ഇന്റര്‍സിറ്റിയായി ഓടാന്‍ വന്ദേ മെട്രോ വരുന്നു, 12 കോച്ചുകളുണ്ടാകും

ആദ്യം 125 നഗരങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ്

Update: 2024-05-07 06:25 GMT

Vande Bharat Train: MSK/Dhanam

ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് മെട്രോ ട്രെയിന്‍ ഇന്ത്യന്‍ റെയില്‍വേയുടെ കപൂര്‍ത്തല റെയില്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് ഈ വര്‍ഷാവസാനം പുറത്തിറങ്ങും. ട്രെയിനിന്റെ പ്രോട്ടോടൈപ്പ് പരീക്ഷണത്തിന് തയ്യാറായിക്കഴിഞ്ഞു. 12 കോച്ചുകളാണ് ഇതിലുണ്ടാവുക. ആവശ്യമെങ്കില്‍ 16 വരെയായി വര്‍ധിപ്പിക്കാം. അതിവേഗത്തില്‍ വളരുന്ന ഇന്ത്യന്‍ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചായാരിക്കും വന്ദേ മെട്രോയുടെ സര്‍വീസ്.

പ്രോട്ടോടൈപ്പ് അംഗീകരിച്ച് ആദ്യത്തെ രണ്ട് വര്‍ഷത്തിനുള്ളില്‍ 50 ട്രെയിനുകള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റെയില്‍വേ അധികൃതര്‍ പറയുന്നു. തദ്ദേശീയമായാണ് ട്രെയിനുകളുടെ നിര്‍മാണം എന്നതാണ് പ്രത്യേകത. ഇതോടെ മെട്രോ ട്രെയിന്‍ നിര്‍മിക്കുന്ന രാജ്യങ്ങളുടെ ക്ലബില്‍ ഇന്ത്യയും ഇടംപിടിക്കും. യൂറോപ്പ്, സൗത്ത് കൊറിയ, ചൈന, കാനഡ എന്നിവയാണ് നിലവില്‍ മെട്രോ ട്രെയിന്‍ നിര്‍മാണത്തില്‍ മുന്നിലുള്ള രാജ്യങ്ങള്‍. ഇന്ത്യയില്‍ നിലിവില്‍ ഓടിക്കുന്ന മെട്രോ കോച്ചുകള്‍ പലതും വിദേശ നിര്‍മിതമാണ്.
കുറഞ്ഞ ചെലവില്‍
അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ 400ഓളം വന്ദേ മെട്രോ ട്രെയിനുകള്‍ നിര്‍മിക്കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. ഇതിനായി 50,000 കോടി രൂപയുടെ നിക്ഷേപവും പ്രതീക്ഷിക്കുന്നു. നിലവില്‍ ഓടുന്ന 12 കോച്ചുകളുള്ള മെട്രോ ട്രെയിനുകളുടെ നിര്‍മാണ ചെലവ് 100-120 കോടി രൂപയാണ്. ആഭ്യന്തരമായി ഉത്പാദനം തുടങ്ങുന്നതോടെ നിര്‍മാണ ചെലവ് നാലിലൊന്നായി കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. ഇതോടെ ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ മെട്രോ സംവിധാനമൊരുക്കുന്ന രാജ്യമായി ഇന്ത്യ മാറും.
125 നഗരങ്ങളില്‍ സര്‍വീസ്
നൂറു മുതല്‍ 250 കിലോമീറ്റര്‍ ദൂരത്തില്‍, 125 ഓളം നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാകും ആദ്യം ട്രെയിന്‍ സര്‍വീസ് തുടങ്ങുക. ലക്‌നൗ, കാണ്‍പൂര്‍, ആഗ്ര, മധുര, 
വാരാണസി
, തിരുപ്പതി, ചെന്നൈ എന്നീ നഗരങ്ങളെയാണ് ആദ്യം പരിഗണിക്കുക. കൂടുതല്‍ ട്രെയിനുകള്‍ വരുന്ന മുറയ്ക്ക് കയറ്റുമതിയും പദ്ധതിയിടുന്നുണ്ട്.
വന്ദേ ഭാരത് ട്രെയിനില്‍ ലഭ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും വന്ദേ മെട്രോയിലും ലഭ്യമാക്കും. മണിക്കൂറില്‍ പരമാവധി 120-160 കിലോമീറ്ററാണ് ട്രെയിന്റെ വേഗം. നഗര സര്‍വീസിനായി ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ സ്‌റ്റോപ്പുകളുള്ളതിനാല്‍ വേഗത്തില്‍ കുതിക്കാനുള്ള ശേഷി ഉറപ്പു വരുത്തും. ദിവസവും ട്രെയിനില്‍ യാത്ര ചെയ്യേണ്ടി വരുന്ന സാധാരണക്കാരായ യാത്രക്കാരെ ഉദ്ദേശിച്ചാണ് വന്ദേ മെട്രോ അവതരിപ്പിക്കുന്നത്. അതിനാല്‍ അണ്‍റിസര്‍വ്ഡ് വിഭാഗം മാത്രമാകും ട്രെയിനിലുണ്ടാവുക.
ജനപ്രീതി നേടി മുന്നോട്ട്
മെയ്ക്ക് ഇന്‍ ഇന്ത്യ ടാഗില്‍ വരുന്ന മൂന്നാമത്തെ സീരീസ് ട്രെയിനുകളാണ് വന്ദേഭാരത് മെട്രോ. 2019ലാണ് ചെയര്‍കാര്‍ വേര്‍ഷനായ വന്ദേ ഭാരത് ആദ്യം അവതരിപ്പിച്ചത്. നിലവില്‍ 51 വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. 24 സംസ്ഥാനങ്ങളിലും 284 നഗരങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 100 വ്യത്യസ്ത റൂട്ടുകളില്‍ സര്‍വീസ് നടക്കുന്നുണ്ട്. വന്ദേഭാരത് ട്രെയിനുകളുടെ രണ്ടാമത്തെ ചെയര്‍കാര്‍ വിഭാഗവും ഈ വര്‍ഷം അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
Tags:    

Similar News