ഇത്തിരി നേരം കൊണ്ട് ഒത്തിരി ആരോഗ്യം; ഓഫീസില്‍ ഇരുന്ന് ചെയ്യാവുന്ന വ്യായാമങ്ങളിതാ

Update: 2019-07-20 03:00 GMT

ഒറ്റയിരിപ്പില്‍ ജോലി ചെയ്തു ശീലമാക്കിയവരാണ് പലരും. ശരീരം അനങ്ങിയുള്ള ജോലികള്‍ കുറഞ്ഞതോടെ ജീവിതശൈലി രോഗങ്ങളും പിടിമുറുക്കാന്‍ തുടങ്ങി. ഒരുപാട് സമയമെടുത്ത് ചെയ്യേണ്ടി വരുന്ന ജോലികള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമാണ് പലരും കംപ്യൂട്ടറില്‍ നിന്ന് കണ്ണെടുക്കുന്നത് തന്നെ. ജോലി കഴിഞ്ഞ് ഇരിപ്പിടത്തില്‍ നിന്നെഴുന്നേല്‍ക്കുമ്പോഴാണ് പലരും ഈ ഒറ്റയിരുപ്പിന്റെ പ്രശ്‌നങ്ങള്‍ അറിയുന്നത്. എന്നാല്‍ ജോലിക്കിടയില്‍ തന്നെ ലഘുവ്യായാമങ്ങള്‍ ചെയ്ത് ഈ സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിഞ്ഞാലോ? ഇതാ ഓഫീസില്‍തന്നെ ചെയ്യാവുന്ന വ്യായാമങ്ങളാണിവ. ഓരോ ശരീരഭാഗങ്ങള്‍ക്കും പ്രത്യേകം വ്യായാമങ്ങളാണ് നിര്‍ദേശിക്കുന്നത്. ഇത്തിരി നേരം മാറ്റി വച്ചാല്‍ നേടാനാകുന്നത് ഒത്തിരി ആരോഗ്യമാണെങ്കിലോ. ഇതാ ശീലിക്കാം ചില വ്യായാമ മുറകള്‍.

ചുമലുകള്‍

കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യുന്നവര്‍ ചുമലുകള്‍ ഇടയ്ക്ക് മുന്നോട്ടും പുറകോട്ടും 10 തവണ ചലിപ്പിക്കുക. മസിലുകള്‍ക്ക് അയവ് കിട്ടാനും ടെന്‍ഷന്‍ കുറയ്ക്കാനും ഈ ലഘു വ്യായാമം സഹായിക്കും. ചുമല്‍ ഉയര്‍ത്തിപിടിച്ച് ശ്വാസം ഉള്ളിലേക്ക് വലിക്കുക. 30 സെക്കന്റ് ശ്വാസം ഉള്ളില്‍ നിര്‍ത്തിയശേഷം ചുമലുകള്‍ അയച്ച് സാവധാനം ശ്വാസം പുറത്തേക്കു വിടുക. ജോലിയുടെ ഇടവേളകളില്‍ പത്ത് തവണവരെ ഇത് ചെയ്യുക.

കഴുത്ത്

കഴുത്ത് പരമാവധി മുന്നിലേക്കും പുറകിലേക്കും വശങ്ങളിലേക്കും തിരിക്കുക. ഈ വ്യായാമം അധികസമയം ഇരുന്ന് ജോലി ചെയ്യുന്നതുമൂലം കഴുത്തിനും ചുമലുകള്‍ക്കും ഉണ്ടാകുന്ന സ്‌ട്രെയിന്‍ കുറയ്ക്കുന്നു. ഇത് സ്‌ട്രെസ് കുറയ്ക്കുമെന്നും പഠനങ്ങള്‍.

നെഞ്ച്

കൈകള്‍ നീട്ടിപിടിക്കുക. കഴുത്തുനേരെവച്ച് ഇടതു വലത്ത് കൈവിരലുകള്‍ അതേ വശത്തേക്ക് മടക്കി തോളില്‍ തൊടുക. ഓരോ മണിക്കൂര്‍ കൂടുമ്പോഴും ഈ വ്യായാമം ചെയ്യുന്നത് നല്ലതാണ്. കൂടുതല്‍ സമയം ഇരിക്കുന്നതുമൂലം ഉണ്ടാകുന്ന ക്ഷീണം കുറയ്ക്കാന്‍ ഇത് സഹായിക്കും.

വയറ്

വയറ് ഉള്ളിലേക്ക് വരുന്ന രീതിയില്‍ ശ്വാസം എടുക്കുക. ഏതാനും മിനിറ്റുകള്‍ ശ്വാസം ഉള്ളില്‍ നിര്‍ത്തിയശേഷം സാവധാനം പുറത്തേക്കു വിടുക. ദിവസവും ഇടയ്ക്കിടെ ഇങ്ങനെ ചെയ്യുന്നത് വയര്‍ ചാടുന്നത് കുറയാന്‍ സഹായിക്കും. വെള്ളം നിറച്ച ഒരു കുപ്പി തലയ്ക്ക് മുകളിലായി ഉയര്‍ത്തി പിടിക്കുക. 30 സെക്കന്റ് ഈ നില തുടരുക. ശേഷം കൈകള്‍ താഴ്ത്തുക. ഇരു കൈകളും മാറി മാറി ഈ വ്യായാമം ചെയ്യണം. കൈയിലെ പേശികളുടെ ആരോഗ്യത്തിന് ഈ വ്യായാമം ഫലപ്രദമാണ്. ബാത്ത്‌റൂമിലോ മറ്റോ പോകുന്ന ഇടനേരങ്ങളില്‍ കൈകള്‍ ക്‌ളോക്ക് വൈസായും ആന്റി ക്‌ളോക്ക് വൈസായും 10 തവണവീതം കറക്കുക.

കൈക്കുഴ/ റിസ്റ്റ്

അധിക സമയമിരുന്ന് ടൈപ്പ് ചെയ്യുന്നവര്‍ക്ക് കൈക്കുഴയ്ക്ക് ഉണ്ടാകാവുന്ന കാര്‍പല്‍ ടൂണല്‍ സിന്‍ഡ്രോം പോലുള്ള അസുഖങ്ങള്‍ ഒഴിവാക്കാന്‍ ക്‌ളോക്ക് വൈസായും ആന്റി ക്‌ളോക്ക് വൈസായും കൈക്കുഴ 10 തവണവീതം കറക്കുക. ഒരു ടെന്നീസ്‌ബോള്‍ കൈകള്‍കൊണ്ട് മുന്‍പിലേക്കും പുറകിലേക്കും ചലിപ്പിക്കുക. ദിവസവും ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചെയ്യുന്നത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കും.

Similar News