ഓഹരി വിപണി താഴ്ചയിൽ നിന്നു താഴ്ചയിലേക്ക്

ആഗോള സൂചനകളുടെ ചുവട് പിടിച്ച് ഇന്ത്യൻ ഓഹരി വിപണി

Update: 2022-09-26 05:44 GMT

വലിയ താഴ്ചയിൽ തുടങ്ങി. കൂടുതൽ താണു. പിന്നീടു നഷ്ടം കുറച്ചു. തുടർന്നു ചാഞ്ചാട്ടത്തിലായി. ഇന്ത്യൻ ഓഹരി വിപണി ഇന്ന് ആഗോള പ്രവണതകൾക്കനുസരിച്ചു നീങ്ങി. വെള്ളിയാഴ്ചത്തേതുപോലൊരു തകർച്ചയിലേക്ക് ഇന്നും വിപണി പോകുമെന്ന ആശങ്കയുണ്ട്. നിഫ്റ്റി 17,000-നും സെൻസെക്സ് 57,000 നും താഴോട്ടു നീങ്ങുമെന്നു കരുതപ്പെടുന്നു.

ബാങ്ക്, ധനകാര്യ, മെറ്റൽ, വാഹന ഓഹരികൾ വലിയ താഴ്ചയിലായി. 190 ഓഹരികൾ ഉയർന്നപ്പോൾ 2657 ഓഹരികൾ താഴുന്നതായിരുന്നു എൻഎസ്ഇ യിലെ നില.
മുഖ്യ സൂചികകൾ ഒന്നര ശതമാനം താഴ്ന്നപ്പോൾ മിഡ് ക്യാപ് സൂചിക 2.8 ഉം സ്മോൾ ക്യാപ് സൂചിക മൂന്നും ശതമാനം ഇടിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ നേട്ടം കാണിച്ച വ്യവസായ മേഖലകളും മാന്ദ്യ ഭീഷണിയെ തുടർന്ന് ഇടിവിലാണ്. നിഫ്റ്റിയിലും സെൻസെക്സിലുമുള്ള വമ്പൻ കമ്പനികൾ നാലും അഞ്ചും ശതമാനം തകർന്നു.
രൂപ ഇന്നു റിക്കാർഡ് താഴ്ചയിലായി. ഡോളർ 55 പൈസ നേട്ടത്തിൽ 81.54 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ സൂചിക 114 ലേക്ക് ഉയർന്ന സാഹചര്യത്തിലാണ് രൂപയുടെ പുതിയ വീഴ്ച. റിസർവ് ബാങ്ക് ഡോളർ വിറ്റതിനെ തുടർന്ന് ഡോളർ 81.42 വരെ താണെങ്കിലും വീണ്ടും 81.52 ലെത്തി. പിന്നീട് 81.57 രൂപയിലേക്കു നീങ്ങി.
ലോക വിപണിയിൽ പാമോയിൽ വില വാരാന്ത്യത്തിൽ ആറു ശതമാനം ഇടിഞ്ഞു. ഹിന്ദുസ്ഥാൻ യൂണിലിവർ, നെസ്ലെ, ബ്രിട്ടാനിയ, മാരികോ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ ഉയരാൻ ഇതു സഹായിച്ചു.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില 85.6 ഡോളറിലേക്കു താഴ്ന്നു.
330 രൂപയിൽ ഐപിഒ നടത്തിയ ഹർഷ എൻജിനിയറിംഗ് 36 ശതമാനം നേട്ടത്തിൽ 450 രൂപയ്ക്കു ലിസ്റ്റ് ചെയ്തു.
ലോക വിപണിയിൽ സ്വർണം 1640 ഡോളറിലാണ്. കേരളത്തിൽ പവൻ വില 36,800 രൂപയിൽ തുടരുന്നു. ഡോളറിൻ്റെ വില 0.6 ശതമാനം ഉയർന്നതു മൂലമാണ് ആഗോള ഇടിവ് ഇവിടെ വരാതിരിക്കുന്നത്


Tags:    

Similar News