വെറും 5,000 രൂപ മതി! ശ്രീലങ്കയ്ക്ക് പോകാന്‍ ഇതാ പുതിയൊരു മാര്‍ഗം

ഒരേസമയം 150 പേര്‍ക്ക് യാത്ര ചെയ്യാം

Update: 2024-04-30 05:58 GMT

Image: Canava

കപ്പല്‍യാത്ര ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇന്ത്യയില്‍ നിന്ന് വെറും മൂന്നു മണിക്കൂര്‍ യാത്ര ചെയ്ത് ശ്രീലങ്കയില്‍ ഒന്നു കറങ്ങി വരാന്‍ ഇനി വളരെയെളുപ്പം. തമിഴ്‌നാടിനും ശ്രീലങ്കയ്ക്കും ഇടയിലുള്ള കപ്പല്‍ സര്‍വീസിന് മേയ് 13ന് തുടക്കമാകും. തമിഴ്‌നാട്ടിലെ നാഗപട്ടണത്തു നിന്ന് ശ്രീലങ്കയിലെ ജാഫ്നയിലുള്ള കങ്കേശന്‍തുറയിലേക്കാണ് സര്‍വീസ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ റൂട്ട് ഉദ്ഘാടനം ചെയ്തത്. പിന്നീട് കനത്ത മഴയെത്തുടര്‍ന്ന് സര്‍വീസ് മുടങ്ങിയിരുന്നു.
ശ്രീലങ്കയിലേക്ക് വിനോദസഞ്ചാരത്തിന് പോകുന്നവര്‍ക്ക് ഗുണം ചെയ്യുന്നതാണ് കപ്പല്‍യാത്ര. മൂന്ന് മണിക്കൂര്‍ മാത്രമാണ് ലങ്കയിലെത്താന്‍ എടുക്കുന്ന സമയം. ടിക്കറ്റ് നിരക്കും 5,000 രൂപയില്‍ കൂടില്ല. ടിക്കറ്റ് ചാര്‍ജിനൊപ്പം ജി.എസ്.ടിയും നല്‍കണം. ശ്രീലങ്കയിലേക്ക് യാത്രചെയ്യാന്‍ പാസ്പോര്‍ട്ട് മാത്രം കൈയില്‍ കരുതിയാല്‍ മതിയാകും. നാഗപട്ടണം തുറമുഖത്തെ പാസഞ്ചര്‍ ടെര്‍മിനലില്‍ ടിക്കറ്റ് ബുക്കുചെയ്യാന്‍ സൗകര്യമുണ്ട്. ഓണ്‍ലൈന്‍ ബുക്കിംഗും ഉടന്‍ ആരംഭിക്കും.
ടൂറിസ്റ്റുകള്‍ക്ക് ഗുണം ചെയ്യും
ഒരേസമയം 150 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. പൂര്‍ണമായും എ.സിയാണ് കപ്പല്‍. 60 കിലോ വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാം. യാത്ര ഷെഡ്യൂള്‍ ചെയ്യുന്നതിന് 72 മണിക്കൂര്‍ മുന്‍പ് വരെ യാത്രാ തീയതിയില്‍ മാറ്റം വരുത്താനും റീഫണ്ടോടുകൂടിയുള്ള കാന്‍സലേഷനും സൗകര്യമുണ്ട്. വിമാന യാത്രയേക്കാള്‍ കുറഞ്ഞ ചെലവില്‍ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ സാധിക്കുമെന്നതാണ് കപ്പല്‍ സര്‍വീസിന്റെ നേട്ടം.
ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, തമിഴ്നാട് മാരീടൈം ബോര്‍ഡ് എന്നിവ സഹകരിച്ചാണ് സര്‍വീസിന് തുടക്കമിടുന്നത്. ആന്‍ഡമാനില്‍ നിര്‍മിച്ച 'ശിവഗംഗ' കപ്പലാണ് സര്‍വീസിനായി ഉപയോഗപ്പെടുത്തുക. ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള വിനോദസഞ്ചാരത്തിന് കപ്പല്‍ സര്‍വീസ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. 

തമിഴ്‌നാട്ടില്‍ നിന്ന് രാവിലെ 7നാണ് കപ്പല്‍ യാത്ര തുടങ്ങുന്നത്. 11 മണിക്ക് ലങ്കയിലെത്തും. അവിടെ നിന്നുള്ള മടക്കയാത്ര ഉച്ചയ്ക്ക് 1.30നാണ്. വൈകുന്നേരം 5.30ന് തമിഴ്‌നാട്ടിലെത്തും. കാലാവസ്ഥ അനുസരിച്ച് യാത്രയുടെ ദൈര്‍ഘ്യത്തില്‍ വ്യത്യാസം വരും.

പതിറ്റാണ്ടുകള്‍ക്ക് മുമ്പുവരെ തമിഴ്നാടിനും ശ്രീലങ്കയ്ക്കുമിടയില്‍ കപ്പല്‍ സര്‍വീസ് സാധാരണമായിരുന്നു. ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് പിന്നീട് 1982ല്‍ സര്‍വീസുകള്‍ നിലച്ചു. തൂത്തുക്കുടി തുറമുഖത്തെ ബന്ധിപ്പിച്ച് ചെന്നൈ-കൊളംബോ പാതയിലായിരുന്നു നേരത്തേ സര്‍വീസുകള്‍.

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം പിന്നീട് രാമേശ്വരത്തെ ധനുഷ്‌കോടി, ശ്രീലങ്കയിലെ തലൈമാന്നാര്‍ എന്നിവയെ ബന്ധിപ്പിച്ച് 2011ല്‍ സര്‍വീസ് ആരംഭിച്ചെങ്കിലും അഭയാര്‍ത്ഥി പ്രവാഹം വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ നിറുത്തുകയായിരുന്നു. മധുര, തിരുച്ചിറപ്പിള്ളി, തഞ്ചാവൂര്‍, വേളാങ്കണ്ണി തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ശ്രീലങ്കക്കാരുടെ ഒഴുക്കും വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
Tags:    

Similar News