ജിഡിപി വളർച്ചയിലെ ഇടിവ് നിരാശ പകരും; വിപണിയിൽ അനിശ്ചിതത്വം തുടരുന്നു; ക്രൂഡ് ഓയിൽ വില 77 ഡോളർ കടന്നു
ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിൽ; ഡോളർ വീണ്ടും കയറ്റത്തിൽ;
ഈ ധനകാര്യ വർഷം ജിഡിപി വളർച്ച ഗണ്യമായി കുറയുമെന്ന ഔദ്യോഗിക എസ്റ്റിമേറ്റ് ഇന്ന് ഓഹരി വിപണിക്കു മേൽ നിഴലായി മാറും. രണ്ടാം പാദത്തിൽ വളർച്ച ഇടിഞ്ഞപ്പോൾ ഒരു പാദത്തിലെ തളർച്ച കാര്യമാക്കേണ്ട എന്നു വ്യാഖ്യാനിച്ചവർ ഉണ്ട്. അവർ ഇത്തവണ എന്തു പറയും എന്നാണ് വിപണി നോക്കുന്നത്.
ക്രൂഡ് ഓയിൽ വില 77 ഡോളറിനു മുകളിലായതും വിപണിക്കു സഹായകരമല്ല.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 23,703 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,754 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച ഉയർന്നു. . യൂറോപ്യൻ വിലക്കയറ്റം ഡിസംബറിൽ 2.4 ശതമാനത്തിലേക്കു കയറി. 2024 ലെ കാർ വിൽപന റെക്കോർഡ് ആയത് വോൾവോ ഓഹരിയെ 9.25 ശതമാനം ഉയർത്തി.
യുഎസ് വിപണി ചൊവ്വാഴ്ച താഴ്ചയിലായി. ടെക് വളർച്ച സംബന്ധിച്ച പ്രതീക്ഷ കുറയ്ക്കുന്നതായിരുന്നു എൻവിഡിയ സാരഥി ജെൻസൻ ഹുവാങ് കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ നടത്തിയ പ്രസംഗം എന്നാണു വിലയിരുത്തൽ. എൻവിഡിയ ഓഹരി 6.2 ശതമാനം ഇടിഞ്ഞു. ബാങ്ക് ഓഫ് അമേരിക്ക റേറ്റിംഗ് താഴ്ത്തിയതിനെ തുടർന്ന് ടെസ്‌ല ഓഹരി നാലു ശതമാനം താഴ്ന്നു. മെറ്റാ, ആപ്പിൾ, മെെക്രോസാേഫ്റ്റ് തുടങ്ങിയവയും താണു.
നവംബറിലെ യുഎസ് തൊഴിലവസര വർധന പ്രതീക്ഷയേക്കാൾ ഗണ്യമായി കൂടിയതും കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.699 ശതമാനം വരെ ഉയർന്നതും വിപണിയെ താഴ്ത്തി. തൊഴിൽ വർധനയും സേവന മേഖലയിലെ വിലക്കയറ്റവും പലിശ കുറയ്ക്കൽ അകലെയാക്കും എന്ന ഭീതിയാണ് ഓഹരികളെ താഴ്ത്തിയത്.
ഡൗ ജോൺസ് സൂചിക ചൊവ്വാഴ്ച 178.20 പോയിൻ്റ് (0.42%) താഴ്ന്ന് 42,528.36 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 66.35 പോയിൻ്റ് (1.11%) ഇടിഞ്ഞ് 5909.03 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 375.30 പോയിൻ്റ് (1.89%) നഷ്ടത്തോടെ 19,489.68 ൽ ക്ലോസ് ചെയ്തു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.699 ശതമാനം വരെ കയറിയിട്ട് 4.685 ലേക്കു താഴ്ന്നു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നേട്ടത്തിലാണ്. ഡൗ ജോൺസ് 0.10 ഉം എസ് ആൻഡ് പി 0.13 ഉം നാസ്ഡാക് 0.21 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്ന് ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കൈ 0.70 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിൽ മുഖ്യ സൂചിക 0.3 ശതമാനം ഉയർന്നു.
ആശ്വാസ റാലിയിൽ ഇന്ത്യ
തിങ്കളാഴ്ചത്തെ വലിയ തകർച്ചയ്ക്കു ശേഷമുള്ള ആശ്വാസ റാലിയാണ് ഇന്നലെ വിപണിയിൽ ഉണ്ടായത്. എച്ച്എംപിവി വെെറസിനെപ്പറ്റി വലിയ ആശങ്ക വേണ്ടെന്നു വന്നതും വിപണിയെ സഹായിച്ചു. എന്നാൽ കമ്പനികളുടെ മൂന്നാം പാദ റിസൽട്ടുകളെ പറ്റിയുള്ള ആശങ്കയിൽ മാറ്റമില്ല. ബാങ്കുകളും ഐടി കമ്പനികളും കുറഞ്ഞ ലാഭവർധനയേ റിപ്പോർട്ട് ചെയ്യൂ എന്നാണു വിലയിരുത്തൽ.
ജിഡിപി വളർച്ച കുറയും എന്ന ആശങ്കയെ വെെകുന്നേരം വന്ന എൻഎസ്ഒ എസ്റ്റിമേറ്റ് ശരിവച്ചു. അത് ഇന്നു വിപണിയെ ഉലയ്ക്കും.
നിഫ്റ്റി 91.85 പോയിൻ്റ് (0.39%) കയറി 23,707.90 ൽ അവസാനിച്ചു. സെൻസെക്സ് 234.12 പോയിൻ്റ് (0.30%) ഉയർന്ന് 78,199.11 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 280.15 പോയിൻ്റ് (0.56%) കയറി 50,202.15 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.89 ശതമാനം ഉയർന്ന് 56,869.30 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 1.35 ശതമാനം കുതിച്ച് 18,673.45 ൽ ക്ലോസ് ചെയ്തു.
ഐടി ഒഴികെ എല്ലാ വ്യവസായ മേഖലകളും ഇന്നലെ ഉയർന്നു. ഓട്ടോ സൂചിക മാറ്റമില്ലാതെയും എഫ്എംസിജി സൂചിക 0.01 ശതമാനം നേട്ടത്തോടെയാണ് അവസാനിച്ചത്. ഐടി സൂചിക 0.68 ശതമാനം താണു.
ഓയിൽ - ഗ്യാസ്, മെറ്റൽ, മീഡിയ, ഹെൽത്ത് കെയർ, ഫാർമ, റിയൽറ്റി, ധനകാര്യ കമ്പനികൾ നേട്ടം ഉണ്ടാക്കി.
വിദേശ നിക്ഷേപകർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 1491.46 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 1615.28 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി. ബിഎസ്ഇയിൽ 2603 ഓഹരികൾ ഉയർന്നപ്പോൾ 1378 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 2076 എണ്ണം ഉയർന്നു, താഴ്ന്നത് 751 എണ്ണം.
നിഫ്റ്റി 200 ദിന എക്സ്പൊണൻഷ്യൽ മൂവിംഗ് ശരാശരി (ഇഎംഎ) ആയ 23,700 നു മുകളിൽ ക്ലോസ് ചെയ്തു. എങ്കിലും വിപണിയുടെ മൂഡ് ബെയറിഷ് ആണ്. 23,700 നു മുകളിൽ 23,900 - 24,000 പ്രതിരോധ മേഖലയാണ്. താഴോട്ടു നീങ്ങിയാൽ 23,500 പിന്തുണ നൽകാം. നിഫ്റ്റിക്ക് ഇന്ന് 23,655 ലും 23,560 ലും പിന്തുണ കിട്ടാം. 23,775 ഉം 24,870 ഉം തടസങ്ങൾ ആകാം.
ജിഡിപി തളർച്ചയിൽ
2024-25 ലെ രാജ്യത്തെ ജിഡിപി (മൊത്ത ആഭ്യന്തര ഉൽപന്നം) വളർച്ച കുറയും. നാലു വർഷത്തിനു ശേഷം ജിഡിപി വളർച്ച ഏഴു ശതമാനത്തിനു താഴെയായി. ജിഡിപി സംബന്ധിച്ച ഒന്നാമത്തെ അഡ്വാൻസ് എസ്റ്റിമേറ്റിൽ പ്രതീക്ഷിക്കുന്ന വളർച്ച 6.4 ശതമാനം മാത്രം.
റിസർവ് ബാങ്ക് 6.6 ശതമാനം പ്രവചിച്ചതാണ്. സർക്കാരിൻ്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് 6.5% നും 7% നും ഇടയിൽ വളരും എന്നു കഴിഞ്ഞ ആഴ്ചകളിൽ പറഞ്ഞിരുന്നതും പാളിപ്പോയി. 2023-24 ൽ 8.2 ശതമാനം വളർന്ന സ്ഥാനത്താണ് അതിൽ നിന്ന് 1.8 ശതമാനം താഴ്ന്ന വളർച്ച. സർവേകളിൽ സാമ്പത്തിക വിദഗ്ധർ 6.8 ശതമാനം വളർച്ച വരെ പ്രതീക്ഷിച്ചിരുന്നു.
ബജറ്റ് തയ്യാറാക്കുന്നതിന് ആവശ്യമായ കണക്കിനു വേണ്ടി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) ആണ് അഡ്വാൻസ് എസ്റ്റിമേറ്റ് തയാറാക്കിയത്. ഒന്നാം പകുതിയിൽ 6.0 ശതമാനം ഉണ്ടായതിനാൽ രണ്ടാം പകുതിയിൽ 6.7 ശതമാനം ഉണ്ടാകുമെന്നാണ് ഈ നിഗമനത്തിൽ നിന്നു കണക്കാക്കാവുന്നത്.
സ്ഥിരവിലയിലെ വളർച്ച 6.4 ശതമാനം ഉള്ളപ്പോൾ തന്നാണ്ടു വിലയിലെ വളർച്ച 9.7 ശതമാനമാണ്. വിലക്കയറ്റം മൂലമാണ് അതു കൂടി നിൽക്കുന്നത്. സ്ഥിരവിലയിൽ ജിഡിപി 184.88 കോടി രൂപയാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 173.82 കോടി രൂപയായിരുന്നു.
കൃഷിയും അനുബന്ധ മേഖലകളും 3.8 ശതമാനം വളരും. കഴിഞ്ഞ വർഷം 1.4 ശതമാനമായിരുന്നു കാർഷിക വളർച്ച. ഫാക്ടറി ഉൽപാദന വളർച്ച 9.9 ശതമാനത്തിൽ നിന്ന് 5.3 ശതമാനമായി ഇടിഞ്ഞു. നിർമാണ മേഖലയുടെ വളർച്ച 9.9 ശതമാനത്തിൽ നിന്ന് 8.6 ശതമാനമായി താണു. സേവന മേഖലയുടെ വളർച്ച 7.6 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി കുറഞ്ഞു.
ഗവണ്മെൻ്റ് ഇതുവരെ സമ്മതിച്ചിരുന്നതിനേക്കാൾ കൂടിയ ക്ഷീണമാണു സമ്പദ്ഘടനയ്ക്ക് ഉണ്ടായിരിക്കുന്നത് എന്ന് എസ്റ്റിമേറ്റ് കാണിക്കുന്നു. കേവലം ചാക്രിക തളർച്ചയല്ല എന്നാണ് അതിൽ നിന്നു മനസിലാക്കേണ്ടത്. സർക്കാർ നയപരമായ തിരുത്ത് നടത്തേണ്ടി വരും എന്നർഥം.
വളർച്ച കുറഞ്ഞത് ബജറ്റ് വരുമാനത്തിലും കമ്മിയിലും പ്രതിഫലിക്കും. കുറഞ്ഞ വളർച്ച 2025-26 ലെ വളർച്ച പ്രതീക്ഷ താഴ്ത്താൻ കാരണമാകും. ഏഴു ശതമാനത്തിലേക്കു വളർച്ച തിരിച്ചു കയറ്റലും പ്രയാസമാകും.
മൂലധന നിക്ഷേപത്തിൽ തളർച്ച തുടരുകയാണ്. സ്വകാര്യ ഉപഭോഗം 7.3 ശതമാനം വളർന്നത് അനുകൂലഘടകമായി സർക്കാർ പറയുന്നുണ്ട്. പക്ഷേ രാജ്യത്തെ ഉപഭാേഗം കുറഞ്ഞു എന്ന യാഥാർഥ്യം നിലനിൽക്കുകയും ചെയ്യുന്നു.
കമ്പനികൾ, വാർത്തകൾ
മൂന്നാം പാദത്തിൽ ടാറ്റാ സ്റ്റീലിൻ്റെ ഇന്ത്യയിലെ സ്റ്റീൽ ഉൽപാദനം 6.2 ശതമാനവും വിൽപന 8.4 ശതമാനവും വർധിച്ചു. യുകെയിൽ വിൽപന 12.5 ശതമാനം കൂടി. നെതർലൻഡ്സിൽ ഉൽപാദനം 47.9ഉം വിൽപന 17.7 ഉം ശതമാനം വർധിച്ചു.
ശോഭ ഡവലപ്പേഴ്സിൻ്റെ മൂന്നാം പാദ വിൽപന (വില) 28.8 ശതമാനം കുറഞ്ഞു. എന്നാൽ ശരാശരി വില 16.5 ശതമാനം കൂടി.
ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിർമാണ മേഖലയിൽ സംയുക്തമായി പ്രവർത്തിക്കാൻ റെയിൽ വികാസ നിഗം ലിമിറ്റഡ് ദുബായിയിലെ ജിബിഎച്ച് ഇൻ്റർനാഷണലുമായി ധാരണാപത്രം ഒപ്പുവച്ചു.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഇലക്ട്രിക് എസ് യു വികളായ ബിഇ 6, എക്സ് ഇവി 9 ഇ എന്നിവയുടെ ടോപ് വേരിയൻ്റുകൾ മാർച്ച് ആദ്യം വിൽപന തുടങ്ങും. ബിഇ 6 ന് 26.9 ലക്ഷവും എക്സ് ഇവിക്ക് 30.5 ലക്ഷവും ആണു വില.
ഒറീസ മിനറൽ ഡവലപ്മെൻ്റ് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറെ ഗുരുതര കുറ്റാരോപണത്തെ തുടർന്നു സസ്പെൻഡ് ചെയ്തു.
വിദേശമാതൃ കമ്പനി ആക്സോ നൊബേൽ ഇന്ത്യൻ ഉപകമ്പനിയിൽ നിന്നു പിന്മാറാൻ ഉദ്ദേശിക്കുന്ന സാഹചര്യത്തിൽ ആ കമ്പനിയെ ഏറ്റെടുക്കാൻ ബെർജർ പെയിൻ്റ്സ് ഉദ്ദേശിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുദ്രേമുഖ് അയൺ ഓർ കമ്പനിയെ എൻഎംഡിസിയിൽ ലയിപ്പിക്കാൻ കേന്ദ്ര ഗവണ്മെൻ്റ് നീക്കം തുടങ്ങിയതായി മാധ്യമ റിപ്പോർട്ടുകൾ വന്നു.
സ്വർണം കയറി
സ്വർണവില വീണ്ടും കയറി. ഔൺസിന് 12.20 ഡോളർ ഉയർന്ന് 2649.30 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 2648 ഡോളർ വരെ താഴ്ന്നു. ചെെനീസ് കേന്ദ്ര ബാങ്ക് ഡിസംബറിൽ 10 ടൺ സ്വർണം കൂടി വാങ്ങി എന്ന റിപ്പോർട്ട് സ്വർണവില കയറാൻ കാരണമായി.
കേരളത്തിൽ ചൊവ്വാഴ്ചയും സ്വർണവില മാറ്റമില്ലാതെ പവന് 57,720 രൂപയിൽ തുടർന്നു. ഇന്നു വില കൂടാം.
വെള്ളിവില ഔൺസിന് 30.02 ഡോളറിലേക്ക് കയറി.
രൂപ ഉയർന്നു
ചൊവ്വാഴ്ച കറൻസി വിപണിയിൽ ഡോളർ സൂചിക തിരിച്ചു കയറി 108.54 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 108.62 ലേക്കു കയറി. രൂപ ഇന്നലെ തിരിച്ചു കയറി. ഡോളർ 12 പൈസ കുറഞ്ഞ് 85.71 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക താഴ്ന്നതാണ് രൂപയെ സഹായിച്ചത്. ഇന്നു രൂപ വീണ്ടും താഴാം.
ക്രൂഡ് ഓയിൽ കയറി
ക്രൂഡ് ഓയിൽ വിപണി വീണ്ടും ഉയർന്നു. ചൈനീസ് ഡിമാൻഡ് കൂടും എന്ന നിഗമനവും അമേരിക്കയിലെ ക്രൂഡ് സ്റ്റോക്ക് കുറഞ്ഞതുമാണ് വില 1.3 ശതമാനം കയറ്റിയത്. ചൊവ്വാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 77.28 ഡോളറിലേക്കു കയറി ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 77.44 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 74.75 ഉം യുഎഇയുടെ മർബൻ ക്രൂഡ് 77.17 ഉം ഡോളറിൽ നിൽക്കുന്നു.
ക്രിപ്റ്റോകൾ താഴുന്നു
ക്രിപ്റ്റോ കറൻസികൾ താഴ്ചയിലായി. യുഎസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം വർധിച്ചതു നിക്ഷേപകരെ കടപ്പത്രങ്ങളിലേക്കു തിരിച്ചതാണ് അഞ്ചു ശതമാനത്തിലധികം ഇടിവിനു കാരണം. ഒരു ലക്ഷം ഡോളറിനു മുകളിൽ കയറിയ ബിറ്റ് കോയിൻ 96,800 ഡോറിലേക്കു താഴ്ന്നു. ഈഥർ വില എട്ടര ശതമാനം ഇടിഞ്ഞ് 3380 ഡോളറിനു താഴെയായി.
മെറ്റൽ എക്സ് ചേഞ്ചുകൾ ഇന്നലെ അവധിയായിരുന്നു.
വിപണി സൂചനകൾ
(2024 ജനുവരി 07, ചൊവ്വ)
സെൻസെക്സ് 30 78,199.11 +0.30%
നിഫ്റ്റി50 23,707.90 +0.39%
ബാങ്ക് നിഫ്റ്റി 50,202.15 +0.56%
മിഡ് ക്യാപ് 100 56,869.30 +0.89%
സ്മോൾ ക്യാപ് 100 18,673.45 +1.35%
ഡൗ ജോൺസ് 42,528.40 -0.42%
എസ് ആൻഡ് പി 5909.03 -1.11%
നാസ്ഡാക് 19,489.70 -1. 89%
ഡോളർ($) ₹85.71 -₹0.12
ഡോളർ സൂചിക 108.54 +0.28
സ്വർണം (ഔൺസ്) $2649.30 +$12.20
സ്വർണം(പവൻ) ₹57,720 +₹0.00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $77.28 +$01.07