നിയന്ത്രണങ്ങള്‍ ഫലം കണ്ടു; നിപ്പയെ പിടിച്ചു കെട്ടി

മലപ്പുറം സാധാരണ നിലയിലേക്ക്

Update:2024-08-01 11:10 IST

Image | Canva

ആരോഗ്യ വകുപ്പിന്റെ കര്‍ശനമായ ഇടപെടലും ജനങ്ങളുടെ ജാഗ്രതയും മലപ്പുറത്ത് നിപ്പ വൈറസ് വ്യാപനത്തെ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കി. മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകളില്‍ ജില്ലാ കലക്ടര്‍  പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും നീക്കി. നിപ്പ ബാധിച്ച് ഒരു വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിലാണ് കര്‍ശന നിയന്ത്രണമുണ്ടായിരുന്നത്. കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ ഏറ്റിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കിയത്.

ജനജീവിതം സാധാരണ നിലയിലേക്ക്

കഴിഞ്ഞ രണ്ടാഴ്ചയായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ പ്രത്യേകിച്ചും, മലപ്പുറം ജില്ലയില്‍ പൊതുവിലും വൈറസ് വ്യാപന ഭീതി നിലനിന്നിരുന്നു. തുടക്കത്തില്‍ ഈ രണ്ട് പഞ്ചായത്തുകളിലും പൂര്‍ണ്ണനിയന്ത്രണങ്ങളാണ് ഉണ്ടായിരുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ മാത്രമാണ് തുറക്കാന്‍ അനുവദിച്ചിരുന്നത്. സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ബസുകള്‍ ഓടിയിരുന്നില്ല. ഒരാഴ്ചക്ക് ശേഷം ഈ നിയന്ത്രണങ്ങള്‍ രണ്ട് വാര്‍ഡുകളിലേക്ക് മാത്രമായി ചുരുക്കിയിരുന്നു. നിലവില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറങ്ങാനാകും. ഇവരില്‍ രോഗലക്ഷണങ്ങള്‍ ഇല്ല. മലപ്പുറം ജില്ലയില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന ജില്ലാ കലക്ടറുടെ പൊതുവായ നിര്‍ദേശം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

കൃത്യസമയത്തെ ഇടപെടല്‍

ജൂലൈ 20 നാണ് നിപ്പ വൈറസ് ബാധയേറ്റ് പാണ്ടിക്കാട് പഞ്ചായത്തിലെ വിദ്യാര്‍ഥി മരിച്ച വിവരം പുറത്തു വന്നത്. അതിന് ഒരാഴ്ച മുമ്പു തന്നെ ഈ കുട്ടിയെ പനിബാധിച്ച് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. മരണകാരണം നിപ്പ വൈറസാണെന്ന് തിരിച്ചറിഞ്ഞതോടെ ആരോഗ്യവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്ത് നേരിട്ടെത്തി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. മന്ത്രി ഏതാനും ദിവസങ്ങള്‍ മലപ്പുറത്ത് തങ്ങുകയും ചെയ്തിരുന്നു. നിപ്പ വൈറസിന്റെ മാരക സ്വഭാവത്തെ കുറിച്ചുള്ള മുന്‍കാല അനുഭവങ്ങള്‍ ജനങ്ങളെയും ജാഗ്രതയിലാക്കി. പൊതുപരിപാടികള്‍ മാറ്റിവെച്ചും അനാവശ്യമായി വീടുകള്‍ക്ക് പുറത്തിറങ്ങാതെയും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ മാനിച്ചും ജനങ്ങള്‍ സഹകരിച്ചതോടെ പകര്‍ച്ച വ്യാധിയെ തുടക്കത്തില്‍ തന്നെ പിടിച്ചു കെട്ടാനായി.

Tags:    

Similar News