കോവിഡിനെ അതിജീവിച്ച ബയോക്കോണ്‍ മേധാവിയുടെ 10 നിര്‍ദ്ദേശങ്ങള്‍

Update: 2020-09-02 09:25 GMT

കോവിഡിന് എതിരെയുള്ള വാക്‌സിന്‍ കണ്ടെത്തുന്നതിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നില്‍ക്കുന്ന ബയോക്കോണ്‍ മേധാവിക്ക് തന്നെ കോവിഡ് വന്നാലോ? ബയോക്കോണ്‍ ലിമിറ്റഡിന്റെ ചെയര്‍പേഴ്‌സണായ കിരണ്‍ മജുംദാര്‍ ഷാ ആ പ്രതിസന്ധിഘട്ടത്തെ ധൈര്യസമേതം നേരിട്ടു.

കാന്‍സറിനെ അതിജീവിച്ച അമ്മയ്ക്കും കാന്‍സര്‍ രോഗിയായ ഭര്‍ത്താവിനും അസുഖം വരാതെ അങ്ങേയറ്റം കരുതലെടുത്തു. ഒടുവില്‍ കോവിഡുമായുള്ള യുദ്ധം പൊരുതി വിജയിച്ചു. തന്റെ അനുഭവത്തില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ കിരണ്‍ മജുംദാര്‍ ഷാ നമ്മുക്കായി പങ്കുവെക്കുന്നു.

1. കോവിഡ് പൊസിറ്റീവാണെന്ന് അറിയുമ്പോള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല.

2. സി.റ്റി (സൈക്കിള്‍ ത്രെഷോള്‍ഡ്) മൂല്യം അധിഷ്ഠിതമാക്കി നിങ്ങളുടെ വൈറല്‍ ലോഡ് എത്രയാണെന്ന് അറിയുക. അതിന് അനുസരിച്ചുവേണം വീട്ടില്‍ ക്വാറന്റൈന്‍ ചെയ്താല്‍ മതിയോ ആശുപത്രിയില്‍ അഡ്മിറ്റ് ആകണോ എന്ന് തീരുമാനിക്കേണ്ടത്. എന്റെ സി.റ്റി വാല്യു 23 ആയിരുന്നു. അതുകൊണ്ട് ടെലി സൂപ്പര്‍വിഷനില്‍ ഹോം ക്വാറന്റൈന്‍ മതിയായിരുന്നു. എന്നാല്‍ ഈ മൂല്യം 20ല്‍ താഴെയാണെങ്കില്‍ ഹോം ഐസൊലേഷന്‍ മതിയാകില്ല.

3. നേരിയ തോതൈിലുള്ള ലക്ഷണങ്ങളും പ്രശ്‌നമല്ലാത്ത വൈറല്‍ ലോഡും ആണെങ്കില്‍ ഹോം ഐസൊലേഷന്‍ മതിയാകും.

4. നിങ്ങളുടെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ദിവസത്തില്‍ പല തവണ നിരീക്ഷിക്കുക. അത് 95 ശതമാനത്തില്‍ താഴെയല്ലെന്ന് ഉറപ്പാക്കുക.

5. ഹോം ഐസൊലേഷന്‍ ആണെങ്കില്‍ ഡോക്ടറുടെ സേവനം ടെലി-ഹെല്‍ത്ത് പ്രോഗ്രാമിലൂടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

6. സാധ്യമെങ്കില്‍ യോഗ ചെയ്യുക. നടത്തവും നല്ലതാണ്. ഞാന്‍ വ്യായാമം കൃത്യമായി ചെയ്തിരുന്നു.

7. ഒരു ആഴ്ച കൊണ്ട് നിങ്ങളുടെ ശരീരം വൈറസിനെ പ്രതിരോധിക്കും.

8. ഡോക്ടര്‍മാര്‍ രോഗലക്ഷണങ്ങളെ ചികില്‍സിക്കുന്നതിന് പകരം ലക്ഷണങ്ങളുടെ യഥാര്‍ത്ഥ കാരണത്തെ ചികില്‍സിക്കുകയാണ് വേണ്ടത്. ഉദാഹരണത്തിന് SpO2 കുറഞ്ഞാല്‍ ഓക്‌സിജന്‍ കൊടുക്കുകയെന്നതല്ല അതിനുള്ള ചികില്‍സ. സൈറ്റോകിന്‍സ് വഴിയുണ്ടായ വീക്കത്തെ ചികില്‍സിക്കുകയാണ് വേണ്ടത്.

9. സൈറ്റോകിന്‍ മൂലമുള്ള വീക്കത്തെ നേരത്തെ ചികില്‍സിക്കാത്തത് കോവിഡ് 19ന് ശേഷമുള്ള കടുത്ത ക്ഷീണത്തിനും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും.

10. അവസാനമായി പറയാനുള്ള കാര്യം, നിങ്ങള്‍ക്ക് നേരിയ ലക്ഷണങ്ങളാണ് ഉള്ളതെങ്കിലും പെട്ടെന്നുതന്നെ ടെസ്റ്റ് നടത്തി ചികില്‍സ ഉറപ്പാക്കണം. ലക്ഷണങ്ങള്‍ ഗുരുതരമാകാന്‍ കാത്തുനില്‍ക്കരുത്. അങ്ങനെ ചെയ്യുന്നത് വഴി രോഗം ചെറുതായി വന്നുപോകുന്നതിനുള്ള സാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News