മഹാവ്യാധി അരികിലെന്ന മുന്നറിയിപ്പ് ബില്‍ ഗേറ്റ്സ് തന്നിരുന്നു; ഗൗനിച്ചില്ല

Update: 2020-01-31 12:49 GMT

കൊറോണ വൈറസ് അനിയന്ത്രിതമായി പടരുമ്പോള്‍ ലോകവ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുതുടങ്ങി മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് കഴിഞ്ഞ വര്‍ഷം നല്‍കിയ മുന്നറിയിപ്പ്. അതിരൂക്ഷമായ ഒരു പകര്‍ച്ചവ്യാധി സംഭവിച്ചാല്‍ നേരിടാന്‍ ലോകം സജ്ജമല്ലെന്നാണ് നേരത്തെ തന്നെ ബില്‍ ഗേറ്റ്‌സ് ചൂണ്ടിക്കാട്ടിയത്.

'നമ്മള്‍ മുമ്പ് കണ്ടിട്ടില്ലാത്ത ഒരു രോഗം വന്നാല്‍, സാധാരണയായി ആ രോഗത്തിനെതിരെ ഒരു വാക്‌സിന്‍ കൊണ്ടുവരാന്‍ നാലോ അഞ്ചോ വര്‍ഷമെടുക്കും. പുതിയ സാങ്കേതികവിദ്യകള്‍ ആ സമയത്തെ ചെറുതാക്കിയേക്കാം. പക്ഷേ, ഏത് തരത്തിലുള്ള മഹാവ്യാധി ആവര്‍ഭവിക്കുമ്പോഴും നമ്മള്‍ എല്ലായ്‌പ്പോഴും തിരിഞ്ഞുനോക്കി അതിനെ ചെറുക്കാന്‍ കൂടുതല്‍ നിക്ഷേപം നേരത്തെ നടത്തേണ്ടതായിരുന്നുവെന്ന് ചിന്തിക്കുകയാണു പതിവ്.' നെറ്റ്ഫ്‌ളിക്‌സിന്റെ ഒരു ഡോക്യുമെന്ററിയില്‍ ബില്‍ ഗേറ്റ്‌സിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ചൈനയിലെ മാര്‍ക്കറ്റില്‍ നിന്ന് വൈറസ് രോഗം പൊട്ടിപ്പുറപ്പെടുന്നതിനെ കാല്‍പ്പനികമായി ആവിഷ്‌കരിക്കുന്നതായിരുന്നു നെറ്റ്ഫ്‌ളിക്‌സിന്റെ ഡോക്യുമെന്ററി. ഇപ്പോള്‍ കൊറോണാ വൈറസിന്റെ സ്രോതസായി വുഹാന്‍ സീഫുഡ് മാര്‍ക്കറ്റ് മാറുന്നതിന്റെ ഏകദേശ ചിത്രം അതിലുണ്ടായിരുന്നു.മുമ്പ് സാര്‍സ് രോഗ ബാധയുണ്ടായതിന്റെ ചുവടുപിടിച്ച് രൂപപ്പെടുത്തിയതായിരുന്നു ഡോക്യുമെന്ററി.

ഒരു മഹാവ്യാധി പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത അന്നു ചൂണ്ടിക്കാട്ടിയിരുന്നിട്ടും ബില്‍ ഗേറ്റ്സ് നിര്‍ദ്ദേശിച്ച പ്രകാരം കൂടുതല്‍ നിക്ഷേപത്തോടെ സ്ഥാപനങ്ങളും ശാസ്ത്രജ്ഞരും യഥാവിധി ശ്രമം നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ ആഘാതം കുറയ്ക്കാന്‍ കഴിയുമായിരുന്നില്ലേയെന്ന ചോദ്യവും വ്യാപകം.170 പേരുടെ ജീവനെടുത്ത് തേര്‍വാഴ്ച നടത്തുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ബില്‍ മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ സാമ്പത്തിക സഹായം നല്‍കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

14.5 ദശലക്ഷം ഡോളര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മരുന്ന് ഗവേഷണത്തിനുമായി നല്‍കുമെന്ന് ആലിബാബയുടെ സ്ഥാപകനും ചൈനയിലെ ഏറ്റവും സമ്പന്നനുമായ ജാക്ക് മാ പ്രഖ്യാപിച്ചു. മാനവികതയും രോഗവും തമ്മിലുള്ള പോരാട്ടം ഒരു ദീര്‍ഘ യാത്രയാണെന്ന് അറിയാമെന്നും ഈ തുക വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന്‍ കണ്ടെത്തുന്നതിനും വിവിധ മെഡിക്കല്‍ ഗവേഷണ ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമാകട്ടെയെന്നും ജാക്ക് മാ ജീവകാരുണ്യ ഫൗണ്ടേഷന്‍ പ്രതികരിച്ചു.

പോണി മായുടെ ടെന്‍സെന്റ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് 300 ദശലക്ഷം യുവാന്‍ മൂല്യമുള്ള സാധനങ്ങളും ഡാറ്റാ സേവനങ്ങളും സംഭാവന ചെയ്യും. യാത്രാ കമ്പനിയായ ദിദി ചക്സിംഗ് ആവശ്യമായ നഗരങ്ങളിലുടനീളം വാഹനങ്ങളില്‍ മെഡിക്കല്‍ ഉദ്യോഗസ്ഥരെ എത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോബിന്‍ ലീയുടെ ബൈദു ഇന്‍കും ടിക് ടോക് ഉടമ ബൈറ്റ് ഡാന്‍സും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ കൊറോണ വൈറസിനെ ഇന്ത്യ എപ്രകാരം നേരിടുമെന്ന ചോദ്യം തീവ്രമായിത്തുടങ്ങി. 1918ല്‍ 1.7 കോടി പേരുടെ മരണത്തിനിടയാക്കിയ സ്പാനിഷ് പനിയുടെ കാലത്തെക്കാള്‍ അഞ്ചിരട്ടിയാണ് ഇപ്പോള്‍ ഇന്ത്യയിലെ ജനസംഖ്യ.ആഗോള ആരോഗ്യ സുരക്ഷാ സൂചിക(2019) അനുസരിച്ച് പകര്‍ച്ചവ്യാധി നേരിടുന്നതിനുള്ള സംവിധാനത്തില്‍ ഇന്ത്യ 57 ാം സ്ഥാനത്താണ്.

കേരളത്തില്‍ വൈറസ് ബാധ ഒരാളില്‍ സ്ഥിരീകരിച്ചതോടെ വിപത്ത് ഇവിടേക്കും എത്തി.ജനസംഖ്യാ ബാഹുല്യം മൂലം ഏതു രോഗവും വേഗം പടരാന്‍ ഏറ്റവും സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. ദാരിദ്ര്യം, അടിസ്ഥാനസൗകര്യ ദൗര്‍ലഭ്യം, സാമ്പത്തിക പരാധീനത എന്നിവ ഈ ബലഹീനത പതിന്മടങ്ങു വര്‍ധിപ്പിക്കുന്നു.

ഏതു പകര്‍ച്ചവ്യാധി തടയുന്നതിലും ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് സുപ്രധാന സ്ഥാനമുണ്ട്. 2018ല്‍ 20 പേരുടെ മരണത്തിനിടയാക്കിയ നിപ്പ വൈറസ് ബാധ വേഗം നിയന്ത്രിക്കാന്‍ കേരളത്തിനായത് ഇവിടുത്തെ ഉയര്‍ന്ന സാക്ഷരതയും ആരോഗ്യമേഖലയുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും മൂലമാണ്. എന്നാല്‍, ദേശീയതലത്തില്‍ സ്ഥിതി ആശാവഹമല്ല. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ പൊതുനിക്ഷേപം നിരന്തരം അവഗണിച്ച സര്‍ക്കാര്‍ സമീപനത്തിന്റെ തിരിച്ചടി ജനങ്ങള്‍ക്കു നേരിടേണ്ടിവരാം.

ദേശീയതലത്തില്‍ മുന്‍കരുതല്‍ സംവിധാനം, നിരീക്ഷണം, പ്രതിരോധം, രോഗബാധയുണ്ടായാല്‍ ഉടന്‍ അറിയാന്‍ സംവിധാനം, ചികിത്സ എന്നിവയിലെല്ലാം ഏകീകൃതവും കാര്യക്ഷമവുമായ സംവിധാനമാവശ്യം. പ്രത്യേക സാഹചര്യത്തില്‍ ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യം, അടിയന്തര ചികിത്സാ സംവിധാനം എന്നിവ പൂര്‍ണസജ്ജമാക്കേണ്ടതുണ്ട്. വിനാശകരമായ വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കുമെതിരെ ഫലപ്രദമായ വാക്‌സിനുകള്‍ കണ്ടെത്തുന്നതിനു മുന്‍കൈ എടുക്കേണ്ടതും ആവശ്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News