ജോലിയുടെ സമ്മര്‍ദം ദഹനവ്യവസ്ഥയുടെ താളാത്മകതയെ സമ്മര്‍ദത്തിലാക്കും

Update: 2018-08-07 04:00 GMT

ഡോ. മാത്യു ഫിലിപ്പ്

പണ്ടൊക്കെ നമ്മുടെ വീടുകളില്‍ അതിരാവിലെ എഴുന്നേറ്റ്, പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച്, കുടുംബത്തോടെ പ്രാര്‍ത്ഥിച്ച് ഒരുമിച്ച് ഭക്ഷണം കഴിച്ച് വളരെ ചിട്ടയോടെയുള്ള രീതികളായിരുന്നു. എന്നാലിന്നോ? തിരക്കുള്ള ഉദ്യോഗസ്ഥനാണ് കുടുംബനാഥനെങ്കില്‍ കുട്ടികളുടെ കാര്യംപോലും തകരാറിലാകും. അച്ഛന്‍ എന്നും രാത്രി 10മണിക്കാണ് വരുന്നതെങ്കില്‍ കുടുംബത്തിന്റെ മൊത്തം താളംതെറ്റില്ലേ?

മാതാപിതാക്കള്‍ക്ക് തിരക്കാണെങ്കില്‍ ഭക്ഷണമുണ്ടാക്കാനോ കുട്ടികള്‍ക്ക് ശരിയായ ടോയ്‌ലറ്റ് ട്രെയ്‌നിംഗ് നല്‍കാനോ ഒന്നും കഴിയാതെ വരും. അതോടെ 'സ്‌കൂള്‍പ്പേടി' കൂടിയാകുമ്പോള്‍ കുട്ടികള്‍ക്കും ഉദരരോഗമുണ്ടാകാനുള്ള സാധ്യതയേറെയാണ്. ജോലിയുടെ ടെന്‍ഷന്‍ കാരണം 20- 40 വയസുള്ള ചെറുപ്പക്കാര്‍ക്കിടയിലും ഏതെങ്കിലും തരത്തിലുള്ള ഉദരരോഗം സാധാരണയാണിന്ന്.

ജോലിയുടെ ഭാഗമായുള്ള സ്‌ട്രെസ് ശാരീരിക പ്രവര്‍ത്തനങ്ങളെ, പ്രത്യേകിച്ചും ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതെപ്പോഴാണ്?

തിരക്കുള്ള ജോലിക്കിടയില്‍ ഇന്ന് ആരോഗ്യസംരക്ഷണത്തിനായി സമയം നീക്കിവെക്കാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്തിന്, 'വര്‍ക്കഹോളിക്' ആകുന്തോറും ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ പോലും പലര്‍ക്കും കഴിയാറില്ല. ഭക്ഷണമില്ലാതെ ഓവര്‍ വര്‍ക്ക് ചെയ്യുന്നത് നമ്മുടെ ദഹനവ്യവസ്ഥയേയും ആരോഗ്യത്തേയുമൊക്കെ തകരാറിലാക്കുമെന്ന കാര്യം പലരും തിരക്കിനിടയില്‍ മറക്കുന്നു. അതോടൊപ്പം മണിക്കൂറുകള്‍ ഇരുന്ന് ജോലി ചെയ്യുന്നതിനിടയില്‍ യാതൊരു ശാരീരിക വ്യായാമങ്ങളുമില്ല. ഇത് അമിതവണ്ണത്തിന് കാരണമാകുകയും ചെയ്യും.

നമ്മുടെ ദഹനവ്യവസ്ഥ വളരെ താളാത്മകമായാണ് പ്രവര്‍ത്തിക്കുന്നത്. 'ന്യൂറോളജിക്കല്‍ റിഥം' എന്ന് പറയാമിതിനെ. പക്ഷേ ക്രമം തെറ്റിയുള്ള ഭക്ഷണശൈലി ഈ താളാത്മകതയെ തകരാറിലാക്കും. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

ഇത് ഏതൊക്കെ തരത്തിലാണ് ബാധിക്കുക?

പ്രധാനമായും മൂന്ന് തരത്തിലാണിത് ബാധിക്കുക.

  • അസിഡിറ്റിയാണ് ഒന്നാമത്തേത്. നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ തുടങ്ങിയവയ്‌ക്കൊക്കെ ഇത് കാരണമാകും.
  • കുടലിന്റെ ചലനത്തിന് വ്യത്യാസമനുഭപ്പെടുന്ന 'ഇറിറ്റള്‍ ബൗള്‍ സിന്‍ഡ്രോം' ആണ് രണ്ടാമത്തേത്. വയര്‍ എപ്പോഴും നിറഞ്ഞിരിക്കുന്നതുപോലെ തോന്നുന്നതും മലശോധനയിലുള്ള തകരാറുകളും ഭക്ഷണം കഴിച്ചാലുടനെ ടോയ്‌ലറ്റില്‍ പോകണമെന്ന് തോന്നുന്നതും പലതവണ ടോയ്‌ലറ്റില്‍ പോകുന്നതുമൊക്കെ ഈ തകരാറ് മൂലമാണ്.
  • മദ്യമുപയോഗിക്കാത്ത ആളാണെങ്കിലും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന നോണ്‍ ആല്‍ക്കഹോളിക് സ്റ്റിയറ്റോ ഹെറ്റൈറ്റിസ് (നാഷ്) ആണ് മൂന്നാമത്തെ തകരാറ്. ഇത് കരളിനെ ഗുരുതരമായി ബാധിക്കും.

ഈ പ്രശ്‌നങ്ങളെങ്ങനെ പരിഹരിക്കാനാകും?

ശരിയായ ഭക്ഷണം, ജീവിതരീതിയിലുള്ള ക്രമം, ആവശ്യത്തിന് വ്യായാമം, മതിയായ

ചികില്‍സ ഇത് നാലുമാണ് പരിഹാര മാര്‍ഗങ്ങള്‍.

യഥാസമയം ഭക്ഷണം കഴിക്കാതിരുന്നിട്ട് എപ്പോഴെങ്കിലും ഒരു നേരം വാരിവലിച്ച് കഴിക്കുന്നതൊഴിവാക്കുക. ഇത്തരം അമിതഭക്ഷണം അപകടകാരിയാണ്. വൈകുന്നേരങ്ങളില്‍ ജോലിയുടെ ഭാഗമായി പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോഴാകും ചിലരെങ്കിലും അന്നത്തെ പ്രഭാതഭക്ഷണവും ഉച്ച ഭക്ഷണവുമൊക്കെ കഴിക്കുന്നത്. അതോടൊപ്പം മദ്യവും. ചെറിയ അളവിലാണെങ്കിലും എന്നും മദ്യം

കഴിക്കുന്നത് അപകടകരമാണ്.

ഒരു 'റെഗുലര്‍ ഡയറ്റ്' പാലിക്കുക. അരമണിക്കൂര്‍ വീതം ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും വ്യായാമം ശീലമാക്കുക. വര്‍ഷത്തിലൊരിക്കല്‍ മെഡിക്കല്‍ പരിശോധന നടത്തണം. നെഞ്ചെരിച്ചിലുള്ളവര്‍ എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍ കഴിക്കുന്നതും ആഹാരം കഴിച്ചാലുടന്‍ മലര്‍ന്നു കിടക്കുന്നതും നന്നല്ല.

പച്ചക്കറി സാലഡുകളും നാരുകളടങ്ങിയ വിഭവങ്ങളും ഭക്ഷണത്തില്‍ കൂടുതലായുൾപ്പെടുത്തുന്നതോടൊപ്പം റെഡ് മീറ്റ് (മട്ടന്‍, ബീഫ്) കുറയ്ക്കുകയും വേണം. ഇറുകിപ്പിടിച്ച വസ്ത്രങ്ങള്‍ ധരിക്കരുത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രശ്‌നങ്ങളെ ഒരു പരിധിവരെയെങ്കിലും അകറ്റി നിര്‍ത്താനാകും.

Similar News