ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ പത്തിരട്ടി രോഗാണുക്കള്‍ മൊബീല്‍ ഫോണില്‍; എങ്ങനെ സുരക്ഷിതരാകാം?

Update: 2020-05-21 11:21 GMT

ഈ കൊറോണക്കാലത്തു പോലും നമ്മളാരും മൊബീല്‍ഫോണ്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാറില്ല. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ മുതല്‍ ഡിന്നര്‍ ടേബ്ള്‍ വരെ കൂട്ടായി അതുണ്ടാകും. എന്നാല്‍ പഠനങ്ങള്‍ തെളിയിക്കുന്നത് നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ വൃത്തിഹീനമാണ് മൊബീല്‍ ഫോണുകളെന്നാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൊബീല്‍ ഫോണുകളില്‍ നടത്തിയ പഠനമനുസരിച്ച് 17,000ത്തിലേറെ തരം രോഗാണുക്കളെയാണ് കണ്ടെത്തിയത്. അതായത് ടോയ്‌ലറ്റ് സീറ്റുകളില്‍ ഉള്ളതിനേക്കാള്‍ പത്തു മടങ്ങ് അധികം. കൊറോണ ലോകത്ത് എല്ലായിടത്തും വ്യാപിച്ചു കൊണ്ടിരിക്കേ നമുക്ക് മുന്നിലേക്ക് വില്ലനായി വരാന്‍ ഏറ്റവും സാധ്യതയുള്ള ഉപകരണമായി മൊബീല്‍ മാറിയിരിക്കുന്നു എന്നര്‍ത്ഥം.

സാധാരണ ബാക്റ്റീരിയകള്‍ക്ക് നമ്മുടെ തൊലിയിലെ മൈക്രോബ്‌സുകളുടെ സാന്നിധ്യവും എണ്ണമയവും മൂലം ആക്രമിക്കാനാകുന്നില്ലെങ്കിലും കൊറോണ വൈറസുകള്‍ക്കും മറ്റും നമ്മളിലേക്ക് എളുപ്പത്തില്‍ കടന്നു കയറാനാവും.
കൊറോണയെ ചെറുക്കാന്‍ നമ്മള്‍ തുടരെത്തുടരെ കൈകള്‍ കഴുകുമെങ്കിലും ഫോണിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാറില്ല. മൊബീല്‍ ഫോണുകള്‍ വൃത്തിയാക്കുന്നതിനും വലിയ പ്രാധാന്യമുണ്ട്.

കൊറോണ വൈറസ് എളുപ്പം നശിക്കില്ല

പ്ലാസ്റ്റിക്, സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ പ്രതലങ്ങളില്‍ കൊറോണ വൈറസിന് രണ്ടു മൂന്നു ദിവസം നിലനില്‍ക്കാനാകും. അതുകൊണ്ടു തന്നെ നമ്മള്‍ തൊടാന്‍ സാധ്യതയുള്ള പ്രതലങ്ങളെല്ലാം വൃത്തിയായി സൂക്ഷിക്കമമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. മൊബീല്‍ ഫോണുകള്‍, കംപ്യൂട്ടര്‍ കീ ബോര്‍ഡുകള്‍, ടാബ്ലെറ്റ് കംപ്യൂട്ടറുകള്‍ എന്നിവയൊക്കെ ഇവയില്‍ പെടുന്നു.

എങ്ങനെ വൃത്തിയാക്കാം?

ശരിയായ വിധത്തില്‍ വൃത്തിയാക്കിയില്ലെങ്കില്‍ അത് ഫോണ്‍ കേടാകാന്‍ കാരണമാകും. ശരിയായ രീതിയിലല്ലെങ്കില്‍ സ്‌ക്രീനില്‍ പോറലുകള്‍ വീഴുകയും ഉള്ളില്‍ വെള്ളം കടക്കുകയും ചെയ്യും. ഫോണില്‍ സ്േ്രപ ക്ലീനറുകള്‍ നേരിട്ട് ഉപയോഗിക്കരുത്. ശക്തിയായി വായു പ്രവഹിപ്പിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് കീ ബോര്‍ഡുകളും മറ്റും വൃത്തിയാക്കുന്നത് വേണ്ടെന്നു വെക്കാം. പകരം മൊബീല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വെക്കുക. 70 ശതമാനം ആള്‍ക്കഹോള്‍ അടങ്ങിയ ക്ലോറോക്‌സ് വൈപ്‌സ് ഉപയോഗിച്ച് സാവധാനം തുടയ്ക്കുക. പതുപതുത്ത തുണി ഉപയോഗിച്ച് വേണം തുടയ്ക്കാന്‍. ക്യാമറ ലെന്‍സോ നിങ്ങളുടെ കണ്ണടയോ തുടയ്ക്കാനുപയോഗിക്കുന്ന തരത്തിലുള്ള തുണിയോ മൈക്രോ ഫൈബര്‍ ക്ലോത്തുകളോ ഇതിനായി ഉപയോഗിക്കാം. തുണി സോപ്പും വെള്ളത്തില്‍ മുക്കിയെടുത്ത് വലിയ നനവില്ലാതെ തുടയ്ക്കുകയുമാകാം. ടിഷ്യു പേപ്പറുകളും ഇതിനായി ഉപയോഗിക്കാം.

സാംസംഗ് യുഎസിലെ വിവിധ സാംസംഗ് സ്‌റ്റോറുകളിലും സര്‍വീസ് സെന്ററുകളിലും യുവി ലൈറ്റ് ഉപയോഗിച്ച് ഫോണ്‍ അണുവിമുക്തമാക്കുന്ന സേവനം സൗജന്യമായി നല്‍കുന്നുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും വൈകാതെ ഈ സേവനം ലഭ്യമാക്കുമെന്നാണ് സൂചന.
എന്തായാലും വര്‍ധിച്ചു വരുന്ന കൊറോണ വ്യാപനം തടയുന്നതില്‍ ചെറിയൊരു പങ്ക് മൊബീല്‍ ഫോണ്‍ ശരിയായ വിധത്തില്‍ അണുവിമുക്തമാക്കുന്നതിലൂടെ നമുക്കും വഹിക്കാനാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News