എലിപ്പനി എങ്ങനെ പ്രതിരോധിക്കാം?

Update:2018-09-03 12:30 IST

പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടർന്ന് പിടിച്ചിരിക്കുന്നു. ഇതുവരെ 27 പേർ എലിപ്പനി ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. ഈ സന്ദർഭത്തിൽ കൈക്കൊള്ളേണ്ട ചില മുൻകരുതലുകൾ.

എന്താണ് എലിപ്പനി?

ലെപ്ടോസ്പൈറ എന്ന വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയ പരത്തുന്ന മാരകരോഗമാണ് എലിപ്പനി. എലിയുടെയും മറ്റ് മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന ബാക്ടീരിയ മനുഷ്യനില്‍ പ്രവേശിച്ചാണ് അസുഖമുണ്ടാകുന്നത്. എലി മാത്രമല്ല, കന്നുകാലികള്‍, നായ, പന്നി, കുറുക്കന്‍, ചിലയിനം പക്ഷികള്‍ എന്നിവയിലൂടെയും രോഗം വരാം. രോഗാണുവാഹകരായ മൃഗങ്ങളുടെ മൂത്രം കലര്‍ന്ന വെള്ളത്തില്‍ കൂടിയാണ് രോഗം മനുഷ്യനിലേക്ക് പകരുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും ഇറങ്ങുമ്പോള്‍ നമ്മുടെ ശരീരത്തിലുള്ള മുറിവുകള്‍ വഴി രോഗാണു അകത്തുകടക്കാന്‍ സാധ്യതയേറെയാണ്.

രോഗലക്ഷണങ്ങള്‍

എലിപ്പനിയുടെ ബാക്ടീരിയ മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ ഉടനടി രോഗലക്ഷണങ്ങള്‍ കാണിക്കില്ല. ബാക്ടീരിയയുടെ ഇന്‍കുബേഷന്‍ പീരിയഡ് 10 ദിവസം വരെയാണ്. ഇത് നാല് മുതല്‍ 20 ദിവസം വരെയാകാം. ശക്തമായ വിറയലോട് കൂടിയ പനി, കുളിര്, തളര്‍ച്ച, ശരീരവേദന, തലവേദന, ഛര്‍ദ്ദി... തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഇത് ഹൃദയത്തെയും വൃക്കകളെയും കരളിനെയുമൊക്കെ ബാധിക്കാം. ഹൃദയത്തെ ബാധിച്ചാല്‍ നെഞ്ചുവേദന, ശ്വാസം മുട്ടല്‍ എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകാം. കരളിനെ ബാധിക്കുന്നവര്‍ക്ക് മഞ്ഞപ്പിത്തം ഉണ്ടാകാം. ആന്തരിക അവയവങ്ങളെ ബാധിച്ചാല്‍ മരണം വരെ സംഭവിക്കാം എന്നുള്ളതുകൊണ്ട് വിദഗ്ധ ചികില്‍സ നേടേണ്ടതുണ്ട്.

മുന്‍കരുതലുകള്‍

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ഇറങ്ങേണ്ടസാഹചര്യത്തില്‍ ബൂട്ട്സ്, കൈയ്യുറകള്‍ എന്നിവ ഉപയോഗിക്കുക. ശരീരത്തില്‍ മുറിവുകളുണ്ടെങ്കില്‍ നനയാത്തവണ്ണം അവ പൊതിഞ്ഞുകെട്ടുക. കുട്ടികളെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങാന്‍ അനുവദിക്കരുത്. മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ അതീവശ്രദ്ധ പുലര്‍ത്തുക. ഭക്ഷണവും വെള്ളവും എപ്പോഴും മൂടി സൂക്ഷിക്കുക. കെട്ടിക്കിടക്കുന്ന വെള്ളവും വീ്ട്ടിലെ എല്ലാ ജലാശയങ്ങളും ക്ലോറിനേറ്റ് ചെയ്യുക. കുടിക്കാനുള്ള വെള്ളം തിളപ്പിച്ചാറി ഉപയോഗിക്കുക. വെള്ളം ഒരു മിനിറ്റെങ്കിലും തിളപ്പിക്കണം.

പ്രതിരോധമരുന്ന്

ഡോക്സിസൈക്ലിന്‍ എന്ന ഗുളികയാണ് പ്രതിരോധത്തിനായി ഉപയോഗിക്കുന്നത്. മലിനജലവുമായി സമ്പര്‍ക്കമുള്ളവരും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും എലിപ്പനി വരാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ കഴിയുന്നവരും പ്രതിരോധമരുന്ന് കഴിക്കണം. പ്രതിരോധമരുന്നിന്‍റെ ആഴ്ചയിലൊരിക്കല്‍ കഴിക്കുന്ന ഒറ്റ ഡോസ് ഒരു ആഴ്ച മാത്രമേ രോഗത്തിനെതിരേ സംരക്ഷണം നല്‍കുകയുള്ളു. അതുകൊണ്ട് മലിനജലവുമായി സമ്പര്‍ക്കം തുടരുന്നവര്‍ തുടര്‍ന്നുള്ള ആഴ്ചകളിലും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഗുളിക കഴിക്കണം. മുതിര്‍ന്നവര്‍ പ്രതിരോധ ഗുളിക 200 എം.ജി (100 എം.ജിയുടെ രണ്ട് ഗുളികള്‍ വീതം) ആഴ്ചയിലൊരിക്കല്‍ വീതം ആറ് ആഴ്ച വരെ കഴിക്കണം. എട്ട് മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ 100 എം.ജിയുടെ ഒരോ ഗുളിക വീതം നാല് ആഴ്ച കഴിക്കണം. എട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അസിത്രോമൈസിന്‍ ഗുളികയാണ് നല്‍കേണ്ടത്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും അമോക്സിലിന്‍ 500 എം.ജി മൂന്ന് നേരം അഞ്ചു ദിവസത്തേക്ക് കഴിക്കണമെന്ന് ആരോഗ്യവകുപ്പ് പുറപ്പെടുവിപ്പിച്ച ജാഗ്രതാനിര്‍ദ്ദേശത്തില്‍ പറയുന്നു. എലിപ്പനിക്കെതിരെയുള്ള പ്രതിരോധത്തിനും ചികില്‍സയ്ക്കുമുള്ള മരുന്നുകള്‍ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. സ്വയം ചികില്‍സ പാടില്ല.

Similar News