കഴുത്ത് വേദനയ്ക്ക് പരിഹാരമുണ്ട്; ഈ ലഘുവ്യായാമങ്ങള്‍ ചെയ്യൂ

Update: 2019-08-10 12:30 GMT

ദീര്‍ഘനേരം വണ്ടിയോടിക്കുന്നത് മുതല്‍ കിടന്നുകൊണ്ടു ടിവി കാണല്‍, കിടന്നുവായന, ദീര്‍ഘദൂരം യാത്ര ചെയ്യല്‍ ഇതൊക്കെ കഴുത്തിന് വേദനയുണ്ടാക്കുന്ന കാര്യങ്ങളാണ്. ഇരിപ്പു ശരിയായ രീതിയിലാക്കിയാല്‍ തന്നെ കഴുത്തിന്റെ വേദനകള്‍ പമ്പകടക്കും.

നടുവും തലയും നിവര്‍ത്തി വേണം കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കാന്‍. കഴുത്ത് വേദന അകറ്റാന്‍ ചില ലഘു യോഗ ടിപ്‌സ് ഉണ്ട്. ഇതാ കഴുത്ത് വേദന അകറ്റാനുള്ള മാര്‍ഗങ്ങള്‍.

കഴുത്തിന്റെ ഭാഗത്തുള്ള അസ്ഥികള്‍ക്കു വേദന വരാതിരിക്കാനും ചലനശേഷി നിലനിര്‍ത്താനും വ്യായാമങ്ങളും വേണ്ടിവരും. നേരെ നോക്കി നില്‍ക്കുക, ശരീരം തിരിക്കാതെ മുഖം ഇടത്തേക്കും വലത്തേയ്ക്കും മുകളിലേയ്ക്കും താഴേയ്ക്കും സാവധാനം ചലിപ്പിക്കുക. തല ഇടത്തേ തോളിലേക്ക് ചരിച്ചു ചെവി തോളില്‍ മുട്ടിക്കുക. ഇതുതന്നെ വലതു തോളിനും ചെയ്യണം. ഇടത്തുനിന്നു വലത്തോട്ടും വലത്തുനിന്നും ഇടത്തോട്ടും ഇരുദിശയിലും തലകൊണ്ട് വൃത്തം വരയ്ക്കുന്നതുപോലെ സാവധാനം വട്ടം കറക്കുക. താടിയെല്ല് നെഞ്ചില്‍ തൊട്ടുവേണം പോകാന്‍. പലതവണ ആവര്‍ത്തിക്കാം.

വേദന വരാതെ കഴുത്തിലെ പേശികളെ ശക്തിപ്പെടുത്താന്‍ ലളിതമായ ചില വ്യായാമങ്ങളും ഉണ്ട്. കൈവിരലുകള്‍ കോര്‍ത്ത് തലയ്ക്കു പുറകില്‍ ചേര്‍ത്തു പിടിക്കണം. കൈവെള്ളയും തലയും പരസ്പരം ശക്തിയായി അമര്‍ത്തണം. ഈസ്ഥിതി കുറച്ചു സെക്കന്റുകള്‍ തുടരണം. പിന്നീട് മുഷ്ടി ചുരുട്ടി താടിയെല്ലിന്റെ താഴെ നിന്ന് മുകളിലേക്ക് അമര്‍ത്തി കുറച്ചു നേരം പിടിക്കണം. ഇരുകവിളുകളിലും ഇരു കൈവെള്ള കൊണ്ട് അമര്‍ത്തിപിടിക്കണം. വേദനയുള്ളപ്പോള്‍ വ്യായാമം ചെയ്യരുത്.

ഇവ സ്ഥിരമായി പ്രാക്ടീസ് ചെയ്താല്‍ കഴുത്തു വേദന വരാതെ നോക്കാം. 2019 ജൂണിലെ യോഗ ഡേയോടനുബന്ധിച്ച് ഇഷ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച യോഗ ക്ലാസിന്റെ അടിസ്ഥാന വിവരങ്ങളില്‍ തയ്യാറാക്കിയത്.

Similar News