സ്‌ട്രെസ് ഫ്രീയാകാന്‍ 'യോഗിക് ബ്രീത്തിംഗ്' പഠിക്കാം

Update: 2019-10-18 02:55 GMT

തിരക്കു നിറഞ്ഞ ജീവിതത്തില്‍ യോഗ പ്രദാനം ചെയ്യുന്ന ഏറ്റവും വലിയ ഗുണം സ്‌ട്രെസ് ഫ്രീ ലൈഫ് തന്നെയാണ്. സ്‌ട്രെസ് കുറയ്ക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന വളരെ ലളിതവും എന്നാല്‍ ജീവിതത്തില്‍ വളരെ വലിയ മാറ്റം കൊണ്ടുവരുന്നതുമായ ഒരു മാര്‍ഗം പരിശീലിക്കാം.''ബ്രീത്തിംഗ്' അഥവാ യോഗിക് ബ്രീത്തിംഗ്. ഇതിന് ഏറെ സമയമൊന്നും വേണ്ട, നമ്മളെല്ലാവരും ഇതുവരെ ചെയ്തുപോന്നിരുന്ന തെറ്റായ ശ്വസന പ്രക്രിയയില്‍ നിന്നു മാറിച്ചിന്തിക്കാന്‍ തയ്യാറായാല്‍ മതി. എങ്ങനെയെന്ന് നോക്കാം.

നിങ്ങളുടെ വലതുകൈ വയറിന്റെ മേലെ വയ്ക്കുക. മെല്ലെ ശ്വാസം അകത്തേക്കെടുത്തുകൊണ്ട് മനസ്സില്‍ അഞ്ച് വരെ എണ്ണുക. അതേപോലെ അഞ്ച് വരെ എണ്ണി ശ്വാസം മെല്ലെ പുറത്തേക്കു വിടുക. അകത്തേക്ക് ശ്വാസമെടുക്കുമ്പോള്‍ വയര്‍ ഉയര്‍ത്തുകയും പുറത്തേക്കു ശ്വാസം വിടുമ്പോള്‍ വയര്‍ അയച്ചു വിടുകയും ചെയ്യണം. പത്തു തവണ ഇതാവര്‍ത്തിക്കുക. ഇനി നിങ്ങളുടെ ഇടത് കൈ നെഞ്ചില്‍ വച്ച് അതേ ശ്വസന രീതി 10 തവണ ആവര്‍ത്തിക്കുക.

ഇനി നമുക്ക് 'ഡയഫ്രമാറ്റിക് ബ്രീത്', 'തൊറാസിക് ബ്രീത്' എന്നിവയുടെ മിശ്രണം എങ്ങനെയെന്നു നോക്കാം. നിങ്ങളുടെ വലതു കൈ വയറിലും ഇടതുകൈ നെഞ്ചിലുമായി വയ്ക്കുക. മനസ്സില്‍ അഞ്ചെണ്ണിക്കൊണ്ട് മെല്ലെ ശ്വാസം അകത്തേക്കെടുക്കുകയും അത് പോലെ പുറത്തേക്കു വിടുകയും ചെയ്യുക. ഇതും പത്തു തവണ ആവര്‍ത്തിക്കുക. ഈ ബ്രീത്തിംഗുമായി പരിചിതരായിക്കഴിഞ്ഞാല്‍ പിന്നീട് പ്രാക്ടീസ് ചെയ്യാവുന്നകാര്യമാണ് ഇനി പറയുന്നത്.

ശ്വാസമെടുക്കുമ്പോള്‍ രണ്ട് മുതല്‍ അഞ്ച് വരെ മനസ്സില്‍ എണ്ണി ശ്വാസം പിടിച്ചു നിര്‍ത്താം. അത്തരത്തില്‍ നമ്മുടെ ബ്രീത്തിംഗ് ടെക്‌നിക്കിനെ മാറ്റാം. അതായത് ശ്വാസം അകത്തേക്കെടുക്കുക - പിടിച്ചു നിര്‍ത്തുക- പുറത്തേക്കുവിടുക. ബ്രീത്തിംഗ് പൊസിഷന്‍ ആണ് ശദ്ധിക്കേണ്ട മറ്റൊരു കാര്യം. നട്ടെല്ല് നിവര്‍ത്തി സ്വസ്ഥമായി ഇരുന്നോ, നിവര്‍ന്ന് നിലത്ത് കിടന്നു കൊണ്ടോ ഇത് പ്രാക്ടീസ് ചെയ്യാം. എല്ലാ ദിവസവും രാവിലെയും രാത്രി ഉറങ്ങാന്‍ പോകും മുമ്പും ഇത് ചെയ്യാം. ഈ സമയത്ത് മനസില്‍ പോസിറ്റിവിറ്റി നിറയ്ക്കുന്ന കാര്യങ്ങള്‍ ആലോചിക്കുക.

ഗുണങ്ങള്‍

  • സ്‌ട്രെസ്, ഉത്കണ്ഠ, ഡിപ്രഷന്‍, എന്നിവ നിയന്ത്രിക്കുന്നു.
  • എനര്‍ജി ലെവല്‍/ ഓക്‌സിജനേഷന്‍ എന്നിവ ഉയര്‍ത്തുന്നു.
  • മസിലുകളെ റിലാക്‌സ് ചെയ്യിക്കുന്നു, മനസ്സിനെ ശാന്തമാക്കുന്നു
  • ഏകാഗ്രത വര്‍ധിപ്പിക്കുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട് : നൂതന്‍ മനോഹര്‍, മൈന്‍ഡ് ബോഡി ഇന്റര്‍വെന്‍ഷന്‍സ് എക്‌സ്‌പേര്‍ട്ട് , 'മി മെറ്റ് മി' സ്ഥാപക, തെറാപ്യൂട്ടിക് പെര്‍ഫ്യൂമ്‌സ് സംരംഭക. nuthansm@gmail.com

Similar News