2021 ലെ ക്രിപ്‌റ്റോ വിപണി എങ്ങനെയായിരുന്നു? 2022ല്‍ സംഭവിക്കാന്‍ പോകുന്നത് എന്താകും?
ചില ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യം 5000 മുതല്‍ 7000% വരെ വര്‍ധിച്ചു.
ക്രിപ്‌റ്റോ കറന്‍സിയുടെ ശരാശരി മൂല്യം 2021 ല്‍ 73 % വര്‍ധിച്ച് ഏറ്റവും ആദായം നല്‍കിയ നിക്ഷേപക ആസ്തിയായി. എന്നാല്‍ ഓഹരികള്‍, സ്വര്‍ണ്ണം, റിയല്‍ എസ്റ്റേറ്റ് എന്നിവയുമായി താരതമ്യം ചെയ്താല്‍ ഏറ്റവും അധികം ചാഞ്ചാട്ടം ഉണ്ടാകുന്ന വിപണിയാണ് ക്രിപ്‌റ്റോ. ചില ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യം 5000 മുതല്‍ 7000 % വരെ വര്‍ധിച്ചു. ബ്ലൂ ചിപ്പ് ക്രിപ്‌റ്റോ കറന്‍സികളായ ബിറ്റ് കോയിന്‍, എതീറിയം എന്നിവയുടെ വില 35 -45 ശതമാനം വര്‍ധിച്ചു. 2021 ല്‍ ഇന്ത്യന്‍ രൂപയില്‍ ബിറ്റ് കോയിന്റെ വില 21 ലക്ഷത്തില്‍ നിന്നും 54 ലക്ഷം വരെ ഉയര്‍ന്ന ശേഷം നിലവില്‍ 39 ലക്ഷം രൂപയ്ക്കാണ് വിപണനം നടക്കുന്നത് .
ചൈനയില്‍ ബിറ്റ് കോയിന്‍ ഖനനം നിരോധിച്ചതോടു കൂടി ലോകത്തുള്ള മറ്റ് ക്രിപ്‌റ്റോ മൈനിംഗ് കമ്പനികളുടെ ഓഹരി മൂല്യം കുതിച്ചുയര്‍ന്നു. തായ്ലന്‍ഡിലെ ജാസ്മിന്‍ ടെക്‌നോളജി എന്ന ക്രിപ്‌റ്റോ ഖനനം ചെയ്യുന്ന കമ്പനിയുടെ ഓഹരി വില ഈ വര്‍ഷം 6700 ശതമാനം വര്‍ധിച്ചു. എന്നാല്‍ ഖനന യന്ത്രങ്ങളില്‍ നിന്നും ജാസ്മിന്‍ ടെക്‌നോളോജിസ് ഉത്പാദിപിച്ചത് 8 ബിറ്റ് കോയിനുകളാണ്. ഈ കമ്പനി 98 ദശലക്ഷം ഡോളര്‍ ചിലവാക്കി 7000 ക്രിപ്‌റ്റോ ഖനന യന്ത്രങ്ങള്‍ കൂടി വാങ്ങി 2022 ല്‍ ഉത്പാദനം കൂട്ടാനുള്ള ശ്രമത്തിലാണ്.
ക്രഡിറ്റ് കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് പോലെ ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നത് വര്‍ധിക്കുന്നതായി കോയിന്‍ പേമെന്റ്‌സ് കമ്പനിയുടെ സി ഇ ഒ ജാസണ്‍ ബുച്ചര്‍ അഭിപ്രായപ്പെടുന്നു. ഭാവിയില്‍ ഇകൊമേഴ്‌സ് സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ വീസ, മാസ്റ്റര്‍ കാര്‍ഡ് പേയ്‌മെന്റ്‌സ് കൂടാതെ ക്രിപ്‌റ്റോയും ഉള്‍പെടുത്താന്‍ നിര്‍ബന്ധിതരാകും. കോയിന്‍ പേയ്‌മെന്റ്‌സ് വഴി നടത്തുന്ന വ്യാപാര ഇടപാടുകളില്‍ 50 % ബിറ്റ് കോയിന്‍ ഉപയോഗിച്ചാണ്. യു എസ് ഡി ടി എന്ന ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകളില്‍ 25 % വര്‍ധനവ് ഉണ്ട്.
2022 ല്‍ സംഭവിക്കാവുന്നത്
ഇന്ത്യയില്‍ റിസേര്‍വ് ബാങ്ക് ക്രിപ്‌റ്റോ കറന്‍സികള്‍ പൂര്‍ണമായി നിരോധിക്കണമെന്ന് നിലപാടിലാണ്. എന്നാല്‍ ചില നിയന്ത്രണങ്ങളോടെ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപവും ഇടപാടുകളും നിയമപരമാക്കുന്ന നിയമം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് മാറ്റിവെക്കപെട്ടു. ഈ നിയമത്തിലൂടെ സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളെ ചില പൂര്‍ണമായും നിരോധിക്കുന്ന കാര്യത്തില്‍ വ്യക്തത ഇല്ല. ഫെബ്രുവരിയില്‍ ബജറ്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ ക്രിപ്‌റ്റോ ബില്‍ അവതരിപ്പിക്കുമോ എന്നതിലും സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നില്ല.
2 ) ക്രിപ്‌റ്റോ വിപണി അടിസ്ഥന ഘടഗങ്ങള്‍ (fundamentals) അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ വിവിധ ക്രിപ്‌റ്റോ കറന്‍സികളില്‍ 2022 ലും വലിയ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
3) നിക്ഷേപകര്‍ കുറഞ്ഞ തുകകള്‍ നിക്ഷേപിച്ച് നഷ്ട സാധ്യത കുറക്കാനും, അംഗീകൃത എക്‌സ് ചേഞ്ചുകള്‍ വഴി നിക്ഷേപവും ഇടപാടുകളും നടത്തണം.
4 )ക്രിപ്‌റ്റോ കുറ്റ കൃത്യങ്ങള്‍ വര്‍ധിച്ചു വരുന്നതായി ഒരു ഗവേഷണ സ്ഥാപനം മുന്നറിയിപ്പ് നല്‍കുന്നു. 2021 ല്‍ ലോക വ്യാപകമായി ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പിന് ഇരയായവര്‍ക്ക് നഷ്ടമായത് 7.7 ശത കോടി ഡോളര്‍. അതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കണം.
5) ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിക്കുന്നതില്‍ ടിപ്‌സ് നല്‍കുന്നതില്‍ നിന്നും സെക്യൂരിറ്റീസ് ആന്റ് എക്‌സ് ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) ബ്രോകിംഗ് ഗവേഷണ സ്ഥാപനങ്ങളെ വിലക്കിയിട്ടുണ്ട്. അതിനാല്‍ ആരെങ്കിലും ടിപ്‌സ് പങ്കിടുന്നത് മുന്‍നിര്‍ത്തി ക്രിപ്‌റ്റോ നിക്ഷേപങ്ങള്‍ നടത്തരുത്.
6) ചൈന, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളെ പിന്തുടര്‍ന്ന് മറ്റ് രാജ്യങ്ങളും ക്രിപ്‌റ്റോ കറന്‍സികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.