വിപണികൾ ഇടിവിൽ; ഡോളർ 81 കടന്നു

രൂപയുടെ ഇടിവ് ഐടി കമ്പനികൾക്ക് നേട്ടം

Update: 2022-09-23 05:29 GMT

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ഓഹരികൾ ഇന്നു കൂടുതൽ ദുർബലമായി. മുഖ്യസൂചികകൾ ഒരു ശതമാനത്തിലധികം താണു. പിന്നീടു നഷ്ടം കുറച്ചെങ്കിലും വീണ്ടും ഇടിവായി.

പിടിച്ചു നിൽക്കാനുള്ള ശ്രമമാണു കഴിഞ്ഞ ദിവസങ്ങളിൽ വിപണിയുടെ തുടക്കത്തിൽ കണ്ടിരുന്നതെങ്കിൽ ഇന്നു വിൽപന സമ്മർദം രൂക്ഷമാകുകയാണ് ചെയ്തത്. ബാങ്ക്, ധനകാര്യ മേഖലകൾക്കാണു വലിയ തിരിച്ചടി. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും ഇന്നു വലിയ താഴ്ചയിലാണ്. യുഎസ് ഫ്യൂച്ചേഴ്‌സ് താഴ്ന്നതും വീഴ്ചയ്ക്കു കാരണമാണ്.
രൂപ ഇന്നു കൂടുതൽ ദുർബലമായി. ഡോളർ രാവിലെ 23 പൈസ നേട്ടത്തിൽ 81.09 രൂപയിൽ ഓപ്പൺ ചെയ്തു. മിനിറ്റുകൾക്കകം വീണ്ടും കയറി 81.22 രൂപയിലെത്തി. പിന്നീടു റിസർവ് ബാങ്ക് ഡോളർ വിപണിയിലിറക്കിയതോടെ ഡോളർ 81.09 വരെ താഴ്ന്നു. പക്ഷേ അതു കാര്യമായ ഫലം ചെയതില്ല. ഡോളർ വീണ്ടും കയറി 81.22 ലെത്തി. വീണ്ടും ഡോളർ ഇറക്കിയപ്പാേൾ 81.05 രൂപയിലേക്കു താണു. ഇന്നലെയാണു ഡോളർ ആദ്യമായി 80 രൂപയ്ക്കു മുകളിൽ ഓപ്പൺ ചെയ്തതും 80- നു മുകളിൽ ക്ലാേസ് ചെയ്തതും. ഇന്ന് 81 രൂപയ്ക്കു മുകളിൽ ഉറച്ചു നിൽക്കാൻ ഡോളർ ശ്രമിക്കുകയാണ്. ആഗാേള ഡോളർ സൂചിക 81.43 ലേക്കു കയറിയതു രൂപയെ വലിച്ചു താഴ്ത്തും.
രൂപ ഇടിഞ്ഞത് ഐടി കമ്പനികളുടെ ഓഹരിവില വർധിപ്പിച്ചു. ഒന്നര മുതൽ മൂന്നു വരെ ശതമാനം നേട്ടമാണ് ഐടി ഓഹരികളിൽ രാവിലെ ഉണ്ടായത്. ഡോളർ വരുമാനം രൂപയിലാക്കുമ്പോൾ നേട്ടം വർധിക്കുന്നതാണു കാരണം. എൻഎസ്ഇയുടെ ഐടി സൂചിക ഒരു ശതമാനത്തോളം ഉയർന്നു.
ടാറ്റാ ഗ്രൂപ്പിലെ മെറ്റൽ കമ്പനികൾ എല്ലാം ടാറ്റാ സ്റ്റീലിൽ ലയിപ്പിക്കാനുള്ള നീക്കത്തെ വിപണി സ്വാഗതം ചെയ്തു. സംയോജനം വഴി 1500 കോടി രൂപയുടെ വാർഷികനേട്ടം പ്രതീക്ഷിക്കുന്നുണ്ട്. ടാറ്റാ സ്റ്റീൽ ഓഹരി ആദ്യം മൂന്നു ശതമാനത്തോളം ഉയർന്നു. ലയിക്കുന്ന കമ്പനികളുടെ ഓഹരിവില ഇന്ന് താഴ്ന്നു. ലയനത്തിൽ ലഭിക്കുന്ന ഓഹരികൾ കുറവാണെന്നു ടിആർഎഫിൻ്റെയും ടിൻപ്ലേറ്റിൻ്റെയും മെറ്റാലിക് സിൻ്റെയും ഓഹരി ഉടമകൾ കരുതുന്നു. ഇവയുടെ ഓഹരി വില ഇന്നു രാവിലെ താണു.
ബാങ്ക് ഓഹരികൾ ഇന്നും വലിയ താഴ്ചയിലാണ്. തുടക്കം മുതലേ ഇടിവിലായിരുന്ന ബാങ്ക് നിഫ്റ്റി അര മണിക്കൂറിനകം ഒന്നര ശതമാനത്തിലധികം നഷ്ടത്തിലായി. ബാങ്ക് നിഫ്റ്റി 40,000 നു താഴെ എത്തി. സ്വകാര്യ മേഖലാ ബാങ്കുകളാണു വലിയ നഷ്ടം കാണിക്കുന്നത്.
ഫെഡറൽ ബാങ്ക് ഓഹരി മൂന്നു ശതമാനത്തോളം താഴ്ന്ന് 119 രൂപയിലേക്കു നീങ്ങി.
കുടിശിക പിരിക്കാൻ മറ്റു ഗ്രൂപ്പുകളെ ഉപയോഗിക്കരുതെന്ന കോടതി നിർദേശം എം ആൻഡ് എം ഫിനാൻഷ്യൽ ഓഹരിക്കു ക്ഷീണമായി. ഓഹരി 12 ശതമാനം ഇടിഞ്ഞു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരി മൂന്നു ശതമാനത്തോളം താണു.
വാഹനങ്ങൾക്കു വായ്‌പ നൽകുന്ന മറ്റു ധനകാര്യ കമ്പനികൾക്കും ഇന്നു ക്ഷീണമാണ്. ശ്രീറാം ഫിനാൻസ് അഞ്ചു ശതമാനത്തോളം താഴ്ന്നു.
ലോക വിപണിയിൽ സ്വർണം 1668 ഡോളറിലാണ്. കേരളത്തിൽ പവന് 400 രൂപ വർധിച്ച് 37,200 രൂപയായി.


Tags:    

Similar News