വിശാല വിപണിയില്‍ വില്‍പ്പന സമ്മര്‍ദം ആരംഭിച്ചിട്ട് 19 മാസം
കഴിയുമ്പോളും, ചെറുകിട, മിഡ് ക്യാപ് നിക്ഷേപകര്‍ക്ക് ഇനിയും ആശ്വാസം ലഭിച്ചിട്ടില്ല. മിഡ്, സ്മോള്‍ ക്യാപുകളിലെ ബെയര്‍ മാര്‍ക്കറ്റിന്റെ ദൈര്‍ഘ്യം, അതും ഇത്ര വലിയ അളവിലുള്ളത്, പരിചയസമ്പന്നരായ ഇക്വിറ്റി നിക്ഷേപകരെ പോലും ആശ്ചര്യപ്പെടുത്തുന്നു.
നിക്ഷേപകര്‍ ഓഹരിയിലേക്ക് മടങ്ങിവരാനുള്ള വഴിത്തിരിവായിരിക്കും തെരഞ്ഞെടുപ്പ് എന്നായിരുന്നു എന്റെ തോന്നല്‍. എന്നാല്‍ ബജറ്റിലെ മാര്‍ക്കറ്റ് സൗഹൃദമല്ലാത്ത നയങ്ങള്‍ മൂലം ഭരണത്തുടര്‍ച്ചയുടെ പോസിറ്റീവ് വശം വിപണിയില്‍ ഉണ്ടാക്കിയ ഉണര്‍വ് പോലും, കുറച്ചു കാലത്തേക്കെങ്കിലും നഷ്ടപ്പെട്ടിരിക്കുന്നു. ശുഭാപ്തി വിശ്വാസത്തോടെ നോക്കുകയാണെങ്കില്‍, വിപണിയിലെ വിറ്റഴിക്കല്‍ ഒടുവില്‍ നിഫ്റ്റിയിലും പ്രതിഫലിക്കുന്നു എന്നത് ഒരു പക്ഷേ സൂചിപ്പിക്കുന്നത് ഇപ്പോഴത്തെ ഈ ബെയര്‍മാര്‍ക്കറ്റ് ക്ലൈമാക്സിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നാണ്. എന്നിരുന്നാലും, ഇത് മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
പരാജയങ്ങള്‍ തുടര്‍ക്കഥ
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിരവധി വെല്ലുവിളികള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതില്‍ പലതിനെ കുറിച്ചും പൊതു ധാരണ ഉണ്ടായിരുന്നു എങ്കിലും, ചില വെല്ലുവിളികളുടെയെങ്കിലും അനന്തര ഫലങ്ങളുടെ വ്യാപ്തി അളക്കുന്നതില്‍ നിക്ഷേപകര്‍ പരാജയപ്പെട്ടു എന്ന് വേണം കരുതാന്‍.
നികുതി അടിത്തറ ശക്തിപ്പെടുത്തുന്നതിനും സമ്പാദനസ്രോതസ് കണ്ടെത്തല്‍ മെച്ചപ്പെടുത്തുന്നതിനും കള്ളപ്പണവും അഴിമതിയും കുറയ്ക്കുന്നതിനുമൊക്കെയുമുള്ള സര്‍ക്കാരിന്റെ കുലീനവും സ്വാഗതാര്‍ഹവുമായ ശ്രമങ്ങള്‍ എല്ലാവരുടേയും പ്രതീക്ഷയ്ക്കും അപ്പുറത്തു ഹ്രസ്വകാലത്തേക്കെങ്കിലും സമ്പദ്‌വ്യവസ്ഥയെ ഞെരുക്കിയതായി തോന്നുന്നു. ആര്‍ബിഐ റിപ്പോ നിരക്ക് വെട്ടിക്കുറച്ചിട്ടും, ഈ കുറയ്ക്കല്‍ ഉപഭോക്താക്കളിലേക്ക് എത്തിയിട്ടില്ല. കോര്‍പ്പറേറ്റുകളുടെ മൂലധനച്ചെലവ് ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നു, ഇത് വ്യാവസായിക മേഖലയുടെ തിരിച്ചു വരവ് വൈകിക്കും. ഐ എല്‍ ആന്റ് എഫ്എസ് പ്രശ്നം പെട്ടന്ന് പരിഹരിക്കപ്പെടുന്നതിനു പകരം അത് മറ്റ് എന്‍ബിഎഫ്സികളിലേക്കും ബാങ്കുകളിലേക്കും പടര്‍ന്നു പിടിച്ചു. ഐബിസി പ്രക്രിയ ജുഡീഷ്യല്‍ നടപടിക്രമങ്ങളില്‍ കുടുങ്ങി, നിരാശാജനകമായ വിധത്തില്‍ മന്ദഗതിയിലാണ്.
മ്യൂച്വല്‍ ഫണ്ട് വ്യവസായത്തില്‍ ആസ്തി തരംതിരിക്കല്‍ നടത്താനുള്ള സെബി തീരുമാനം മൂലം ചെറുകിട, മിഡ്ക്യാപ് കമ്പനികളില്‍ ഉണ്ടായ ശക്തമായ വില്‍പ്പനയില്‍ നിന്ന് വിശാലവിപണിക്ക് ഇനിയും കരകയറാനായിട്ടില്ല. മൊത്തത്തില്‍ വളരെക്കാലമായി മുന്‍പെങ്ങും ഇല്ലാത്ത തരത്തില്‍ തണുപ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ഓഹരി വിപണിയിലുള്ളത്. നിഫ്റ്റി ഉയര്‍ന്നു എങ്കിലും വിശാല വിപണി ഇക്കാലയളവില്‍ 50 ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി. 90 ശതമാനത്തിലേറെ ലിസ്റ്റഡ് ഓഹരികളും 30 മുതല്‍ 90 ശതമാനം വരെ താഴേക്ക് പോയിട്ടുണ്ട്. എന്നാല്‍ 10 ശതമാനത്തോളം വരുന്ന ചില ലാര്‍ജ് ക്യാപ് കമ്പനികള്‍ തെരഞ്ഞെടുപ്പിനു ശേഷമുള്ള തിരുത്തലിലും ആനുപാതികമായി താഴേക്കു പോയിട്ടില്ല.
ഉടനെയൊരു തിരിച്ചു വരവുണ്ടോ?
കമ്പനികളെ മൊത്തത്തില്‍ ബാധിച്ച മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ഒരു നിക്ഷേപകന്റെ നിയന്ത്രണത്തിന് അതീതമാണ്. എപ്പോഴാണ് വിപണി അതിന്റെ ശാന്തത വീണ്ടെടുക്കുകയും ഇന്ത്യന്‍ കമ്പനികളുടെ അന്തര്‍ലീനമായ മൂല്യം അംഗീകരിക്കുകയും അത് സ്റ്റോക്ക് വിലകളില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നത്? കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി വിപണികളുടെ വ്യതിയാനങ്ങള്‍ അനുഭവിച്ചറിഞ്ഞ ആളെന്ന നിലയില്‍ വിശാലവിപണിയില്‍ ഒരു സുപ്രധാനമായ തിരിച്ചു വരവ് ഞാന്‍ മുന്നില്‍ കാണുന്നു. അത് അനിവാര്യമാണ്, എന്നാല്‍ ഇതിന് ഒരു സമയപരിധി നിശ്ചയിക്കാന്‍ എനിക്ക് കഴിയില്ല - മൊത്ത വിപണിയെ സംബന്ധിച്ച ഇത്തരം പ്രവചനങ്ങളില്‍ പലതവണയായി എനിക്ക് തെറ്റ് പറ്റുന്നു.
പൂര്‍ണമായും നിക്ഷേപം നടത്തിയിട്ടുള്ള നിക്ഷേപകന്‍ എന്ന നിലയില്‍ ഇപ്പോള്‍ ഓഹരി നിക്ഷേപങ്ങള്‍ വിറ്റൊഴിയുന്നത് ഒരു മികച്ച തന്ത്രമല്ലെന്നും ഏറ്റവും വേദനാജനകമായ ഈ ഘട്ടത്തില്‍ ക്ഷമയോടെ കാത്തിരിക്കുന്നത് വരും വര്‍ഷങ്ങളില്‍ ഫലം നല്‍കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ നയങ്ങളെക്കുറിച്ച് അനിവാര്യമായ വിമര്‍ശനങ്ങളും ഇന്ത്യയുടെ സാമ്പത്തിക ഭാവിയെ കുറിച്ചുള്ള അമിതമായ ആശങ്കകളും മാറ്റിനിര്‍ത്തിയാല്‍ നമ്മള്‍ ബിസിനസ് ചെയ്യുന്ന രീതിയെ അടിമുടി മാറ്റുന്നതിന് ഈ സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ നിക്ഷേപകര്‍ മറക്കരുത്.
വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്കു കൃത്യമായൊരു സമയമിടാന്‍ നമുക്ക് കഴിയില്ല, അതിനാല്‍ ഇത്തരം ദുഷ്‌കരമായ കാലയളവില്‍ സമചിത്തതയോടെ വിപണിയെ കാണുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ട ഏറ്റവും യുക്തിസഹമായ കാര്യം. ഇപ്പോഴത്തെ വിപണിയില്‍, വില്‍ക്കാന്‍ അടിസ്ഥാന കാരണങ്ങള്‍ ഒന്നുമില്ലാഞ്ഞിട്ടും നന്നായി പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ പോലും ആളുകള്‍ പരിഭ്രാന്തിയില്‍ വിറ്റൊഴിയുകയാണ്. ഇത് കോണ്‍ട്രേറിയന്‍ വാല്യു ഇന്‍വെസ്റ്റേഴ്സിന് അടുത്ത ബുള്‍ സൈക്കിളില്‍ പ്രയോജനം നേടുന്നതിനായി പണം നിക്ഷേപിക്കാന്‍ കഴിയുന്ന മികച്ച അവസരമാണ്!