ഇന്ന് മൂഡ് ഔട്ടാണോ? ഇതാ മനസിന് ഉണർവ് നല്കാൻ 7 വഴികൾ

Update: 2019-04-21 03:41 GMT

ഇന്നത്തെ ദിവസം നിങ്ങൾക്കെങ്ങനെയായിരുന്നു? ചിലപ്പോൾ ട്രെയിൻ മിസ്സായിക്കാണും. അതല്ലങ്കിൽ ചിലപ്പോൾ ആരെങ്കിലുമായി കടുത്ത തർക്കമുണ്ടായിക്കാണും. ഓഫീസിൽ വളരെ മോശം ദിവസമായിരുന്നിരിക്കും ചിലപ്പോൾ. ഇങ്ങനെ നൂറുകൂട്ടം പ്രശ്നങ്ങൾ തലയിലേറ്റിക്കൊണ്ടാണ് പലരും വീട്ടിലെത്തുക. ഇത് വീട്ടിലും ചില പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട്.

അതുകൊണ്ടു തന്നെ, വൈകുന്നേരം നിങ്ങൾ നിങ്ങളുടെ ഏറ്റവും നല്ല മൂഡിലാണെന്ന് ഉറപ്പുവരുത്തണം. നിങ്ങളുടെ മനസിന് സന്തോഷം നല്കാൻ നിങ്ങൾക്കു മാത്രമേ കഴിയൂ. വീട്ടിലെത്തിക്കഴിഞ്ഞാൽ ഇക്കാര്യങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കൂ.

ചൂടു വെള്ളത്തിലൊരു കുളിയായാലോ

സ്ട്രെസ് നമ്മുടെ പേശികൾ ഇറുകിപ്പിടിക്കുന്നതിന് കാരണമാവുന്നു. അതുകൊണ്ടുതന്നെ ചൂടുവെള്ളത്തിൽ കുളിക്കുന്നത് പേശികൾ അയയുന്നതിനും വളരെ നേരം ഇരുന്നു ജോലി ചെയ്യുന്നതുകൊണ്ടുള്ള ശാരീരിക ആയാസം കുറക്കുന്നതിനും സഹായിക്കും.

പാട്ടു കേൾക്കാം

ധാരാളം ഓൺലൈൻ സ്ട്രീമിംഗ് സേവങ്ങൾ ഇപ്പോൾ ഫോണിൽ ലഭ്യമായതിനാൽ നിങ്ങളുടെ താല്പര്യത്തിനനുസരിച്ചുള്ള സംഗീതം തെരഞ്ഞെടുക്കുക എളുപ്പമാണ്. സമ്മർദം കുറക്കുന്നതിൽ സംഗീതത്തിനുള്ള എത്രമാത്രം കഴിവുണ്ടെന്ന് ആരും നമുക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ.

അല്പം കോമഡി കേട്ടു ചിരിക്കാം

നിങ്ങൾക്കിഷ്ടമുള്ള കോമഡി ഷോകളോ അല്ലെങ്കിൽ സിനിമ കോമഡി സീനുകളോ കണ്ട് മനസുതുറന്ന് ഒന്നു ചിരിച്ചു നോക്കൂ.ദേഷ്യവും വിഷമവും നിങ്ങളെ വിട്ട് പോകുന്നത് കാണാം.

വ്യായാമം, മെഡിറ്റേഷൻ

യോഗയോ മറ്റ് വ്യായാമ രീതികളോ ഒന്നു ചെയ്തു നോക്കൂ. വർക്ക് ഔട്ട് സ്ട്രെസ് ലെവൽ കുറക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പറ്റുമെങ്കിൽ ഇത് നിത്യജീവിതത്തിന്റെ ഭാഗമാക്കാവുന്നതേ ഉള്ളൂ.വ്യായാമത്തിന് ശേഷം അല്പം മെഡിറ്റേഷനുമാവാം.

സുഗന്ധ എണ്ണകൾ

ആശങ്കകൾ അകലാൻ അരോമ തെറാപ്പിസ്റ്റുകൾ നിർദേശിക്കുന്നത് ഓറഞ്ച് അല്ലെങ്കിൽ ലാവണ്ടർ ഓയിലുകളാണ്. ഇതല്പം വീട്ടിൽ സൂക്ഷിക്കാം.

വീട് വൃത്തിയാക്കുക

ചില വീടുകളിലേക്ക് കയറിച്ചെല്ലുമ്പോൾ തന്നെ നമുക്ക് അസ്വസ്ഥത തോന്നാറില്ലേ. പുസ്തകം, ഭക്ഷണം, മുഴിഞ്ഞ വസ്ത്രങ്ങൾ എന്നിവ വലിച്ചു വാരിയിടുന്നതാണ് ഇതിന് കാരണം. വീട് വൃത്തിയായിരുന്നാൽ അവിടെ താമസിക്കുന്നവരുടെ മാത്രമല്ല സന്ദശകരുടെയും മാനസിക ആരോഗ്യം നിലനിർത്താനാകും. അതുകൊണ്ടു വീട് അല്ലെങ്കിൽ നിങ്ങളുടെ മുറി ചപ്പുചവറുകൾ മാറ്റി അടുക്കി വൃത്തിയാക്കി വെക്കുക.

ചോക്കലേറ്റ് കഴിക്കാം

ചോക്കലേറ്റ് കഴിക്കുന്നത് എൻഡോർഫിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കാൻ സഹായിക്കും. നിങ്ങളെ സന്തോഷിപ്പിക്കാനുള്ള കഴിവുള്ളതാണ് ഈ ഹോർമോൺ. ചോക്കലേറ്റ് തെരഞ്ഞെടുക്കുമ്പോൾ ഡാർക്ക് ചോക്കലേറ്റ് വങ്ങാൻ ശ്രദ്ധിക്കണം. മാത്രമല്ല 70 ശതമാനവും കൊക്കോ സോളിഡ്‌സ് ഉള്ള ചോക്കലേറ്റ് ആണെങ്കിൽ കൂടുതൽ നല്ലത്.

ഇതു മാത്രമല്ല, ഒന്നാലോചിച്ചാൽ നിരവധി വഴികളുണ്ട് നമ്മുടെ മനസിനെ ഉന്മേഷപ്രദമാക്കാൻ. ഇഷ്ടമുള്ള പുസ്തകം വായിക്കാം. മുറി അലങ്കരിക്കാം. ചെറിയൊരു ഷോപ്പിംഗ് നടത്താം. അല്പം കുക്കിംഗ് പരീക്ഷിക്കാം അങ്ങനെ പലതും. ഇതിൽ നമുക്ക് യോജിച്ചതേതെന്ന് കണ്ടുപിടിക്കുകയേ വേണ്ടൂ.

Similar News