ചാഞ്ചാട്ടത്തില്‍ വിപണി; നായിഡു ഓഹരി താണു, കയറ്റം തുടര്‍ന്ന് ഇന്ത്യ മെറ്റല്‍സ്

റെയ്ഡില്‍ ഇടിഞ്ഞ് പി.എന്‍.സി, ക്രൂഡ് വില താഴ്ചയില്‍

Update:2024-06-11 11:39 IST

Image by Canva

ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി അല്‍പസമയം നഷ്ടത്തില്‍ തുടര്‍ന്നിട്ട് തിരിച്ചു കയറി. ലാഭത്തില്‍ വിറ്റുമാറുന്നവരുടെ സമ്മര്‍ദം വിപണിയില്‍ തുടരുകയാണ്. നാളെ യു.എസ് ഫെഡ് തീരുമാനവും ഇന്ത്യയിലും യു.എസിലും ചില്ലറ വിലക്കയറ്റ കണക്കുകളും അറിയുന്നതു വരെ വിപണിയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

ഫെഡറല്‍ ബാങ്ക് ഓഹരിയുടെ ലക്ഷ്യ വില 195 രൂപയായി വിദേശ ബ്രോക്കറേജ് നൊമുറ ഉയര്‍ത്തി. ഇന്ന് ഓഹരി 166.35 രൂപ വരെ കയറിയിട്ട് അല്പം താണു.
പി.എന്‍.സി ഇന്‍ഫ്രാടെക്കിന്റെ ആസ്ഥാനത്തും എം.ഡിയുടെ വസതിയിലും സി.ബി.ഐ പരിശോധന നടത്തി. കമ്പനിയുടെ ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.
സെപ്റ്റംബറില്‍ നിഫ്റ്റി ഓഹരികള്‍ പുനര്‍ക്രമീകരിക്കുമ്പോള്‍ ജിയോ ഫിനാന്‍ഷ്യലും സൊമാറ്റോയും നിഫ്റ്റി 50 യില്‍ വരുമെന്ന് ജെ.എം ഫിനാന്‍ഷ്യല്‍ കണക്കുകൂട്ടുന്നു. ജിയോയും സൊമാറ്റോയും ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സില്‍ പെട്ടാല്‍ മാത്രമേ ഇതുണ്ടാകൂ. അതു നടന്നില്ലെങ്കില്‍ ട്രെന്റും ഭാരത് ഇലക്ട്രോണിക്‌സും നിഫ്റ്റിയില്‍ പെടും. മൈന്‍ഡ് ട്രീയും ഡിവിസ് ലാബുമാകും നിഫ്റ്റിയില്‍ നിന്നു മാറ്റപ്പെടുക എന്നു ബ്രോക്കറേജ് കണക്കാക്കുന്നു.
കണ്‍സ്ട്രക്ഷന്‍ ഭീമന്‍ എച്ച്.സി.സി ശരാശരി വരുമാന വളര്‍ച്ച 20 ശതമാനവും ലാഭ വളര്‍ച്ച 50 ശതമാനവും ആക്കുമെന്ന് എലാറാ സെക്യൂരിറ്റീസ് വിലയിരുത്തി. എച്ച്.സി.സി ഓഹരി രാവിലെ 10 ശതമാനം കുതിച്ചു.
ഒഡീഷയിലെ ബി.ജെ.പി എം.പി വൈജയന്ത പാണ്ഡയുടെ കമ്പനിയായ ഇന്ത്യന്‍ മെറ്റല്‍സ് ആന്‍ഡ് അലോയ്‌സ് കയറ്റം തുടരുകയാണ്. ഓഹരി ഇന്നും 10 ശതമാനം കയറി. അഞ്ചു ദിവസം കൊണ്ട് 30 ശതമാനമാണു കയറ്റം.
ചന്ദ്രബാബു നായിഡുവിന്റെ ഹെരിറ്റേജ് ഫുഡ്‌സ് ഇന്ന് അഞ്ചു ശതമാനം താണു. കഴിഞ്ഞ ദിവസങ്ങളില്‍ 35 ശതമാനം ഉയര്‍ന്ന ഓഹരിയാണിത്.
രൂപ, സ്വർണം, ക്രൂഡ് 
രൂപ രാവിലെ നേരിയ നേട്ടം കാണിച്ചു. ഡോളര്‍ മൂന്നു പൈസ കുറഞ്ഞ് 83.48 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്. പിന്നീട് 83.50 രൂപയായി.
സ്വര്‍ണം ലോക വിപണിയില്‍ 2304 രൂപയിലായി. കേരളത്തില്‍ സ്വര്‍ണം പവനു 120 രൂപ കയറി 52,680 രൂപയായി.
ക്രൂഡ് ഓയില്‍ താഴ്ചയിലാണ്. ബ്രെന്റ് ഇനം 81.39 ഡോളറിലേക്കു താണു.
Tags:    

Similar News