മഴക്കാല രോഗങ്ങളെ കരുതിയിരിക്കണം; പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളറിയാം

Update: 2019-08-16 02:55 GMT

രോഗങ്ങളുടെ കാലമാണ് മഴക്കാലം. രോഗങ്ങളെ പ്രതിരോധിക്കാന്‍ ചില മുന്‍കരുതലുകളെടുത്താല്‍ രോഗത്തിന്റെ പിടിയില്‍ നിന്ന് രക്ഷനേടാം. ചില മഴക്കാല രോഗങ്ങളെയും അവയെക്കുറിച്ച് അറിയേണ്ട കാര്യങ്ങളും.

  • വൈറല്‍ ഫീവര്‍: മഴക്കാല രോഗങ്ങളില്‍ പ്രധാനിയാണ് വൈറല്‍ ഫീവര്‍. കടുത്ത ശരീരവേദനയും തലവേദനയും പനിയുമാണ് ലക്ഷണങ്ങള്‍. രോഗബാധിതര്‍ മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക. രോഗബാധിതര്‍ ഉപയോഗിക്കുന്ന കര്‍ചീഫും മറ്റ് വസ്ത്രങ്ങളും തിളച്ച വെള്ളത്തില്‍ കഴുകിയെടുക്കുക. ആന്റി സെപ്റ്റിക് തുള്ളിയായി ഈ വെള്ളത്തില്‍ ചേര്‍ക്കാം.

  • ബ്രോങ്കൈറ്റിസ്: വൈറല്‍ ഫീവറിന്റെതുപോലെ തലവേദനയും ശരീരവേദനയുമാണ് ബ്രോങ്കൈറ്റിസിന്റേയും ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിച്ചാല്‍, ശ്വാസംമുട്ടലും, ചുമയും പ്രകടമാകും. പ്രാരംഭ ലക്ഷണത്തോടെ വൈദ്യസഹായം തേടണം.

  • ഡെങ്കിപ്പനി: വെള്ളക്കെട്ടിന്റെ കാലമാണിത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മുട്ടയിട്ടു പെരുകുന്ന ഈഡിസ് ഈജിപ്തി എന്നയിനം കൊതുകാണ് രോഗകാരണം. സാധാരണ പനിയായില്‍ തുടങ്ങി, ശക്തമായ ശരീരവേദന, വൈകാതെ കണ്ണ് ചുമക്കല്‍, ശരീരത്തില്‍ ചെറിയ ചുവന്ന കുരുക്കള്‍ പ്രത്യക്ഷപ്പെടുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. സ്വയം ചികില്‍സയ്ക്ക് നില്‍ക്കാതെ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

  • എലിപ്പനി: കടുത്ത പനി, വിറയല്‍, കഠിനമായ തലവേദന, പേശിവലിവ് തുടങ്ങിയവയാണ് പ്രകടമായ രോഗലക്ഷണങ്ങള്‍. നീരുറവകള്‍ ശുചിയായി സൂക്ഷിക്കുക. ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ മഴയില്‍ ഒലിച്ചുപോകാത്തവിധം സംസ്‌കരിക്കുക.

  • ന്യുമോണിയ: മഴക്കാലത്ത് കുഞ്ഞുങ്ങള്‍ക്ക് വരാനുള്ള സാദ്ധ്യത ഏറെയാണ്. കൃത്യ സമയത്ത് ചികില്‍സിച്ചില്ലെങ്കില്‍ ശ്വാസംമുട്ടല്‍, ചുമ, നെഞ്ചുവേദന തുടങ്ങിയ പ്രകടമായ രോഗലക്ഷണങ്ങളോടെ പനി കൂടുതല്‍ സങ്കീര്‍ണ്ണമാകാന്‍ സാദ്ധ്യതയുണ്ട്.

  • മഞ്ഞപ്പിത്തം: ഹെപ്പറ്റൈറ്റിസ് എ, ഇ തുടങ്ങിയ മഴക്കാല രോഗങ്ങളുടെ രോഗാണുക്കള്‍ വെള്ളത്തിലാണ് കാണപ്പെടുന്നത്. മൂത്രത്തിനും കണ്ണിനുമുണ്ടാകുന്ന മഞ്ഞനിറം തുടങ്ങിയ പ്രധാന രോഗലക്ഷണത്തോടൊപ്പം വിശപ്പില്ലായ്മ, വയറുവേദന, പനി, ഛര്‍ദ്ദിയും ഉണ്ടാകാം. രക്തപരിശോധനയിലൂടെ രോഗം നിര്‍ണ്ണയം നടത്തി ചിത്സതേടണം. വൈകിയാല്‍ ജീവന് തന്നെ ഭീഷണിയായെന്നുവരാം.

  • ടൈഫോയ്ഡ്: ഇടവിട്ട പനി, വിശപ്പില്ലായ്മ തുടങ്ങിയവയാണ് പ്രകടമായ രോഗ ലക്ഷണങ്ങള്‍. രക്തപരിശോധനയിലൂടെ രോഗം നിര്‍ണ്ണയിച്ച് ചികിത്സ തേടാം.

  • കോളറ: ആഹാരത്തില്‍ക്കൂടിയും വെള്ളത്തില്‍ക്കൂടിയും പകരുന്ന രോഗമാണ് കോളറ. പനിക്കൊപ്പം കടുത്ത ഛര്‍ദ്ദിയും, വയറിളക്കവുമുണ്ടാകും. രോഗി തളര്‍ച്ചയും ക്ഷീണവുമുണ്ടാകാം. സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കണം.

  • വളംകടി: ചെളിവെള്ളത്തിലൂടെ നടക്കുമ്പോള്‍ വിരലുകള്‍ക്കിടയിലുള്ള ത്വക്കില്‍ അണുബാധയാല്‍ അസഹ്യമായ ചൊറിച്ചിലിനോടൊപ്പം പഴുക്കുകയും ചെയ്യും. എപ്പോഴും ചെരുപ്പ് ഉപയോഗിക്കുകയാണ് പ്രതിവിധി. പുറത്തു പോയി വന്നാലുടന്‍ ചൂടുവെള്ളത്തില്‍ അല്‍പ്പം മഞ്ഞള്‍ കല്ലുപ്പ് എ്ന്നിവ ഇട്ട് കാല്‍ കഴുകണം.

Similar News