മൂന്ന് ദിവസത്തിനിടെ എട്ട് ശതമാനം നേട്ടം, എക്കാലത്തെയും ഉയര്‍ന്ന നില തൊട്ട് ടാറ്റ ഓഹരി
ഒരു മാസത്തിനിടെ 17 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഈ ഓഹരിയിലുണ്ടായത്
ശക്തമായ ബിസിനസ് വിലയിരുത്തലുകളുടെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി ടാറ്റ എല്‍ക്സി. ഇന്ന് വ്യാപാരത്തിനിടെ അഞ്ച് ശതമാനം ഉയര്‍ന്ന ഓഹരി 9,425 രൂപ എന്ന റെക്കോര്‍ഡ് നില തൊട്ടു. 2022 മാര്‍ച്ച് 31 ലെ 9,420 രൂപയെന്ന നിലയാണ് ഇന്ന് മറികടന്നത്. തുടര്‍ന്ന് 2.56 ശതമാനം നേട്ടത്തോടെ 9,276 രൂപയിലാണ് ടാറ്റ എല്‍ക്‌സി ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ഒരു മാസത്തിനിടെ 17 ശതമാനത്തോളം ഉയര്‍ന്ന ടാറ്റ എല്‍ക്‌സി നിക്ഷേപകര്‍ക്ക് മിന്നും നേട്ടമാണ് സമ്മാനിക്കുന്നത്. മൂന്ന് ദിവസത്തിനിടെ മാത്രം എട്ട് ശതമാനമാണ് ഓഹരി വില ഉയര്‍ന്നത്. അതായത് 651 രൂപ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, ബെഞ്ച്മാര്‍ക്ക് സൂചിക ഏഴ് ശതമാനം ഉയര്‍ന്നപ്പോള്‍ ടാറ്റ എല്‍ക്‌സി 118 ശതമാനമാണ് കുതിച്ചത്. ടാറ്റ സണ്‍സിന്റെ ഉപസ്ഥാപനമാണ് ടാറ്റ എല്‍ക്സി.
ടാറ്റ എല്‍ക്സി ഗതാഗതം, മീഡിയ & ബ്രോഡ്കാസ്റ്റിംഗ്, ഹെല്‍ത്ത് കെയര്‍ വെര്‍ട്ടിക്കലുകള്‍ എന്നിവയ്ക്കായി വിവിധ എഞ്ചിനീയറിംഗ്, റിസര്‍ച്ച് & ഡെവലപ്മെന്റ് സേവനങ്ങളാണ് നല്‍കുന്നത്. യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ പോലുള്ള ഉയര്‍ന്ന ഡിമാന്‍ഡുള്ള വിപണികളിലേക്ക് കമ്പനി അതിന്റെ സേവനങ്ങള്‍ നല്‍കുന്നുണ്ട്. വരുമാനത്തിന്റെ 75 ശതമാനവും ഇവിടങ്ങളില്‍നിന്നാണ്.