സൂചികകൾ പുതിയ ഉയരങ്ങളിൽ

മിഡ് ക്യാപ് ഓഹരികളിൽ ഇന്നു വിൽപന സമ്മർദം കൂടി

Update: 2022-11-29 05:32 GMT

മുഖ്യസൂചികകൾ പുതിയ റിക്കാർഡ് കുറിച്ച് മുന്നേറ്റം തുടരുന്നു. സെൻസെക്സ് തുടർച്ചയായ നാലാം ദിവസവും നിഫ്റ്റി തുടർച്ചയായ രണ്ടാം ദിവസവുമാണു പുതിയ ഉയരങ്ങൾ കീഴടക്കുന്നത്. നിഫ്റ്റി 18,630-നു മുകളിലും സെൻസെക്സ് 62,710-നു മുകളിലും എത്തി.

മിഡ് ക്യാപ് ഓഹരികളിൽ ഇന്നു വിൽപന സമ്മർദം കൂടി. ലാഭമെടുക്കലാണു ലക്ഷ്യം. ക്രൂഡ് ഓയിൽ വില 846 ഡാേളറിനു മുകളിൽ കയറിയതോടെ ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരികൾ താണു.

റബർ വില രണ്ടു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായതോടെ ടയർ കമ്പനികളുടെ ഓഹരികൾ ഉയർച്ചയിലായി. ഇന്നലെ 12 ശതമാനം ഉയർന്ന ജെകെയും ആറു ശതമാനത്തിലധികം കയറിയ അപ്പോളോ, സിയറ്റ് തുടങ്ങിയവയും രണ്ടു ശതമാനം ഉയർന്ന എംആർഎഫും ഒന്നു മുതൽ മൂന്നു വരെ ശതമാനം ഉയർന്നു. സ്വാഭാവിക റബർ വിലയും പെട്രോളിയം ഉൽപന്ന വിലയും ഒരേ സമയം താഴുന്നത് കമ്പനികൾക്ക് ഇരട്ട നേട്ടമാണ്.

എൻഡിടിവി ഓഹരി അഞ്ച് ശതമാനത്തോളം നേട്ടത്തിലായി. പ്രൊമോട്ടർമാർ തങ്ങളുടെ പക്കലുള്ള ഓഹരി അഡാനി ഗ്രൂപ്പിനു കൈമാറിയതാണു പുതിയ സംഭവ വികാസം. അഡാനിയുടെ ഓപ്പൺ ഓഫറിനു 30 ശതമാനത്തിലധികം പിന്തുണ ലഭിച്ചു. നോൺ കൺവേർട്ടിബിൾ ഡിബഞ്ചർ ഇറക്കി 200 കോടി രൂപ സമാഹരിക്കാൻ ധനലക്ഷ്മി ബാങ്ക് മാനേജ്മെൻ്റ് തീരുമാനിച്ചു. ബാങ്ക് ഓഹരി ഒരു ശതമാനത്തോളം താഴ്ചയിലായി.

ഫെഡറൽ ബാങ്ക് ഓഹരിയിൽ വലിയ വിൽപന സമ്മർദം. രാവിലെ വില ഒരു ശതമാനത്തോളം ഇടിഞ്ഞ് 132.5 രൂപയായി. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി രാവിലെ 16.6 രൂപ വരെ കയറിയ ശേഷം 16.1 രൂപയിലേക്കു താണു. ആദിത്യ ബിർല കാപ്പിറ്റൽ ഓഹരി കഴിഞ്ഞ ദിവസത്തെ മുന്നേറ്റം ഇന്നും തുടർന്നു. ഓഹരി രാവിലെ എട്ടു ശതമാനത്തോളം കയറി. മൂന്നു ദിവസം കൊണ്ടു വില 20 ശതമാനം ഉയർന്നിട്ടുണ്ട്.

രൂപ ഇന്നു ചെറിയ നേട്ടത്തിലായി.ഡോളർ ഏഴു പൈസ നഷ്ടപ്പെടുത്തി 81.61 രൂപയിൽ വ്യാപാരം തുടങ്ങി. ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെൻ്റ് ഇനം 84.9 ഡോളറിലേക്കു കയറി. സ്വർണം താഴ്ചയിൽ നിന്നു കയറി. രാജ്യാന്തര വിപണിയിൽ 1752 ഡോളറായി സ്വർണവില. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 38,760 രൂപയായി

Tags:    

Similar News