ബില്‍ ഗേറ്റ്‌സ് പുസ്തക രചനയില്‍; വിഷയം കാലാവസ്ഥാ വ്യതിയാനം

Update: 2019-10-09 07:59 GMT

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത തുറന്നു കാട്ടിയും പ്രതിരോധ സംവിധാനങ്ങള്‍ ഏതു വിധമായിരിക്കണമെന്ന സമഗ്ര നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് പുസ്തകം എഴുതുന്നു.'ഹൗ ടു അവോയ്ഡ് ക്ലൈമറ്റ് ഡിസാസ്റ്റര്‍' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം 2020 ജൂണില്‍ പ്രസിദ്ധീകരിക്കും.

സാധാരണ ജനങ്ങളുടെ ജീവിതത്തിലാണ് കാലാവസ്ഥാ വ്യതിയാനം ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നതെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടാണ് പുതിയ പുസ്തകം എഴുതുന്നത്. ഏറ്റവും ഗൗരവതരമായ ആഗോള പ്രതിഭാസമായി മാറിക്കഴിഞ്ഞ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ പ്രാദേശിക, ദേശീയ, ആഗോള തലത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്ന് തിരിച്ചറിയാന്‍ സഹായിക്കുകയാണ് പുസ്തകത്തിന്റെ ലക്ഷ്യം. നമ്മള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ പുതിയ 'കാര്‍ബണ്‍-സീറോ'സാങ്കേതികവിദ്യകള്‍ കണ്ടുപിടിക്കാനും നിലവിലുള്ളവ വിന്യസിക്കാനും ആത്യന്തികമായി ഒരു കാലാവസ്ഥാ ദുരന്തം ഒഴിവാക്കാനും സാധിക്കൂ.-സംരംഭക ഇതിഹാസമായ ബില്‍ ഗേറ്റ്സ് പറഞ്ഞു.

ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡ ഗേറ്റ്സും ചേര്‍ന്ന് രൂപം നല്‍കിയ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ സമൂഹ്യപ്രവര്‍ത്തന രംഗങ്ങളില്‍ സജീവമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന്റെ ഫലമായാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത തനിക്കു ബോധ്യം വന്നതെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ തടയുന്നതിന്, ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ ഇല്ലാതാക്കണം. ഈ പ്രശ്നം അടിയന്തിരമാണ്. അതേ തമയം ചര്‍ച്ചകള്‍ സങ്കീര്‍ണവും- മൈക്രോസോഫ്റ്റ് സ്ഥാപകന്‍ കൂട്ടിച്ചേര്‍ത്തു.

'ബില്‍ ഗേറ്റ്‌സ് എല്ലായ്പ്പോഴും ഒരു പ്രശ്ന പരിഹാരിയാണ്, ഇപ്പോള്‍ അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ പ്രശ്നത്തില്‍ ശ്രദ്ധയൂന്നിയിരിക്കുന്നു' പുസ്തകം എഡിറ്റുചെയ്യുന്ന റോബര്‍ട്ട് ഗോട്ലീബ് പറഞ്ഞു. 'കാലാവസ്ഥാ വ്യതിയാന പ്രശ്‌നത്തില്‍ പ്രായോഗിക പരിഹാരങ്ങള്‍ ഉണ്ട്.ലോകം വിശ്വസിച്ച ആ ശബ്ദം ഞങ്ങള്‍ക്ക് ഇക്കാര്യം ഉറപ്പുനല്‍കുന്നു'.

Similar News