നിങ്ങളുടെ 40 സെക്കന്‍ഡിന് ജീവന്റെ വില, അത് അവര്‍ക്കായി നല്‍കാം, ഡോ.ഷിംന എഴുതുന്നു
ഇന്ന് ഒക്ടോബര്‍ 10. ലോകമാനസികാരോഗ്യദിനം. ലോകത്ത് ഓരോ 40 സെക്കന്‍ഡിലും
ഓരോ ആത്മഹത്യ നടക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. മാനസികാരോഗ്യപ്രചരണവും
ആത്മഹത്യകള്‍ തടയലുമാണ് ഇത്തവണത്തെ മാനസികാരോഗ്യദിനത്തിന്റെ പ്രമേയമായി
എടുത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ 40 സെക്കന്‍ഡിന് ഒരു ജീവന്റെ
വിലയുണ്ടെന്ന്
ഡോ. ഷിംന അസീസ്. 40 സെക്കന്‍ഡുകള്‍ക്ക് നിങ്ങള്‍ക്കൊരു ജീവന്‍
രക്ഷിക്കാനാകും. ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
ദു:ഖത്തിന്റെ അങ്ങേയറ്റം...
നടന്ന്
തളര്‍ന്ന നീളമേറിയ ഇടനാഴിക്കപ്പുറത്ത് കത്തിയെടുത്ത് മുറിച്ച് മാറ്റിയാലും
അടര്‍ന്ന് വീഴാത്ത ഇരുളും ശൂന്യതയുമെന്ന് മനസ്സ് പറഞ്ഞു. ജീവിതത്തില്‍
ഇനിയൊന്നും നല്ലതുണ്ടാകില്ലെന്നും...
സ്വയം ഒന്നിനും കൊള്ളില്ലെന്ന്
തോന്നി. എല്ലാ പ്രതീക്ഷകളുമറ്റെന്നും തോന്നി. കൈയില്‍ കിട്ടിയത് ഒരുപിടി
ഉറക്കഗുളികകളാണ്. കൂടെ വേറെയും എന്തൊക്കെയോ കുറേ ഗുളികകള്‍.
മനസ്സിലെ
വേദനക്കപ്പുറം നീറുന്ന മരവിപ്പെന്ന അനുഭവം. ചതഞ്ഞ നിര്‍വികാരതക്കപ്പുറം
യാതൊന്നും തോന്നിയില്ല. മിച്ചറിലെ കടല ഒന്നിച്ച് പെറുക്കി വായിലിടും പോലെ
ഒരു പിടി ഗുളികയെടുത്ത് വായിലിട്ടു. സ്വസ്ഥമായി അപ്പുറത്തെ റൂമില്‍
പോയിക്കിടന്നു. മയങ്ങിത്താഴുന്നതിനിടയില്‍ അടുത്ത സുഹൃത്തിനും അമ്മയുടെ
സ്ഥാനത്തുള്ള ഒരാള്‍ക്കും മെസ്സേജിലെന്തൊക്കെയോ യാത്ര പറഞ്ഞ് സുഖമായുറങ്ങി.
കഥയവിടെ എന്നെന്നേക്കുമായി ഒടുങ്ങുമെന്നോര്‍ത്തു, ആശിച്ചു, കൊതിച്ചു.
പക്ഷേ, നട്ടപ്പാതിരക്കയച്ച മെസ്സേജ് പിറ്റേന്നു രാവിലെയേ കാണൂ എന്ന
കണക്കുകൂട്ടല്‍ തെറ്റി. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കപ്പെട്ടതുകൊണ്ട്
മൂന്ന് ദിവസം കഴിഞ്ഞ് സ്വബോധം വന്നു.
അത് ഈ ഞാനായിരുന്നു.
ഇതിനും
രണ്ട് വര്‍ഷം മുന്‍പൊരിക്കലും കടുത്ത വിഷാദം സൈ്വര്യം കെടുത്തിയ നേരത്ത്
കഴുത്തില്‍ കുരുക്കിടുന്നിടം വരെയെത്തിയതായിരുന്നു. അന്ന് റൂമിലുറങ്ങുന്ന
കുഞ്ഞിനെ കണ്ട് ഞെട്ടി. ഓടിപ്പോയി അവളെ നെഞ്ചോടമര്‍ത്തി വിങ്ങിക്കരഞ്ഞു,
മാപ്പ് ചോദിച്ചു. അടുത്ത സുഹൃത്തിനെ വിളിച്ച് മണിക്കൂറുകളോളം സംസാരിച്ചു,
പതിയെ മനസ്സ് ശാന്തമായി.
ഇന്ന് വിഷാദരോഗത്തിന് മരുന്ന്
കഴിക്കുന്നുണ്ടെന്ന് പറയാനെനിക്ക് ഒരു മടിയുമില്ല. എന്നെപ്പോലെ അനേക ലക്ഷം
പേരുണ്ട്. മുഖത്തെ ചിരിയിലും ചെയ്യുന്ന നൂറായിരം കാര്യങ്ങളിലും ഇത്തരമൊരു
ബുദ്ധിമുട്ടിന്റെ നേരിയ തെളിവ് പോലും കാണിക്കാതെ നെഞ്ചിലെ ഭാരം അടക്കി
വെച്ച് കഴിയുന്നവര്‍. ഒറ്റനോട്ടത്തില്‍ അവര്‍ക്കൊരു രോഗമുണ്ടെന്ന് ഏറ്റവും
അടുപ്പമുള്ളവര്‍ പോലും മനസ്സിലാക്കിയേക്കില്ല. ചിലര്‍ക്കെങ്കിലും ഇന്നും
വിഷാദരോഗം ഒരു രോഗമെന്ന് തോന്നുന്നത് പോലുമില്ല. 'അഹങ്കാരം/തിന്നിട്ട്
എല്ലിന്റുള്ളില്‍ കുത്തല്‍/അഭിനയം/പടച്ചോനെ മറക്കല്‍' - പലതാണ് പേരുകള്‍.
ചികിത്സയുള്ള രോഗമാണിത്. ശാസ്ത്രീയമായ ഇടപെടലുകളിലൂടെ ഏതാണ്ട് പൂര്‍ണമായും
തടയാവുന്ന ഒന്നുമാണ് ആത്മഹത്യകള്‍, മറിച്ച് അഹങ്കാരമോ ധിക്കാരമോ ഒന്നുമല്ല.
അറിയാമോ,
ലോകത്ത് ഓരോ നാല്‍പത് സെക്കന്റിലും ഒരാത്മഹത്യ നടക്കുന്നു. ഓരോ
ആത്മഹത്യക്കും തത്തുല്യമായ 25 ആത്മഹത്യാശ്രമങ്ങള്‍ നടക്കുന്നു.
വിഷാദരോഗം,
ബൈപോളാര്‍ ഡിസോര്‍ഡര്‍, മദ്യമുള്‍പ്പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ എന്ന്
തുടങ്ങി വളരെയേറെ കാരണങ്ങളുണ്ട് ആത്മഹത്യക്ക്. ഇത്തരത്തില്‍ നഷ്ടപ്പെടുന്ന
ജീവനെ ചേര്‍ത്ത് പിടിക്കണ്ടേ? സഹായിക്കണ്ടേ?
'വയ്യ, മരിക്കണം'
'ഞാന്‍ പോകുകയാണ്. എന്നെ ഈ ലോകത്തിന് വേണ്ട' എന്നെല്ലാം സൂചന തരുന്നവരെ
സൂക്ഷിക്കുക. അവരെ കേള്‍ക്കുക, ചുരുങ്ങിയത് സ്വയം മരണത്തിന്റെ
പടുകുഴിയിലേക്ക് തള്ളിയിടാനൊരുങ്ങുന്നതിന് മുന്‍പ് അവര്‍ക്ക് കരയാനോ പതം
പറയാനോ പൊട്ടിത്തെറിക്കാനോ മൗനം പങ്ക് വെക്കാനോ ഉള്ള നാല്‍പത്
സെക്കന്റെങ്കിലും അവര്‍ക്ക് ക്ഷമയോടെ ചെവി കൊടുക്കുക, കൈ പിടിച്ച്
'ഞാനുണ്ട് കൂടെ, നീ തനിച്ചല്ല' എന്ന് അന്നേരം തീര്‍ത്ത് പറയുക. ഇത്ര ചെറിയ
സമയത്തിനു പോലും ജീവന്റെ വിലയുണ്ടവിടെ, നമ്മള്‍ കാരണം അവര്‍ തിരിച്ച്
വന്നേക്കാം.
കടുത്ത വിഷാദഭാവമോ, അങ്കലാപ്പോ, നില തെറ്റിയ കരച്ചിലോ,
സംസാരക്കുറവോ തിരക്കിട്ട് വില്‍പത്രം എഴുതലോ പൊടുന്നനെ സുപ്രധാനകാര്യങ്ങള്‍
പറഞ്ഞേല്‍പ്പിക്കലോ എല്ലാം ആത്മഹത്യാസൂചകങ്ങളാവാം. 'ഞാന്‍ മരിക്കാന്‍
പോകുകയാണ്' എന്ന് സൂചന തരുന്നവര്‍, മുന്‍പ് ആത്മഹത്യക്ക്
ശ്രമിച്ചിട്ടുള്ളവര്‍ എന്നിവര്‍ അത് ചെയ്യാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍
കൂടുതലാണ്.
ജീവന്‍ രക്ഷിക്കാന്‍ നല്‍കേണ്ട ഇത്തിരി
നേരത്തെക്കുറിച്ചാണ് പറയുന്നത്. എന്നെന്നേക്കുമായത് നഷ്ടപ്പെടുത്താന്‍
തുനിയുന്നവര്‍ക്ക് തക്കതായ ശാരീരികമോ മാനസികമോ ആയ ആരോഗ്യപ്രശ്നങ്ങളുണ്ട്.
അവയ്ക്കെല്ലാം പരിഹാരവുമുണ്ട്.
ഒക്ടോബര്‍ 10, 2019 - ഈ വര്‍ഷത്തെ
മാനസികാരോഗ്യദിനത്തിന്റെ സന്ദേശവുമതാണ് ' ആത്മഹത്യ തടയാനുള്ള നാല്‍പത്
സെക്കന്‍ുകള്‍ ചെലവഴിക്കാം'' എന്നത്...
അതെ. കൂട്ടാവാം, കൂടെ
നില്‍ക്കാം. ജീവിക്കാനുള്ള അവകാശം അവരുടേത് കൂടിയാണ്. ഒരു നിമിഷം
തലച്ചോറില്‍ മിന്നുന്ന നിറമുള്ള വെട്ടവും ജീവന്റെ ആര്‍ദ്രത വറ്റിയ കഥകളും
അക്ഷരങ്ങളും, അങ്ങേയറ്റത്തോളമുള്ള ശോകവും ഇനിയുമാരെയും പറിച്ചെടുത്ത്
കൊണ്ട് പോകരുത്.
നാല്‍പത് സെക്കന്റ് അവര്‍ക്കായ് നല്‍കാം, ആത്മഹത്യകള്‍ തടയാം. ചികിത്സ തേടാന്‍ പ്രേരിപ്പിക്കാം. മനോരോഗവിഭാഗത്തില്‍ ചികിത്സ തേടുന്നതിന് പകരം മത/മാന്ത്രികചികിത്സകള്‍ക്ക് തല വെക്കുന്നത് വിപരീതഫലം ചെയ്യും. രോഗത്തിന് വേണ്ടത് ചികിത്സയാണ്, മായാജാലമല്ല. അതിന് നാണക്കേട് കരുതുകയും വേണ്ട. നാല്പത് സെക്കന്റുകളാണ്... ജീവനാണ്...
Let's prevent SUICIDES !