ഫാക്ടിന് മുന്നേറ്റം

കേരളാ ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. ടോളിന്‍സ് ടയേഴ്സ് 6.78 ശതമാനം ഉയര്‍ന്ന് 216 രൂപയിലാണ് ക്ലോസ് ചെയ്തത്. കേരളാ ആയുര്‍വേദ (8.27%), കിറ്റെക്സ് ഗാര്‍മെന്റ്സ് (5%), വണ്ടര്‍ലാ ഹോളിഡേയ്സ് (3.59%) തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
കേരളാ ഓഹരികളുടെ പ്രകടനം

 

ഫാക്ട് ഓഹരി 4.95 ശതമാനം ഉയര്‍ന്ന് 973 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പോപ്പീസ് കെയര്‍ (4.58%), കല്യാണ്‍ ജുവലേഴ്സ് (3.39%), കിംഗ്സ് ഇന്‍ഫ്രാ, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
Tags:    

Similar News