സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ആരോഗ്യ സേതു ഉപയോഗിക്കാനുള്ള സൗകര്യം; ഗ്രാമങ്ങളിലും സേവനമെത്തും

Update:2020-05-07 10:00 IST

രാജ്യത്ത് കൊറോണ വ്യാപനം തടയാനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ആരോഗ്യ സേതു ആപ്പ് കൂടുതല്‍ പേരില്‍ എത്തിക്കാന്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഓട്ടോമാറ്റിക് ഇന്‍സ്റ്റാള്‍ സംവിധാനം കൊണ്ടുവന്നിരുന്നു. ഇതിനു പിന്നാലെ സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ആരോഗ്യ സേതു ആപ്പ് സേവനം ഉറപ്പു വരുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ ഐവിആര്‍എസ് പദ്ധതി. സാധാരണ ഫീച്ചര്‍ ഫോണുകളും ലാന്‍ഡ്ലൈന്‍ കണക്ഷനും ഉള്ള പൗരന്മാരെ ആരോഗ്യ സേതുവിന്റെ പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്നതിനായാണ്, 'ആരോഗ്യ സേതു ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് സിസ്റ്റം (ഐവിആര്‍എസ്)' നടപ്പിലാക്കിയത്.

ഇതുവഴി 1921 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കിയാല്‍ അവരുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ അഭ്യര്‍ത്ഥിച്ച് ഒരു കോള്‍ തിരികെ ലഭിക്കും. ഈ ടോള്‍ ഫ്രീ സേവനം ലഭ്യമാകാന്‍ ടോക് ടൈം ബാലന്‍സും വേണ്ട. കോള്‍ ലഭിക്കുന്ന വ്യക്തികള്‍ക്ക് ആരോഗ്യ സേതു ആപ്പില്‍ തയ്യാറാക്കിയ അതേ ചോദ്യങ്ങളായിരിക്കും ചോദിക്കുക. കസ്റ്റമര്‍ കെയര്‍ കോള്‍ പോലെ ഉത്തരങ്ങള്‍ ശേഖരിക്കും. ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി, പൗരന്മാര്‍ക്ക് അവരുടെ ആരോഗ്യസ്ഥിതിയെ സൂചിപ്പിക്കുന്ന ഒരു എസ്എംഎസ് ലഭിക്കും. തുടര്‍ന്നും കോവിഡ് പരിരക്ഷ സംബന്ധിച്ചുള്ള കൂടുതല്‍ അലേര്‍ട്ടുകള്‍ പൗരന്‍മാര്‍ക്ക് ലഭിക്കും.

മൊബൈല്‍ ആപ്ലിക്കേഷന് സമാനമായി 11 പ്രാദേശിക ഭാഷകളിലാണ് സേവനം നടപ്പിലാക്കുന്നത്. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ ആണ് ആരോഗ്യ സേതു ആപ്പ് പുറത്തിറക്കിയത്. ബ്ലൂടൂത്ത്, ലൊക്കേഷന്‍ ആക്‌സസ് എന്നിവയുടെ സഹായത്തോട് കൂടിയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News