കൊല്ലത്തുനിന്ന് പുനലൂര്‍-ചെങ്കോട്ട വഴി മധുരയ്ക്ക് വന്ദേഭാരത്? കെ.എസ്.ഇ.ബി കനിയണമെന്ന് യാത്രക്കാരും റെയിൽവേയും

കേരളത്തിനുള്ള മൂന്നാം വന്ദേഭാരതിന്റെ റേക്കുകള്‍ നേരത്തേ കൊല്ലത്ത് എത്തിച്ചിരുന്നു

Update:2024-04-27 11:49 IST

Image : Representative Image  (West Bengal Index file photo)

കേരളത്തിന്റെ മൂന്നാം വന്ദേഭാരത് എന്ന് സര്‍വീസ് ആരംഭിക്കുമെന്ന ആകാംക്ഷയിലാണ് യാത്രക്കാര്‍. നേരത്തേ മൂന്നാം വന്ദേഭാരതിനുള്ള റേക്കുകള്‍ കൊല്ലം സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു.
ഈ വന്ദേഭാരതിന്റെ പ്രതിവാര അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കാനുള്ള സൗകര്യം എറണാകുളത്തെ മാര്‍ഷലിംഗ് യാര്‍ഡില്‍ സജ്ജമാണെന്നും എറണാകുളം-ബംഗളൂരു റൂട്ടിലാകും ട്രെനിയിന്റെ സര്‍വീസെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളൊന്നും റെയില്‍വേ സ്ഥിരീകരിച്ചിട്ടില്ല.
ഇപ്പോഴിതാ, കൊല്ലത്ത് നിന്ന് പുനലൂര്‍, ആര്യങ്കാവ്, ചെങ്കോട്ട, തെങ്കാശി വഴി മധുരയ്ക്ക് വന്ദേഭാരത് സര്‍വീസിനുള്ള സാധ്യതകളും തെളിയുകയാണ്. 
കെ.എസ്.ഇ.ബി കനിയണം
രാജ്യത്ത് റെയില്‍പ്പാതകള്‍ പൂര്‍ണമായും വൈദ്യുതവത്കരിക്കാനും കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ അവതരിപ്പിക്കാനുമുള്ള ശ്രമങ്ങളിലാണ് റെയില്‍വേ. കൊല്ലം-ചെങ്കോട്ട-മധുര റൂട്ടും സമ്പൂര്‍ണ വൈദ്യുതവത്കരണത്തിന്റെ പാതയിലാണ്. ഇത് ഈ പാതയില്‍ വന്ദേഭാരത് ട്രെയിന്‍ ഓടാനുള്ള സാധ്യതകള്‍ക്കും വഴിതെളിക്കുന്നുണ്ടെന്നാണ് തമിഴ്‌നാടിന്റെ വിലയിരുത്തല്‍.
തുടര്‍ന്ന്, ഇതുവഴി കൊല്ലം-മധുര-ചെന്നൈ-ബംഗളൂരു സര്‍വീസിനുള്ള സാധ്യതയും തമിഴ്‌നാട് കാണുന്നു.
ഇതിന്റെ ഭാഗമായി തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് ചെങ്കോട്ടയില്‍ സബ്-സ്‌റ്റേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിന്റെ വൈദ്യുതി ബോര്‍ഡ് (KSEB) പുനലൂരിലും സബ്-സ്റ്റേഷന്‍ സ്ഥാപിക്കണം. ഇത് വൈകുന്നത് ഈ മേഖലയിലെ വൈദ്യുതിവത്കരണത്തെ ബാധിക്കുകയാണെന്നാണ് തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നേരത്തേ ദക്ഷിണ റെയില്‍വേയുടെ ആഭിമുഖ്യത്തില്‍ ചെങ്കോട്ട-പുനലൂര്‍ റൂട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇലക്ട്രിക് എന്‍ജിന്‍ ഓടിച്ചിരുന്നു. ഇതിനുള്ള വൈദ്യുതി പക്ഷേ തെങ്കാശിയിലെ വീരവനല്ലൂരില്‍ നിന്നാണ് ഉപയോഗിച്ചത്. സ്ഥിരം സര്‍വീസിന് ഈ സബ്-സ്‌റ്റേഷനില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിക്കുക പ്രായോഗികമല്ലാത്തതിനാലാണ് പുനലൂരിലും സബ്-സ്റ്റേഷന്‍ അനിവാര്യമാകുന്നത്. പുനലൂരില്‍ സബ്-സ്റ്റേഷന്‍ സജ്ജമായാല്‍ കൊല്ലം-മധുര വന്ദേഭാരത് റെയില്‍വേ പരിഗണിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഈ റൂട്ടിൽ മെമു സർവീസ് ആരംഭിക്കാനും ഇത് സഹായകമാകും.
നടപടിയെടുക്കാന്‍ കെ.എസ്.ഇ.ബി
പൂര്‍ണമായും വൈദ്യുതീവത്കരിച്ചിട്ടുള്ളതാണ് കൊല്ലം-ചെങ്കോട്ട റെയില്‍പ്പാത. കെ.എസ്.ഇ.ബിയുടെ പുനലൂര്‍ ട്രാക്ഷന്‍ സബ്‌സ്റ്റേഷനില്‍ കേബിള്‍ വഴി വൈദ്യുതി എത്തിക്കുന്നതിലെ കാലതാമസമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
എന്നാല്‍, 3-ഫേസിന് പകരം 2-ഫേസ് വൈദ്യുതി ലഭ്യമാക്കുന്നതിന് സൗകര്യങ്ങളൊരുക്കാമെന്ന് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ കെ.എസ്.ഇ.ബി വ്യക്തമാക്കിയിട്ടുണ്ട്.
Tags:    

Similar News