ആഹാരശീലങ്ങളില്‍ അല്‍പ്പം മാറ്റം വരുത്താം; നേടാം ഹെല്‍ത്തി ലൈഫ്

Update: 2019-10-07 14:00 GMT

''You are what you eat'' എന്നാണ് പൊതുവെ പറയാറുള്ളത്. ഇത് ഒരു പരിധി വരെ ശരിയുമാണ്. നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല നിങ്ങളുടെ വ്യക്തിത്വത്തെയും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ബാധിക്കുമെന്നാണ് പറയുന്നത്. നല്ല ആഹാരശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് ജീവിതശൈലീരോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. അമിത വണ്ണത്തില്‍ നിന്നും മുടികൊഴിച്ചില്‍, ദഹനക്കുറവ് തുടങ്ങി ചെറുതെന്നു നാം കരുതുന്ന എന്നാല്‍ തലവേദനയാകാവുന്ന ചില ദൈനംദിന ആരോഗ്യപ്രശ്നങ്ങള്‍ പോലും ആഹാരക്രമത്തിലൂടെ ഒഴിവാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതാ ആഹാരരീതിയില്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ പിന്തുടരാന്‍ കഴിഞ്ഞാല്‍ ആരോഗ്യം നിങ്ങളെ തേടിയെത്തും.

  • അമിതാഹാരം ഒഴിവാക്കുക: ആഹാരത്തിലും മിതത്വം പാലിക്കണം. പാതിവയര്‍ ആഹാരമേ കഴിക്കാവൂ. വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കും അമിതഭാരത്തിനും അമിതവണ്ണത്തിനും അതോടനുബന്ധിച്ചുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാവുന്നു.

  • വിശക്കുമ്പോള്‍ മാത്രം ആഹാരം കഴിക്കുക: ഒരു പ്രാവശ്യം കഴിച്ച ആഹാരം ദഹിച്ചതിനുശേഷം മാത്രമേ അടുത്ത ഭക്ഷണം കഴിക്കാവൂ. ഒരിക്കല്‍ കഴിച്ച ആഹാരം ദഹിക്കാന്‍ ഏകദേശം ആറുമണിക്കൂര്‍ വേണം.

  • പാചകംചെയ്ത ആഹാരം അപ്പോള്‍ത്തന്നെ കഴിക്കുക.: ഭക്ഷണം പാകംചെയ്ത് ചൂടോടെ തന്നെ കഴിക്കുക. പാചകശേഷം സമയം കഴിയുന്തോറും അവയ്ക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ചശേഷം വീണ്ടും ചൂടാക്കി കഴിക്കുന്നതും ആരോഗ്യത്തിനു ദോഷംചെയ്യും.

  • സാവധാനം കഴിക്കുക: ധൃതിപിടിച്ച് പെട്ടെന്ന് ആഹാരം കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കു കാരണമാവും.

  • രാവിലത്തെ ആഹാരം കൃത്യമായിത്തന്നെ കഴിക്കുക: രാവിലത്തെ ആഹാരം കൃത്യമായി കഴിക്കണമെന്നു പറയുന്നത് അതു തലച്ചോറിന്റെ ആരോഗ്യത്തിനു സഹായകരമാണെന്നതുകൊണ്ടാണ്.

  • ഡിന്നര്‍ ലഘുവായിരിക്കട്ടെ : വൈകീട്ടത്തെ ആഹാരം ലഘുവായിരിക്കണമെന്നുമാത്രമല്ല, അതു നേരത്തേ തന്നെ കഴിക്കുകയും വേണം. മാംസാഹാരം ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കുമെന്നുള്ളതുകൊണ്ടുതന്നെ അവ ഉപേക്ഷിക്കണം. വൈകീട്ടത്തെ ആഹാരം ലഘുവായിരുന്നാലേ ശരീരത്തിലെ ശക്തിയായ ആന്റി ഓക്സിഡന്റായ മെലടോണിന്റെ ഉല്‍പ്പാദനം കൂടുകയുള്ളൂ. ശരീരത്തില്‍ മെലടോണ്‍ ഉണ്ടാവുന്നതു രാത്രി തുടങ്ങുമ്പോഴാണത്രെ. കാന്‍സറിനെയും ഹൃദയാഘാതത്തെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഈ ഹോര്‍മോണിന്റെ ഉല്‍പ്പാദനം കുറയാതെ നോക്കേണ്ടത് ആരോഗ്യസംരക്ഷണത്തിന് അത്യാവശ്യമാണ്.

  • പ്രധാന ഭക്ഷണത്തിന്‍റെ ഇടയ്ക്ക് വെള്ളം കുടിക്കരുത്: ഭക്ഷണത്തോടൊപ്പം ഇടയ്ക്കിടയ്ക്ക് വെള്ളംകുടിച്ചാല്‍ ദഹനരസങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. മറ്റു സമയങ്ങളില്‍ വെള്ളംകുടിക്കുക. ദിവസവും എട്ട് ഗ്ളാസ് ശുദ്ധജലമെങ്കിലും കുടിക്കണം. രാവിലെ എഴുന്നേല്‍ക്കുമ്പോഴേ ഒരു ഗ്ളാസ് വെള്ളംകുടിക്കുന്നതു നല്ലതാണ്. കരിക്കിന്‍ വെള്ളം, നാരങ്ങവെള്ളം. തണ്ണിമത്തന്‍ ജ്യൂസ് എന്നിവയും ഉപയോഗിക്കാം. ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്പും ശേഷവും വെള്ളം കുടിച്ചിരിക്കണം.

  • ആഹാരം മുടക്കാതിരിക്കുക: തിരക്കുമൂലം പ്രാതലും ഉച്ചഭക്ഷണവും ഒഴിവാക്കുന്നവര്‍ ഇന്നു ധാരാളമുണ്ട്. ഇത് ആരോഗ്യത്തിനു നന്നല്ല. ആഹാരം ഒഴിവാക്കിയാല്‍ ദഹനരസത്തിലുള്ള ഹൈഡ്രോ ക്ളോറിക് ആസിഡ് വയറ്റിന്റെയും കുടലിന്റെയും ഉള്‍ഭിത്തിയുമായി പ്രവര്‍ത്തിച്ചു വ്രണങ്ങളുണ്ടാവാനും അസിഡിറ്റി കൂടാനും കാരണമാവുന്നു. പ്രായമായവര്‍ ദിവസവും രണ്ടുനേരം ഭക്ഷണം കഴിച്ചാല്‍ മതിയാവും. മൂന്നു നേരത്തെ ഭക്ഷണം ചെറിയ അളവില്‍ അഞ്ചുനേരമായി കഴിക്കുന്നതില്‍ തെറ്റില്ല. മാസത്തിലൊരിക്കല്‍ ഉപവാസമനുഷ്ഠിക്കുന്നതും ആരോഗ്യത്തിനു നല്ലതാണ്.

Similar News